ആശാ വര്‍ക്കേഴ്‌സിനും ക്ഷേമ പെന്‍ഷനും നല്‍കാന്‍ പണമില്ല, പിഎസ് സി അംഗങ്ങളുടേയും കെവി തോമസിന്റേയും കീശ കുത്തിനിറച്ച് സര്‍ക്കാര്‍, 50 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം, രണ്ടര ലക്ഷത്തോളം രൂപ പെന്‍ഷന്‍
ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കിയപ്പോള്‍ പിഎസ് സി അംഗങ്ങള്‍ക്കും ഒന്നര ലക്ഷത്തോളം രൂപ വര്‍ദ്ധനയുണ്ട്.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും വാരിക്കോരി ശമ്പളവും പെന്‍ഷനും. ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കിയപ്പോള്‍ പിഎസ് സി അംഗങ്ങള്‍ക്കും ഒന്നര ലക്ഷത്തോളം രൂപ വര്‍ദ്ധനയുണ്ട്.
tRootC1469263">നിലവില്‍, ചെയര്‍മാന് അടിസ്ഥാന ശമ്പളം 76000 രൂപയാണ്. വിവിധ അലവന്‍സുകള്‍ ഉള്‍പ്പടെ 2.26 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുക. അംഗങ്ങള്‍ക്ക് അടിസ്ഥാന ശമ്പളം 70000 രൂപയാണ്. അലവന്‍സ് ഉള്‍പ്പടെ ഇത് 2.23 ലക്ഷം രൂപ വരെ ലഭിക്കും.
ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷം രൂപയാക്കി. അംഗങ്ങളുടേത് 2.23 ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷവുമാക്കി. പെന്‍ഷനിലും വലിയ വര്‍ദ്ധനയുണ്ടാകും. 2.5 ലക്ഷത്തോളം രൂപ പെന്‍ഷന്‍ ലഭിക്കും. ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് പി.എസ്.സി ധനവകുപ്പിന് നല്‍കിയ കത്ത് അതേപടി അംഗീകരിക്കുകയായിരുന്നു.
വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കും.
21 അംഗങ്ങളുള്ള ജമ്പോ കമ്മിറ്റിയാണ് കേരള പി.എസ്.സി. നിയമനമെല്ലാം രാഷ്ട്രീയം നോക്കിയുള്ള വീതം വയ്ക്കല്‍. ഈ രാഷ്ട്രീയ സ്വാധീനമാണ് ശമ്പളവര്‍ദ്ധനവിന് ഇടയാക്കിയതും.
നിലവില്‍ സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം), എന്‍.സി.പി പ്രതിനിധികളാണ് പി.എസ്.സി മെമ്പര്‍മാര്‍. രാഷ്ട്രീയ നിയമനം നടക്കുന്ന ഒരു ബോര്‍ഡില്‍ ഇത്രയും ശമ്പളം വര്‍ദ്ധിപ്പിച്ചത് ജനങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
ഇത്രയേറെ അംഗങ്ങളും ആനുകൂല്യങ്ങളും എന്തിനാണെന്ന വിമര്‍ശനം നേരത്തെ സജീവമാണ്. അതിനിടെയാണ് വന്‍ തുക കൂട്ടുന്നത്. ഓണറേറിയം മുടങ്ങിയതിനും വര്‍ദ്ധനയ്ക്കും വേണ്ടി ആശാ വര്‍ക്കര്‍മാര്‍ ദിവസങ്ങളോളമായി സമരത്തിലാണ്. പക്ഷെ സാമ്പത്തിക ബാധ്യത പറഞ്ഞ് സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്.
ക്ഷേമ പെന്‍ഷന്‍ കുടിശികയും നല്‍കാനുണ്ട്. നാലു വര്‍ഷത്തോളമായി ഒരു രൂപ പോലും ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് ന്യായീകരണം. കൂടാതെ, ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായ കെവി തോമസിന്റെ യാത്രാ ബത്തയും കുത്തനെ ഉയര്‍ത്തി. 5 ലക്ഷം രൂപയാണ് ഇതുവരെ നല്‍കിയിരുന്നത്. ഇത് 11.31 ലക്ഷം രൂപയായി നല്‍കാനാണ് തീരുമാനം. ഓണറേറിയം ഇനത്തില്‍ വമ്പന്‍ തുക പ്രതിഫലമായി നല്‍കുന്നത് കൂടാതെയാണ് യാത്രാ ബത്തയും നല്‍കുന്നത്.
ചീഫ് സെക്രട്ടറിയുടെ എല്ലാ ആനുകൂല്യങ്ങളും പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കുമുണ്ട്. കുടുംബാംഗങ്ങളുടെ ചികിത്സ ഉള്‍പ്പെടെ സൗജന്യം. കാര്യമായ ജോലി അംഗങ്ങള്‍ക്കില്ല. കമ്മിഷന്‍ സിറ്റിംഗ്, വിവിധ കമ്മിറ്റികളില്‍ പങ്കെടുക്കല്‍, ഇന്റര്‍വ്യൂ, ഫയല്‍ നോക്കല്‍ ഇവയൊക്കെയാണ് അംഗങ്ങളുടെ ജോലി.
.jpg)


