ജോലി അന്വേഷിക്കുന്ന 90 ശതമാനം പേര്‍ക്കും അവരാഗ്രഹിക്കുന്ന ജോലി കിട്ടുന്നില്ല, കാരണം ഈ ആറ് തെറ്റുകള്‍, രാജ്യമെങ്ങും വൈറലായി മലയാളി ടെക്കിയുടെ പോസ്റ്റ്

Abhishe Nair
Abhishe Nair

തൊഴിലന്വേഷകര്‍ക്കും അവരുടെ സ്വപ്ന ജോലികള്‍ക്കും ഇടയിലുള്ള ഏറ്റവും വലിയ തടസ്സം അവര്‍ തന്നെയാണ്. ഉദ്യോഗാര്‍ത്ഥികളുടെ ചില തെറ്റുകളാണ് അവരെ ഇഷ്ട ജോലിയില്‍ നിന്നും അകറ്റുന്നതെന്ന് അഭിഷേക് പറയുന്നു.

കൊച്ചി: ജോലി അന്വേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്പെട്ട ജോലി ലഭിക്കുകയെന്ന് സ്വപ്‌നം മാത്രമാണ്. തങ്ങളുടെ ഇഷ്ട ജോലി തന്നെ ലഭിക്കുന്നത് അപൂര്‍വം ചിലര്‍ക്ക് മാത്രമാണെന്നാണ് മലയാളി ടെക്കിയും ഫ്രീലാന്‍സറുമായ അഭിഷേക് നായരുടെ അഭിപ്രായം. എന്തുകൊണ്ട് ഇഷ്ടജോലി ലഭിക്കുന്നില്ലെന്ന അഭിഷേകിന്റെ പോസ്റ്റ് ഇതിനകം വൈറലായിട്ടുണ്ട്.

തന്റെ വ്യക്തിപരമായ അനുഭവങ്ങളെയും റിക്രൂട്ടര്‍മാരുമായുള്ള ചര്‍ച്ചകളും അടിസ്ഥാനമാക്കി, അഭിഷേക് കാരണം വിശദീകരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്. ഇത് രാജ്യത്തുടനീളമുള്ള തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകുമെന്നാണ് പ്രതീക്ഷ.

അഭിഷേകിന്റെ അഭിപ്രായത്തില്‍, തൊഴിലന്വേഷകര്‍ക്കും അവരുടെ സ്വപ്ന ജോലികള്‍ക്കും ഇടയിലുള്ള ഏറ്റവും വലിയ തടസ്സം അവര്‍ തന്നെയാണ്. ഉദ്യോഗാര്‍ത്ഥികളുടെ ചില തെറ്റുകളാണ് അവരെ ഇഷ്ട ജോലിയില്‍ നിന്നും അകറ്റുന്നതെന്ന് അഭിഷേക് പറയുന്നു.

1. പ്രായോഗിക പരിചയം ഇല്ല

ആര്‍ക്കും വെബ്സൈറ്റുകളോ ആപ്പുകളോ നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു യുഗത്തില്‍, വ്യക്തമായ പ്രോജക്റ്റുകളില്ലാത്ത ഒരു റെസ്യൂമെ ഒരു വെല്ലുവിളിയാണെന്ന് അഭിഷേക് പറയുന്നു. ഫേസ്ബുക്കോ ട്വിറ്ററോ ഒന്നും നിര്‍മിക്കേണ്ടതില്ല. ഒരു കാല്‍ക്കുലേറ്റര്‍ ആപ്പുപോലും വേണ്ട. പകരം, എത്ര ചെറുതാണെങ്കിലും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന അര്‍ത്ഥവത്തായ പ്രോജക്ടുകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹം ഉദ്യോഗാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.

2. എല്ലാ ജോലികള്‍ക്കും അപേക്ഷിക്കുന്നു

യോഗ്യതയുള്ള എല്ലാ ജോലികള്‍ക്കും കൂട്ടത്തോടെ അപേക്ഷിക്കുന്നത് മികച്ച തന്ത്രമല്ല. അത് നിരാശയാണ് വരുത്തിവെക്കുക. പകരം, പ്രസക്തമായ റോളുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങളോടും മൂല്യങ്ങളോടും ആത്മാര്‍ത്ഥമായി താല്‍പ്പര്യമുള്ളതും യോജിക്കുന്നതുമായ ജോലികള്‍ക്ക് മാത്രം അപേക്ഷിക്കുക. നിങ്ങള്‍ അപേക്ഷിക്കുന്ന നിര്‍ദ്ദിഷ്ട കമ്പനിയുടെയും റോളിന്റെയും ആവശ്യകതകളും ആവശ്യങ്ങളും പൊരുത്തപ്പെടുത്തുന്ന റെസ്യൂമെ തയ്യാറാക്കുക.

3. ഇന്‍വിസിബിള്‍ പേഴ്‌സണല്‍ ബ്രാന്‍ഡ്

ഒരു സ്വകാര്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടോ, വളരെ കുറച്ച് കണക്ഷനുകളുള്ള ഒരു ലിങ്ക്ഡ്ഇന്‍ പ്രൊഫൈലോ മാത്രമാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ റിക്രൂട്ടര്‍മാരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഇന്‍വിസിബിളാണ്. ഇത് മറികടക്കാന്‍ നിങ്ങളുടെ ജോലി പരസ്യമായി പങ്കിടുക. പ്രോജക്റ്റുകള്‍, നേട്ടങ്ങള്‍, കഴിവുകള്‍ ഇവയെല്ലാം പൊതുവായി പ്രദര്‍ശിപ്പിക്കുക. നിങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് എഴുതുക, യാത്രകള്‍ പങ്കുവെക്കുക.

4. നെറ്റ്വര്‍ക്കിംഗ് ഗെയിം ഇല്ല

ജോലി അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ നെറ്റ്വര്‍ക്കിംഗ് നിര്‍ണായകമാണ്. മിക്ക ജോലികളും കോള്‍ഡ് ആപ്ലിക്കേഷനുകളേക്കാള്‍, റഫറലുകള്‍ ഉള്ളവയേയാണ് പരിഗണിക്കുന്നത്. അവഗണിക്കപ്പെട്ടാലും, സ്ഥിരോത്സാഹത്തോടെ ബന്ധപ്പെടുന്നത് തുടരുന്നത് മുന്നേറ്റങ്ങള്‍ക്ക് കാരണമാകും.

5. ബസ്വേഡ് ഓവര്‍ലോഡ്

റെസ്യൂമുകളില്‍ സെല്‍ഫ് മോട്ടിവേറ്റഡ്, ഹാര്‍ഡ് വര്‍ക്കിംഗ് എന്നൊക്കെ അവകാശപ്പെടുമ്പോഴും റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഇതിന് വ്യക്തമായ തെളിവുകള്‍ വേണം. നിങ്ങള്‍ പരിഹരിച്ച പ്രശ്നങ്ങളിലും ഉണ്ടാക്കിയെടുത്ത സ്വാധീനവുമെല്ലാം തെളിയിക്കണം. ക്ലീഷേകള്‍ക്ക് പകരം വസ്തുതകളാണ് സംസാരിക്കേണ്ടത്. അമിതമായി ഉപയോഗിക്കുന്ന വാക്കുകളെ ആശ്രയിക്കുന്നതിനുപകരം, നേട്ടങ്ങള്‍ പ്രകടിപ്പിക്കാന്‍ വ്യക്തമായ ഡാറ്റയും മെട്രിക്‌സും ഉപയോഗിക്കുക.

6. പെര്‍ഫെക്ട് ജോലിക്കായുള്ള കാത്തിരിപ്പ്

പൂര്‍ണതയുള്ള ജോലിക്കായി കാത്തിരിക്കരുത്. അത് വലിയ തെറ്റായിത്തീര്‍ന്നേക്കാം. മികച്ച അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്കല്ല അവസരം വരുമ്പോള്‍ അത് ഉപയോഗപ്പെടുത്തുന്നവര്‍ക്കാണ് കരിയറില്‍ ഉയര്‍ച്ചയുണ്ടാവുക. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കരിയറിന്റെ ചുമതല ഏറ്റെടുക്കുന്നതുമെല്ലാം സ്വന്തം ഉത്തരവാദിത്തമാണ്.

അഭിഷേക് നായരുടെ ഉപദേശം സോഷ്യല്‍ മീഡിയയിലുടനീളം പലവിധത്തിലുള്ള പ്രതികരണത്തിന് ഇടയാക്കി. അദ്ദേഹത്തിന്റെ കുറിപ്പ് ശരിവെക്കുന്ന രീതിയിലാണ് കൂടുതല്‍പേരും പ്രതികരിച്ചത്. നിശ്ചലമായി നില്‍ക്കാതെ സ്ഥിരോത്സാഹം കാണിക്കണമെന്നണ് ഒരാളുടെ പ്രതികരണം. കഴിവുകളാല്‍ നിറഞ്ഞ ഒരു തൊഴില്‍ വിപണിയില്‍, ശരിയായ കഴിവുകള്‍ മാത്രം പോരാ അവ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും അറിയേണ്ടതുണ്ട്.

 

Tags