ഗവര്‍ണര്‍ ആരാ മോന്, നാലു വര്‍ഷത്തിനിടെ ധൂര്‍ത്തടിച്ചത് മലയാളികളുടെ 45 കോടി രൂപ


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ ആഞ്ഞടിക്കാറുള്ള കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചുമതലയേറ്റ് നാലു വര്‍ഷത്തിനിടെ ചെലവഴിച്ചത് ഏകദേശം 45 കോടി രൂപ. മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം ഗവര്‍ണറായിരിക്കെ അഞ്ചുവര്‍ഷത്തിനിടെ ആകെ ചെലവഴിച്ചത് 31.5 കോടി രൂപ മാത്രയായിരുന്നു എന്നോര്‍ക്കണം.
പി സദാശിവത്തെ അപേക്ഷിച്ച് 11 കോടി 60 ലക്ഷം രൂപയാണ് നാല് വര്‍ഷത്തിനിടെ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് രാജ്ഭവന് അധികമായി ചെലവഴിച്ചത്. എല്ലാ ഇനത്തിലും തന്റെ മുന്‍ഗാമികളെ ഏറെ പിന്നിലാക്കുന്ന രീതിയിലുള്ള ധൂര്‍ത്താണ് ഗവര്‍ണറുടേതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 മുതല്‍ 2023 വരെയുള്ള നാല് വര്‍ഷത്തിനിടെ 44 കോടി 87 ലക്ഷം രൂപ ആരിഫ് മുഹമ്മദ് ഖാന് ചെലവഴിച്ചുകഴിഞ്ഞു.

യാത്രാ ചെലവുകള്‍ക്ക് പി സദാശിവം ഒരു കോടി 10 ലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന് ഇതിനകം തന്നെ ഒന്നരക്കോടിയിലേറെ രൂപ ഇതിനായി ചെലവഴിച്ചു. വര്‍ഷത്തില്‍ ഏറിയപങ്കും സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന ഗവര്‍ണര്‍ ഇടയ്ക്കിടെ ഡല്‍ഹി സന്ദര്‍ശിക്കുന്നതും പതിവാണ്.
അടുത്തിടെയാണ് ചായ സല്‍ക്കാരത്തിന് ഉള്‍പ്പെടെയുള്ള തുക വര്‍ധിപ്പിക്കണം എന്നുകാട്ടി രാജ്ഭവന് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. അതിഥി ചെലവുകള്‍ക്കുള്ള തുക 36 ഇരട്ടിയായും ടൂറിനായുള്ള തുക ആറര ഇരട്ടിയായും കൂട്ടണമെന്നായിരുന്നു ആവശ്യം. ആറിനങ്ങളിലായി നല്‍കേണ്ട 32 ലക്ഷം രൂപയ്ക്ക് പകരം 2.60 കോടി രൂപ തരണമെന്ന് രാജ്ഭവന് ആവശ്യപ്പെട്ടു.