ക്ഷേമ പെന്‍ഷനിലെ കള്ളം പൊളിഞ്ഞു, കേരളവും കേന്ദ്രവും കൊടുക്കുന്ന കണക്കുകള്‍ പുറത്ത്

google news
Pension

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഉയര്‍ന്ന തുക കൃത്യമായി നല്‍കാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം യുഡിഎഫ് സര്‍ക്കാര്‍ കൊടുക്കാനുള്ള 18 മാസത്തെ പെന്‍ഷന്‍ കൊടുത്തു തീര്‍ത്തതിനൊപ്പം പെന്‍ഷന്‍ തുക രണ്ടിരട്ടിയിലധികം വര്‍ധിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാന വിജയത്തിന് കാരണം ക്ഷേമ പെന്‍ഷനുകളാണെന്ന് വിലയിരുത്തലുകളുണ്ടായിട്ടുണ്ട്. കൃത്യമായി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനായത് സര്‍ക്കാരിന് തുടര്‍വിജയമുണ്ടാക്കി. ഓരോ മാസവും കോടിക്കണക്കിന് രൂപയാണ് ക്ഷേമ പെന്‍ഷനുകള്‍ക്കായി വകയിരുത്തുന്നത്.

ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാരിന് സാധാരണക്കാരന്റെ കൈയ്യടി നേടിക്കൊടുത്തതോടെ ഇതിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് ബിജെപി അനുകൂല സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുക പതിവാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് നാമമാത്ര തുകയാണെന്നും അതുതന്നെ കൊടുക്കാറില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നു.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വകയാണെന്ന് ഇതേക്കുറിച്ച് അറിയാത്തവരോട് പ്രചരിപ്പിക്കുന്നവരുണ്ട്. വാര്‍ദ്ധക്യ, ഭിന്നശേഷി, വിധവാ, അവിവാഹിത, കര്‍ഷക പെന്‍ഷന്‍ തുകകള്‍ക്കുള്ള നാമമാത്ര തുക മാത്രമാണ് കേന്ദ്രത്തിന്റേതെന്നതാണ് വാസ്തവം.

കേരളത്തില്‍ വാര്‍ദ്ധക്യ പെന്‍ഷനര്‍ഹരായ 28.77 ലക്ഷം പേര്‍ക്കായി ഒരു മാസം ആകെ ചെലവഴിക്കുന്ന തുക 420.14 കോടി രൂപയാണ്. ഇതില്‍ 9.56 കോടി (2.3%) മാത്രമാണ് കേന്ദ്ര വിഹിതം. ആകെ 28.77 ലക്ഷം പേര്‍ക്ക് 1600 രൂപ വീതമാണ് പ്രതിമാസം ഈ വിഭാഗത്തില്‍ പെന്‍ഷന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. ഈ ഗുണഭോക്താക്കളില്‍ 3.7 ലക്ഷം (375820) പേര്‍ക്ക് മാത്രമാണ് കേന്ദ്രസഹായം. അതും വെറും 200 രൂപ വീതം.

13.66 ലക്ഷം ഗുണഭോക്താക്കളുള്ള വിധവാ പെന്‍ഷനായി ആകെ 207.36 കോടി ചെലവഴിക്കുന്നതില്‍ വെറും 6.15 കോടി മാത്രമാണ് കേന്ദ്ര വിഹിതം. അതായത് തുച്ഛമായ 3% തുക. എല്ലാവര്‍ക്കും മാസം 1600 രൂപ ലഭിക്കുന്ന വിധവാ പെന്‍ഷനില്‍ വെറും 300 രൂപ വീതം 2 ലക്ഷം (205299) പേര്‍ക്ക് മാത്രമാണ് തുച്ഛമായ കേന്ദ്രസഹായം.

4.09 ലക്ഷം പേര്‍ക്ക് നല്‍കുന്ന ഭിന്നശേഷി പെന്‍ഷനായി ആകെ വേണ്ടി വരുന്ന തുക 64.53 കോടി രൂപയാണ്. ഇതില്‍ 22.10 ലക്ഷം മാത്രമാണ് കേന്ദ്രസഹായം. അതായത് വെറും 0.3% മാത്രം. 1600 രൂപ വീതം എല്ലാവര്‍ക്കും ലഭിക്കുന്നതില്‍ കേവലം 7368 പേര്‍ക്ക് മാത്രം 500 രൂപയാണ് കേന്ദ്രം നല്‍കുന്നത്.

അതായത് ഈ മൂന്ന് വിഭാഗങ്ങളിലുമായി ആകെയുള്ള 46.52 ലക്ഷം ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്ക് മാത്രമാണ് നാമമാത്രമായ കേന്ദ്ര വിഹിതം ലഭിക്കുന്നത്. ബാക്കിയുള്ള മുഴുവന്‍ ബാധ്യതയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. നാമമാത്രമായ രീതിയില്‍ ലഭിക്കുന്ന ഈ കേന്ദ്രവിഹിതം തന്നെ പല തവണത്തേതായി 580 കോടി രൂപ കുടിശ്ശികയുമാണ്.

3.51 ലക്ഷം പേര്‍ക്ക് നല്‍കുന്ന കര്‍ഷക പെന്‍ഷനായി 55.17 കോടി രൂപ ചെലവുവരുന്നതില്‍ മുഴുവന്‍ തുകയും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. കേന്ദ്രവിഹിതം പൂജ്യമാണ്.

85434 അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന് 13.34 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിലും കേന്ദ്രവിഹിതം പൂജ്യമാണ്.
ഇത്തരത്തില്‍ കേരളത്തില്‍ മൊത്തം 50 ലക്ഷം (5090390) ഗുണഭോക്താകള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ആകെ ചെലവാകുന്ന തുക 760.56 കോടിയാണ്. ഇതില്‍ 744.62 കോടി രൂപയും നല്‍കുന്നത് കേരളത്തിലെ സര്‍ക്കാരാണ്. കേവലം 15.94 കോടി (2%) മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

അതായത് കേരളത്തില്‍ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുകയുടെ 98% ബാധ്യതയും സംസ്ഥാന സര്‍ക്കാരിനാണ്.
ഇതിനും പുറമെ, സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന പെന്‍ഷന്‍ നല്‍കുന്നതിന് 2023 മേയ് മാസത്തില്‍ 6.7 ലക്ഷം (674245) ഗുണഭോക്താകള്‍ക്കായി 105.79 കോടി രൂപയും ജൂണ്‍ മാസത്തില്‍ 6.7 ലക്ഷം (676340) ഗുണഭോക്താക്കള്‍ക്കായി 106.11 കോടി രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.

ഇന്ത്യയില്‍ ഏറ്റവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത് കേരളത്തിലാണ്. അതിന്റെ 98% വിഹിതവും കണ്ടെത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയുമാണ്. കേന്ദ്രത്തിന് ഇതില്‍ മേനി നടിക്കാന്‍ ഒന്നും തന്നെയില്ല. നാമമാത്രമായ കേന്ദ്ര വിഹിതം, പെന്‍ഷന്‍ നല്‍കാന്‍ വേണ്ട തുകയുടെ വെറും 2% മാത്രമാണ്.

 

Tags