സ്‌കൂളില്‍ കുട്ടികളുടെ ഓണാഘോഷം ഇല്ലാതാക്കുന്നത് എന്തിനുവേണ്ടി? പരീക്ഷ ഷെഡ്യൂള്‍ മാറ്റിയത് തിരുത്തുമോ?

Onam Celebration

പരീക്ഷാ ടൈംടേബിളില്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തിയതാണ് തിരിച്ചടിയായത്. ടൈംടേബിള്‍ പ്രകാരം സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്ന ദിവസമാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ.

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണാഘോഷം മുടക്കുന്ന രീതിയില്‍ പരീക്ഷ ഷെഡ്യൂള്‍ മാറ്റിയതിനെതിരെ പ്രതിഷേധം. പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഓണാഘോഷത്തിനായി മാറ്റിവെച്ച ദിവസവും പരീക്ഷ നടത്തും.

പരീക്ഷാ ടൈംടേബിളില്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തിയതാണ് തിരിച്ചടിയായത്. ടൈംടേബിള്‍ പ്രകാരം സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്ന ദിവസമാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ. ആഗസ്ത് 21ന് എട്ടാം ക്ലാസിന്റെ മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ നടത്താനാണ് തീരുമാനം. നേരത്തെ ആഗസ്ത് 20ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയാണ് പുതിയ ടൈംടേബിള്‍ പ്രകാരം 21ലേക്ക് മാറ്റിയത്.

പരീക്ഷകള്‍ 13ന് ആരംഭിച്ച് 20ന് പൂര്‍ത്തിയാക്കുന്ന രീതിയിലാണ് നേരത്തെ ടൈംടേബിള്‍ നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം 21ന് ഓണാഘോഷം നടത്താനായിരുന്നു ആലോചന. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയത്ത് പരീക്ഷ നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന വിമര്‍ശനം ഉയര്‍ന്നതാണ് പരീക്ഷ നീട്ടിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

എന്നാല്‍, പുനഃക്രമീകരിച്ചപ്പോള്‍ ഓണാഘോഷം നടക്കുന്ന ദിവസം തന്നെ പരീക്ഷയുമെഴുതേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. ഒന്നരമണിക്കൂറാണ് പരീക്ഷാസമയം. ഇതിനിടെ ഓണാഘോഷപരിപാടികള്‍ എങ്ങനെ നടത്തുമെന്നാണ് ആശങ്കയുയരുന്നത്. 

Tags