വിവാഹക്കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും മലയാളി പെണ്‍കുട്ടികള്‍ക്കില്ല, ഭര്‍തൃവീട്ടിലെ പീഡനവും മരണവും പെരുകുന്നതിന്റെ കാരണക്കാര്‍ സ്വന്തം മാതാപിക്കളും

dowry

അറേഞ്ച്ഡ് മാരേജുകളാണ് കേരളത്തില്‍ ഭൂരിഭാഗവും. സ്വന്തമായി തീരുമാനിക്കുന്ന ലവ് മാരേജുകള്‍ക്ക് പോലും കുടുംബാനുമതി ആവശ്യമാണ്. പെണ്‍കുട്ടികള്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പരിമിതം.

വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ പോലും ഭര്‍തൃവീട്ടിലെ പീഡനങ്ങളെത്തുടര്‍ന്ന് ജീവനൊടുക്കുന്ന സാഹചര്യം കേരളത്തില്‍ പതിവായിരിക്കുന്നു. മലയാളികളുടെ സാമൂഹികാന്തരീക്ഷത്തില്‍ അടുത്ത കാലത്തായി വലിയ ചര്‍ച്ചയായ വിഷയമാണിത്.

ഉയര്‍ന്ന സാക്ഷരത, ലിംഗാനുപാതം, വിദ്യാഭ്യാസ നേട്ടങ്ങള്‍ എന്നിവയ്ക്ക് കേരളം പ്രശസ്തമാണെങ്കിലും, വിവാഹത്തിനു ശേഷമുള്ള സ്ത്രീകളുടെ ജീവിതസാഹചര്യത്തില്‍  ഇത് പ്രതിഫലിക്കുന്നില്ല. സ്ത്രീധനം, ഭര്‍തൃവീട്ടിലെ ക്രൂരത, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍ എന്നിവ ഇപ്പോഴും നിലനില്‍ക്കുന്നു. പല സന്ദര്‍ഭങ്ങളിലും സ്വന്തം മാതാപിതാക്കള്‍ തന്നെ പ്രശ്‌നങ്ങളുടെ ഭാഗമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

സ്ത്രീധനം നിയമവിരുദ്ധമാണെങ്കിലും ഇത് വ്യാപകമായി തുടരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. World Bank പഠനമനുസരിച്ച്, 1960-2008 കാലയളവില്‍ ഗ്രാമീണ ഇന്ത്യയിലെ 95% വിവാഹങ്ങളില്‍ സ്ത്രീധനം ഉണ്ടായിരുന്നു.

2024-ല്‍ ഇന്ത്യയില്‍ 5,737 സ്ത്രീധന മരണങ്ങള്‍ (ദിവസേന 16) റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ചില വര്‍ഷങ്ങളില്‍ 25 വരെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ സ്ത്രീധനം കൊടുക്കുന്നത് ഉയര്‍ന്നു. സ്വര്‍ണം, കാര്‍, ഭൂമി, പണം എന്നിവ ആവശ്യപ്പെടുന്നത് സാധാരണമായി.

അറേഞ്ച്ഡ് മാരേജുകളാണ് കേരളത്തില്‍ ഭൂരിഭാഗവും. സ്വന്തമായി തീരുമാനിക്കുന്ന ലവ് മാരേജുകള്‍ക്ക് പോലും കുടുംബാനുമതി ആവശ്യമാണ്. പെണ്‍കുട്ടികള്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പരിമിതം.

മാതാപിതാക്കള്‍ക്ക് മകള്‍ ഭാരം എന്ന മനോഭാവം ഉണ്ട്. ഇത് പിതൃമേല്‍ക്കോയ്മയുടെ തുടര്‍ച്ചയാണ്. ഭര്‍തൃവീട്ടില്‍ പ്രശ്‌നമുണ്ടായാല്‍ അവിടെത്തന്നെ തുടരാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നു. ഒടുവില്‍ ആത്മഹത്യയുടെ വഴിതേടാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത് തിരിച്ചുപോകാന്‍ ഇടമില്ലാത്തതുകൊണ്ടുകൂടിയാണ്.

പീഡന വിവരം അറിയിക്കുമ്പോള്‍ 'കുറച്ചൊക്കെ സഹിക്കണം', 'അഡ്ജസ്റ്റ് ചെയ്യണം' എന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വീണ്ടും അതേ നരകത്തിലേക്ക് തിരിച്ചയക്കുന്നു. മകള്‍ വിവാഹമോചിതയായി നാട്ടില്‍ നില്‍ക്കുന്നത് കുടുംബത്തിന് മാനക്കേടാണെന്ന് മാതാപിതാക്കള്‍ കരുതുന്നതാണ് ഇതിന് കാരണം. 'നാട്ടുകാര്‍ എന്തുപറയും?' എന്ന ചോദ്യത്തിന് മകളുടെ ജീവനേക്കാള്‍ വില കല്‍പ്പിക്കപ്പെടുന്നു.

പരിഹാര മാര്‍ഗ്ഗങ്ങള്‍

നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ നിയമങ്ങള്‍ക്കപ്പുറം വലിയൊരു സാമൂഹിക മാറ്റം അനിവാര്യമാണ്. 

വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി ഒരു തൊഴിലും വരുമാനവും ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മറച്ചുവെക്കാതെ പ്രതികരിക്കാനും നിയമസഹായം തേടാനും പെണ്‍കുട്ടികളെ പ്രാപ്തരാക്കുക.

തിരിച്ചുവരാന്‍ വാതിലുകള്‍ തുറന്നിടുക, പീഡനം സഹിച്ച് അവിടെ കഴിയുന്നതിനേക്കാള്‍ നല്ലത് മടങ്ങിവരുന്നതാണ് എന്ന് മകളോട് പറയാന്‍ മാതാപിതാക്കള്‍ക്ക് ധൈര്യമുണ്ടാകണം. 
വിവാഹ ധൂര്‍ത്ത് ഒഴിവാക്കുക, സ്ത്രീധനത്തിന് നല്‍കുന്ന പണം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനോ സമ്പാദ്യത്തിനോ വേണ്ടി ഉപയോഗിക്കുക.

സ്ത്രീധന നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കുക.
വിവാഹത്തിന് മുന്‍പ് കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കുക.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രാഷ്ട്രീയമോ ജാതിയോ നോക്കാതെ കര്‍ശന നടപടിയെടുക്കുക.

വിവാഹം എന്നത് ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് ഒരു ഭാഗം മാത്രമാണെന്ന് ഓരോ പെണ്‍കുട്ടിയെയും ബോധ്യപ്പെടുത്തണം. പീഡനങ്ങള്‍ സഹിക്കുന്നതിലല്ല, മറിച്ച് അതിനെതിരെ പ്രതികരിക്കുകയും അന്തസ്സോടെ ജീവിക്കുന്നതിലുമാണ് മഹത്വം. മക്കളെ ജീവനോടെ കാണാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ അവര്‍ക്ക് സമൂഹത്തിന്റെ മുന്‍പിലുള്ള മാനത്തേക്കാള്‍ വില നല്‍കണം.
 

Tags