യുകെയില്‍ പഠിക്കുകയും ജോലി ചെയ്യുകയും വേണോ? ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

kerala students
kerala students

കൊച്ചി: മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി മലയാളി കൗമാരക്കാരും യുവാക്കളുമെല്ലാം യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം പഠനവും ജോലിയും തേടിപ്പോകുന്ന കാലമാണിത്. പഠനത്തോടൊപ്പം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നും അതുകൊണ്ട് ഫീസടക്കാമെന്നും കരുതി ഒട്ടേറെപ്പേര്‍ വിദേശങ്ങളിലേക്ക് പോകുന്നു.

tRootC1469263">

ഓരോ വര്‍ഷം കഴിയുന്തോറും വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പഠനത്തിനും ജോലിക്കുമൊപ്പം അവിടെ സ്ഥിരതാമസമാക്കുകയെന്ന ലക്ഷ്യമാണ് ഏവര്‍ക്കും. മികച്ച ശമ്പളം, ആഡംബര ജീവിതം, ലോകം കാണാനുള്ള അവസരം എന്നിവയെല്ലാം നാടുവിടുന്നവരുടെ സ്വപ്‌നമാണ്. എന്നാല്‍, നല്ലൊരു മുന്നൊരുക്കമില്ലാതെ വിദേശത്ത് പഠനത്തിന് പോയി പറ്റിക്കപ്പെടുന്നവരുണ്ട്. സാമ്പത്തിക ബാധ്യത കാരണം പഠനം പൂര്‍ത്തിയാക്കാതെ തിരിച്ചെത്തുന്നവരും ഏറെയാണ്.

വിദേശ സ്വപ്‌നവുമായി നാടുവിടാന്‍ ഒരുങ്ങുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് പറയുകയാണ് യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന കുഞ്ഞാലിക്കുട്ടി. യുകെയിലെ പഠനവും അതോടൊപ്പമുള്ള ജോലിയും ഫീസിനായി ആവശ്യമായിവരുന്ന തുകയെക്കുറിച്ചുമെല്ലാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വിശദമാക്കുന്നു.

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

വിദേശ വിദ്യാഭ്യാസം കാംക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്കായി.

ഉപദേശിക്കുകയാണെന്ന് കരുതരുത്. എന്നാലും ഇവിടെ വന്നു കിടന്നു പാടുപെടുന്ന പിള്ളേരുടെ ഒന്നിലധികം കഥകള്‍ കാണുകയും കേള്‍ക്കുകയും ചെയ്തത് കൊണ്ട് പറയുകയാണ്. ഇത് യുകെയിലെ മാത്രം കാര്യമാണ്. ഇതില്‍ പലതും മറ്റു രാജ്യങ്ങള്‍ക്കും കോമണ്‍ ആണെങ്കിലും ചില വ്യത്യാസങ്ങളുമുണ്ട്.

ആദ്യമായി, വിദേശ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങള്‍:

ഒരു ഇന്റര്‍നാഷണല്‍ എക്‌സ്‌പോഷര്‍ കിട്ടും, സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നതിന്റെ സുഖം അനുഭവിക്കാം, ഉത്തരവാദിത്തബോധമുണ്ടാകും, പണത്തെ കുറച്ചു കൂടി വിലവെയ്ക്കും, നല്ല സുഹൃദ് ബന്ധങ്ങളുണ്ടാകും, ഏറ്റവും എടുത്തുപറയേണ്ടത് കിണറ്റില്‍ നിന്നിറങ്ങി ലോകം കാണാനും മനസ്സിലാക്കാനും അവസരമുണ്ടാകും. ഇതെല്ലാം നിങ്ങളുടെ വ്യക്തിത്വവികാസത്തിന് ഉപകാരപ്പെടും. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ കിട്ടും. ആ സമയത്ത് ഫുള്‍ ടൈം ജോലി ചെയ്യാം, പഠനത്തിന് ചെലവായ തുകയും ചിലപ്പോള്‍ അതില്‍ കൂടുതലും ആ സമയത്ത് ഉണ്ടാക്കാം. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ നല്ലൊരു കമ്പനിയില്‍ വിസ സ്‌പോണ്‍സര്‍ഷിപ്പോടെ ജോലി കിട്ടാം, വര്‍ക്ക് വിസയില്‍ അഞ്ചു വര്‍ഷം തുടര്‍ന്നാല്‍ പെര്‍മനന്റ് റസിഡന്‍സിയും പിന്നെ ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ സിറ്റിസണ്‍ഷിപ്പും (നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍) കിട്ടാം. ഇതൊന്നുമില്ലെങ്കിലും നല്ല യൂണിവേഴ്സിറ്റികളില്‍ നിന്ന് നല്ല കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വേറെ വിദേശരാജ്യങ്ങളിലും തൊഴിലവസരമുണ്ടാകും.

അത്ര നല്ലതല്ലാത്ത കാര്യങ്ങള്‍:

നല്ല ചെലവുണ്ട്. ഫീസ് തന്നെ ഒരു പതിനഞ്ച് - ഇരുപത് ലക്ഷം വരും ഒരു വര്‍ഷത്തേക്ക്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ നിയമപരമായി അനുവാദമുള്ളൂ. അത് തന്നെ നല്ല ശാരീരികാധ്വാനമുള്ള പണികളാണ് മിക്കവാറും കിട്ടുക (വെയര്‍ഹൗസ്, കെയര്‍ഹോം etc). മിക്കവാറും മിനിമം വേജ് ജോലികളാകും. അതില്‍ നിന്ന് കിട്ടുന്ന കാശ് കൊണ്ട് ജീവിതച്ചെലവും പിന്നെ അത്യാവശ്യം ചെറിയ രീതിയില്‍ എന്റര്‌ടെയിന്മെന്റ്സും നടക്കും. ഫീസ് അടയ്ക്കാനൊന്നും കഴിയില്ല.
നിയമവിരുദ്ധമായി 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരുണ്ട്. കാഷ് ഡീലിങ്‌സ് ആണ് ഇത്. ഇതില്‍ നിങ്ങള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. കുറഞ്ഞ തുകയ്ക്ക് ജോലി ചെയ്യേണ്ടി വരും മിക്കപ്പോഴും. കൂടാതെ ഇത്തരം പണികള്‍ ചെയ്യിപ്പിക്കുന്നവര്‍ മിക്കവാറും ഏഷ്യക്കാരും മലയാളികളും ഒക്കെയാവും. പലപ്പോഴും കാശ് തരാതെ പറ്റിക്കുന്നവരും ഉണ്ട്. നിങ്ങള്‍ക്ക് പരാതിപ്പെടാനും കഴിയില്ല, കാരണം നിങ്ങള്‍ നിയമവിരുദ്ധമായ പണിയാന്‍ ചെയ്തത്. ഇപ്പോള്‍ ഹോം ഓഫീസ് ഇത്തരം പണികള്‍ ചെയ്യുന്നവരെ പിടികൂടാന്‍ കുറേക്കൂടി ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ കാണുന്നുണ്ട്. പിടികൂടപ്പെട്ടാല്‍ ഡീപോര്‍ട്ട് ചെയ്യും. അടച്ച ഫീസും മറ്റും പോയിക്കിട്ടും.

കാലാവസ്ഥയും ഭക്ഷണവുമൊക്കെ ആദ്യമാദ്യം പ്രശ്‌നമായിരിക്കും. പക്ഷെ മിക്കവാറും എല്ലാവരും അധികം താമസിയാതെ ഇതിനോടൊക്കെ പൊരുത്തപ്പെടും. കൂടാതെ പണ്ടത്തെപ്പോലെയല്ല, ഇപ്പോള്‍ യുകെയിലെ മിക്ക ചെറുനഗരങ്ങളില്‍ പോലും മലയാളി ഷോപ്പുകളും മറ്റുമുണ്ട്. നാട്ടിലെ എല്ലാ സാധനങ്ങളും വാങ്ങാന്‍ കിട്ടും.
ഫ്രീഡം മിസ് യൂസ് ചെയ്യാന്‍ എല്ലാ വിധ സ്വാതന്ത്ര്യവും വഴികളും ഉള്ള രാജ്യമാണ്. നിങ്ങളൊക്കെ മുതിര്‍ന്ന മനുഷ്യരാണ്. ഉചിതമെന്ന് തോന്നുന്നത് ചെയ്യുക. അല്ലാതെ ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല.

നിങ്ങള്‍ക്ക് പഠനത്തിലും കരിയറിലും വിജയിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

നല്ല യൂണിവേഴ്സിറ്റികളില്‍, നിങ്ങള്‍ക്ക് താല്പര്യമുള്ള കോഴ്സുകള്‍ക്ക് അഡ്മിഷന്‍ എടുക്കാന്‍ ശ്രമിക്കുക. അല്ലാതെ ഏജന്റ് പറയുന്ന യൂണിവേഴ്സിറ്റിയില്‍ അവര്‍ പറയുന്ന കോഴ്‌സ് എടുക്കാന്‍ നില്‍ക്കരുത്. ഏജന്റിന് അവര്‍ക്ക് കിട്ടുന്ന കമ്മീഷനില്‍ മാത്രമാകും താല്പര്യം. നിങ്ങളുടെ ഭാവിയില്‍ അവര്‍ക്കൊരു ഇന്റററസ്റ്റും ഇല്ലെന്ന സത്യം അംഗീകരിക്കുക.

നിങ്ങള്‍ ചേരാനുദ്ദേശിക്കുന്ന യൂണിവേഴ്സിറ്റിയില്‍ മുന്‍പ് ഇതേ കോഴ്‌സ് ചെയ്തിരുന്നവര്‍ ഒക്കെ ഇപ്പൊ എന്താണ് ചെയ്യുന്നതെന്ന് അന്വേഷിച്ചറിയുക. അവരുടെ എംപ്ലോയബിലിറ്റി ആണ് നിങ്ങളുടെ ഭാവി കരിയറിലേക്കുള്ള ഒരു ചൂണ്ടുപലക.

ഫീസ് അടയ്ക്കാനുള്ള തുക നാട്ടില്‍ നിന്ന് വരുന്നതിന് മുന്നേ കണ്ടുവെയ്ക്കുക. സ്റ്റുഡന്റ് ലോണ്‍, കടം, വീട് പണയം വെയ്പ് അങ്ങനെ എങ്ങിനെയെങ്കിലും നിങ്ങള്‍ക്ക് ഫീസടയ്ക്കാനുള്ള തുക കയ്യിലുണ്ടെന്ന് ഉറപ്പു വരുത്തുക. പാര്‍ട്ട്‌ടൈം ജോലി ചെയ്തു ഫീസടയ്ക്കാമെന്നുള്ള പദ്ധതി നടക്കാന്‍ പോകുന്നില്ല.
നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പിടിക്കപ്പെട്ടാല്‍ നിങ്ങളുടെ പഠനവും തീരും നാട്ടിലേക്ക് കേറ്റി വിടുകയും ചെയ്യും.
പഠനത്തില്‍ സര്‍വ്വശ്രദ്ധയും കൊടുക്കുക. കോഴ്‌സ് വര്‍ക്കും അസൈന്മെന്റും ഒക്കെ പാടുപെട്ടു തന്നത്താന്‍ ചെയ്യുക. ഇന്ത്യയിലെ ആളുകളെക്കൊണ്ട് ചെയ്യിച്ചു പിടിക്കപ്പെട്ടാല്‍ ചിലപ്പോള്‍ പഠനം അവിടെ നില്‍ക്കും. പരീക്ഷകള്‍ക്ക് തോല്‍ക്കാതിരിക്കുക. കാരണം ഒരിക്കല്‍ തോറ്റാല്‍ പിന്നെ ജയിച്ചാലും പോസ്റ്റ് സ്റ്റഡി വിസ കിട്ടാതിരിക്കാം. കോഴ്‌സ് കഴിഞ്ഞു നാട്ടിലേക്ക് വെറും കയ്യുമായി പോകേണ്ടി വരും.

നിങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് ആദ്യമേ മനസ്സിലുറപ്പിക്കുക. പഠിച്ച ഫീല്‍ഡില്‍ ഒരു കരിയര്‍ ആണോ അതോ എളുപ്പത്തില്‍ വര്‍ക്ക് വിസ കിട്ടാന്‍ വേണ്ടി കെയര്‍ഹോമില്‍ പണിയെടുക്കണോ എന്നത് പ്രധാനമാണ്. അതാണ് ഉദ്ദേശ്യമെങ്കില്‍ പഠനത്തിനെന്ന പേരില്‍ ഇത്രയും കാശ് ചെലവാക്കണോ എന്നത് ഒരു ചോദ്യമാണ്.

 

Tags