ഇന്ത്യന്‍ കമ്പനിയുടെ എസ്എംഎ മരുന്ന് ഗുണനിലവാരമുള്ളത്, മാസങ്ങളായി ഉപയോഗിക്കുന്നു, രാഷ്ട്രീയം കളിച്ച് വിലക്കരുതെന്ന് രോഗ ബാധിത, എല്ലാ പ്രായക്കാര്‍ക്കും സൗജന്യമായി നല്‍കണം

Kerala govt

ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നാറ്റ്‌കോ ഫാര്‍മയ്ക്ക് റിസ്ഡിപ്ലാം ഇന്ത്യയില്‍ നിര്‍മ്മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ജനറിക് മരുന്ന് വിപണിയിലെത്തിയത്.

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ എസ്എംഎ ചികിത്സാസഹായ പദ്ധതിയില്‍ ജനറിക് റിസ്ഡിപ്ലാമിലേക്കുള്ള മാറ്റത്തെ അനുകൂലിച്ച് രോഗബാധിതയായ സെബ സലാം. ഇതുവരെ നല്‍കിവന്നിരുന്ന വിദേശ ബ്രാന്‍ഡ് മാറ്റി ഇന്ത്യന്‍ ജനറിക് മരുന്ന് നല്‍കാനുള്ള തീരുമാനം വിവാദമായി മാറിയിരുന്നു.

മാസങ്ങളോളം ഇന്ത്യന്‍ മരുന്ന് ഉപയോഗിച്ചിരുന്നെന്നും രണ്ട് ബ്രാന്‍ഡുകളും തമ്മില്‍ വ്യത്യാസം തോന്നിയില്ലെന്നും സെബ പറുന്നു. രോഗബാധിതരായ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കിവരുന്ന റിസ്ഡിപ്ലാം മരുന്ന്, റോഷിന്റെ യഥാര്‍ത്ഥ ബ്രാന്‍ഡായ ഇവ്രിസ്ഡിയില്‍ നിന്ന് ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോയുടെ ജനറിക് വേര്‍ഷനായ നാറ്റ്‌സ്മാര്‍ട്ടിലേക്ക് മാറ്റിയതിനെത്തുടര്‍ന്ന് രോഗികളുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയിരുന്നു. പ്രതിപക്ഷം ഇത് ഏറ്റെടുത്തതോടെ മരുന്ന് കമ്പനികളുടെ സ്വാധീനം മൂലമാണ് സര്‍ക്കാര്‍ തീരുമാനമെന്ന ആരോപണവും ഉയര്‍ന്നു.

ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നാറ്റ്‌കോ ഫാര്‍മയ്ക്ക് റിസ്ഡിപ്ലാം ഇന്ത്യയില്‍ നിര്‍മ്മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ജനറിക് മരുന്ന് വിപണിയിലെത്തിയത്. മുന്‍പ് ഒരു കുപ്പിക്ക് ആറ് ലക്ഷം രൂപയിലധികം എംആര്‍പി ഉണ്ടായിരുന്ന ഇവ്രിസ്ഡിക്ക് പകരം നാറ്റ്‌സ്മാര്‍ട്ട് 15,900 രൂപയ്ക്ക് ലഭ്യമായതോടെ സര്‍ക്കാര്‍ പദ്ധതിയിലും മാറ്റം വരുത്തിയെങ്കിലും, ഇതുവരെ സൗജന്യമായി ഇവ്രിസ്ഡി ലഭിച്ചിരുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ ഒരു വിഭാഗം തുടര്‍ന്നും അതേ മരുന്ന് തന്നെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

സെബ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

എസ്എംഎ (Spinal Muscular Atrophy) രോഗബാധിതര്‍ക്കുള്ള കേരളാ സര്‍ക്കാര്‍ ചികിത്സാസഹായ പദ്ധതിയിലെ മരുന്ന് (മരുന്നിന്റെ ബ്രാന്‍ഡ്) മാറ്റത്തില്‍, ഇതുവരെ സൗജന്യമായി മരുന്ന് ലഭിച്ചിരുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ആശങ്കയെ കുറിച്ചുള്ള വാര്‍ത്ത, രണ്ട് ദിവസങ്ങളായി പല ടിവി ചാനലുകളിലും ഓണ്‍ലൈന്‍ മീഡിയയിലൂടെയും കാണുന്നുണ്ട്. എസ്എംഎ രോഗചികിത്സക്കായുള്ള 'റിസ്ഡിപ്ലാം' എന്ന മരുന്ന് ഇന്ത്യയില്‍ എല്ലാ രോഗികള്‍ക്കും ലഭ്യമാക്കാന്‍ ശ്രമിച്ച ഒരു 'എസ്എംഎ രോഗി' എന്ന നിലയില്‍ എനിക്ക് ഈ വിഷയത്തെ കുറിച്ച് അല്പം കാര്യങ്ങള്‍ പൊതുസമൂഹത്തോട് ബോധിപ്പിക്കാനുണ്ട്. അതിനു വേണ്ടിയാണ് ഞാന്‍ ഈ കുറിപ്പ് ഇവിടെ എഴുതുന്നത്. എല്ലാവരും ദയവായി ഇത് വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡല്‍ഹി ഹൈക്കോടതി നാറ്റ്കോ ഫാര്‍മ എന്ന ഇന്ത്യന്‍ കമ്പനിക്ക് 'റിസ്ഡിപ്ലാം' എന്ന ഓറല്‍ മരുന്ന് ഇന്ത്യയില്‍ നിര്‍മ്മിച്ചു വില്‍പന നടത്താന്‍ അനുമതി നല്‍കിയത്. അതേ മാസം തന്നെ ഈ ജനറിക് മരുന്ന് 'Natsmart' എന്ന brand nameല്‍ ഇന്ത്യയില്‍ വിപണിയില്‍ ഓരോ കുപ്പിക്കും ?15,900 MRPയില്‍ ലഭ്യമായി തുടങ്ങി.

അതുവരെ ഓരോ കുപ്പിക്കും 6 ലക്ഷം രൂപയിലധികം MRP ഉണ്ടായിരുന്ന, Roche എന്ന സ്വിസ് കമ്പനി നിര്‍മ്മിക്കുന്ന, 'Evrysdi' എന്ന് brand nameല്‍ ഉള്ള റിസ്ഡിപ്ലാം മാത്രമാണ് ലഭ്യമായിരുന്നത്.

ഒക്ടോബര്‍ 17 മുതല്‍ ആണ് കേരളാ ഗവണ്‍മെന്റിന്റെ ചികിത്സാസഹായ പദ്ധതി വഴി ജനറിക് റിസ്ഡിപ്ലാം കുട്ടികള്‍ക്ക് ലഭ്യമായി തുടങ്ങിയതെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. 12 വയസ്സുവരെയുള്ള എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ സൗജന്യ മരുന്ന് ലഭിക്കുന്നത്. ജനറിക് മരുന്ന് വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട്, ഇതുവരെ സൗജന്യമായി മരുന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നും Evrysdi തന്നെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്, ഇന്ത്യയിലെ ഒരു കൂട്ടം എസ്എംഎ രോഗബാധിതരുടെ മാതാപിതാക്കളുടെ സംഘടനയായ CureSMA India യിലെ മരുന്ന് കിട്ടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ മാത്രം (ഓര്‍ഗനൈസേഷനിലെ അംഗങ്ങളായ മരുന്നൊന്നും കിട്ടാത്തവരുടെ മാതാപിതാക്കളെ അറിയിക്കാതെ) രഹസ്യമായി കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഗവണ്‍മെന്റിന് മരുന്ന് വാങ്ങുന്ന നടപടികള്‍ തുടരാം എന്ന് ആ കേസില്‍ സെപ്റ്റംബര്‍ 30ന് ഹൈക്കോടതി വിധി നല്‍കിയതാണ്. (ഓര്‍ഡറിന്റെ ചിത്രം ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്)

ഗവണ്‍മെന്റ് വിതരണം ചെയ്തുതുടങ്ങിയ മരുന്ന് കുപ്പിയില്‍ (എത്ര കുപ്പികളില്‍ എന്ന് അറിയില്ല) 'Physicians Sample/Clinical Trials Only' എന്ന് എഴുതിയിരിക്കുന്നതിനാല്‍ ഈ മരുന്ന് രോഗികളില്‍ പരീക്ഷിക്കുന്നതാണെന്ന് പറഞ്ഞു ഇന്നലെ നിരവധി പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. (വായിക്കുന്നവരെ കൂടുതല്‍ പേടിപ്പിക്കാനാവാം, അതില്‍ ചില പത്രപ്രവര്‍ത്തകര്‍ Clinical Trials എന്നുള്ളത് ആദ്യം എടുത്ത് എഴുതിയതായും ഞാന്‍ ശ്രദ്ധിച്ചു.)

നാറ്റ്കോ എന്ന കമ്പനി ഗവണ്‍മെന്റിന് ഒരു കുപ്പിക്ക് ?8,000 വീതം നിരക്കില്‍ മരുന്ന് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാറ്റ്കോ ഫ്രീ ആയി കൊടുക്കുന്ന (വില്‍പ്പനക്കല്ലാത്ത) ബോട്ടിലുകളില്‍ 'Physicians Sample/Clinical Trials Only' എന്ന ലേബല്‍ ഉണ്ടാവാറുണ്ട്. (ഫ്രീ ബോട്ടിലിന്റെ ലേബലിന്റെ ചിത്രവും എന്റെ സുഹൃത്തായ SMA രോഗബാധിത അയച്ചു തന്ന കാശ് കൊടുത്തുവാങ്ങുന്ന ബോട്ടിലിന്റെ ലേബലിന്റെ ചിത്രവും ഇവിടെ ചേര്‍ക്കുന്നു.)

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഞാന്‍ Natsmart ആണ് കഴിക്കുന്നത്. എന്റെ പ്രായം കാരണം എനിക്ക് കേരള സര്‍ക്കാര്‍ പദ്ധതി പ്രകാരം മരുന്ന് ലഭിച്ചില്ല. ഞാന്‍ മരിക്കാറായ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ ആണ് 2023 ഡിസംബറില്‍ കോടതിയെ സമീപിച്ചത്, അന്നുമുതല്‍ ഞാന്‍ പോരാടുകയാണ്.. കോടതിയുടെ ഇടപെടല്‍ കാരണം, മുന്‍പ് കേന്ദ്ര ഗവണ്‍മെന്റിന്റെ പരിമിതമായ ഫണ്ട് വഴിയും Rocheന്റെ patient support program വഴിയും ഞാന്‍ രണ്ട് വര്‍ഷത്തോളം Evrysdi കഴിച്ചിരുന്നു. ജനറിക് മരുന്ന് ഇന്ത്യയില്‍ വന്നാല്‍ എല്ലാ രോഗികള്‍ക്കും മരുന്ന് കിട്ടുമല്ലോ എന്ന് ചിന്തിച്ചിരുന്നതിനാല്‍, മരുന്നിന്റെ പേറ്റന്റ് ലംഘനത്തെ സംബന്ധിച്ചുള്ള Roche നാട്‌കോക്ക് എതിരെ ഡല്‍ഹി ഹൈ കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസില്‍, രോഗബാധിതരെ പ്രതിനിധീകരിച്ച്, എതിര്‍കക്ഷിയായി ഞാന്‍ ശക്തമായി തന്നെ തുടര്‍ന്നു.

കഴിഞ്ഞ ഏപ്രിലില്‍ Roche എനിക്ക് സൗജന്യമായി മരുന്ന് തരുന്നത് നിര്‍ത്തിയതോടെ എന്റെ ചികിത്സാസഹായം തേടിയുള്ള കേസില്‍ പിന്നീടുണ്ടായ സുപ്രീം കോടതി ഹിയറിങ്ങില്‍ നാറ്റ്‌കൊ അവരുടെ patient assistance program വഴി എന്റെ ചികിത്സക്കായി ഒരു വര്‍ഷത്തേക്ക് സൗജന്യമായി റിസ്ഡിപ്ലാം തരാമെന്ന് കോടതിയില്‍ പറഞ്ഞു. എന്റെ ചികിത്സ Natsmartലേക്ക് മാറ്റിയിട്ട് ഇപ്പോള്‍ അഞ്ച് മാസങ്ങള്‍ കഴിഞ്ഞു. Evrysdi കഴിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ effect തന്നെയാണ് Natsmart കഴിക്കുമ്പോഴും ഉള്ളത്. മരുന്നിന്റെ ബ്രാന്‍ഡ് മാറിയതിനാല്‍ എനിക്ക് ഒരു പ്രശ്നങ്ങളും തോന്നുന്നില്ല. എനിക്ക് നാറ്റ്കോ patient assistance program വഴി സൗജന്യമായി തരുന്ന എല്ലാ കുപ്പികളിലും 'Physicians Sample/Clinical Trials Only' ലേബല്‍ ഉള്ളതുമാണ്. ആ ബോട്ടിലുകള്‍ ആരും പണത്തിന് വേണ്ടി വില്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ലേബല്‍ ഉള്ളതെന്ന് ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇന്നലെ, ബഹുമാന്യനായ പ്രതിപക്ഷനേതാവ് ശ്രീ. പിണറായി വിജയന്‍ ഈ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ച് നിലവിലെ ഗവണ്‍മെന്റിനെ വളരെ മോശമായി കുറ്റപ്പെടുത്തി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഞാന്‍ ഇന്ത്യയിലെ ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയെയും പ്രത്യേകമായി ന്യായീകരിക്കാറില്ല. പക്ഷെ അദ്ദേഹത്തിന്റെ പോസ്റ്റ് എന്നെ വല്ലാതെ സങ്കടപ്പെടുത്തി. ഞാന്‍ അടക്കമുള്ള ഇന്ത്യയിലെ പല എസ്എംഎ രോഗബാധിതരുടെയും കുടുംബങ്ങളുടെയും ഒരുപാട് കാലത്തെ പ്രയത്‌നത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമായാണ് ജനറിക് റിസ്ഡിപ്ലാം ഇന്ത്യയില്‍ വന്നത്. എന്നിട്ട് ഈ വിഷയത്തെ ഒരു രാഷ്ട്രീയപ്പോരാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. മുതിര്‍ന്ന രോഗികള്‍ക്കും കൂടി മരുന്ന് വാങ്ങാന്‍ ഗവണ്‍മെന്റിന്റെ കയ്യില്‍ പണമില്ല എന്ന് പറഞ്ഞാണ് മുന്‍ സര്‍കാര്‍ ഞാന്‍ അടക്കമുള്ള മുതിര്‍ന്ന SMA രോഗബാധിതര്‍ക്ക് ചികിത്സ സഹായം നിഷേധിച്ചിരുന്നത്. ശ്രീ. പിണറായി വിജയനും, മുന്‍ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജിനും, മരുന്ന് എല്ലാ രോഗികള്‍ക്കും ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഞാന്‍ പല തവണ ഈ മെയിലുകള്‍ അയച്ചിട്ടുള്ളതാണ്. ഗവണ്‍മെന്റ് കുട്ടികള്‍ക്ക് മരുന്നു കൊടുക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാരിന്റെ പരസ്യങ്ങളും വീണ ജോര്‍ജ് മാഡത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും കണ്ടിട്ടുള്ളതാണ്. അത്തരം പോസ്റ്റുകളില്‍ പലപ്പോഴും ഞാന്‍ കമന്റുകളും ഇട്ടിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും മരുന്ന് എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ വേണ്ടി നടപടികള്‍ എന്തെങ്കിലും സ്വീകരിക്കാം എന്ന് ഒരു മറുപടിയും കിട്ടിയിട്ടില്ല. 

എന്നെ പോലെയുള്ള മുതിര്‍ന്ന എസ്എംഎ രോഗികള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് ജീവിക്കുന്നത്. മുതിര്‍ന്ന ഒരു രോഗിയെ പരിചരിക്കുന്നത് വളരെ കഷ്ടപ്പാടുള്ള കാര്യമാണ്. മാതാപിതാക്കളും പ്രായമായ, ആരോഗ്യം തീരെ നഷ്ടപ്പെട്ട വ്യക്തികള്‍ ആയിരിക്കും. അപ്പ്രൂവ്ഡ് ആയ ഏതെങ്കിലും ഒരു മരുന്ന് ലഭിച്ചാലല്ലേ ഞങ്ങള്‍ക്കും ജീവിതത്തില്‍ കുറച്ചെങ്കിലും ആശ്വാസമുണ്ടാവൂ. പ്രത്യേകിച്ചും SMA ഒരു progressive disorder ആയതുകൊണ്ട് വ്യക്തി വളരുന്തോറും മസിലുകള്‍ കൂടുതല്‍ തളരുന്ന അവസ്ഥയാണ്. അവിടെ എല്ലായ്‌പ്പോഴും പ്രായം അടിസ്ഥാനമാക്കി വേര്‍തിരിവുകള്‍ നടത്തുന്നത് വളരെ വലിയ തെറ്റാണ്.

SMAയുടെ അംഗീകൃതമായ മരുന്നുകള്‍ എല്ലാം ഈ രോഗത്തിന്റെ തീവ്രത വര്‍ധിക്കുന്നത് തടയുകയോ അതിന്റെ വേഗത കുറയ്ക്കുകയോ ചെയ്യുന്നതായി തെളിയിക്കപ്പെട്ടിടുള്ളതാണ്. 30 SMA രോഗബാധിതര്‍ക്ക് ജനറിക് റിസ്ഡിപ്ലാം നല്‍കിയതിന്റെ 6 മാസത്തെ പഠനറിപ്പോര്‍ട്ട് ഈ മരുന്ന് രോഗികളില്‍ മോട്ടോര്‍ ഫങ്ഷനും നടക്കാനുള്ള ശേഷിയും ഗണ്യമായി മെച്ചപ്പെടുത്തിയതായി കാണിക്കുന്നുണ്ട്. ( https://www.sciencedirect.com/.../pii/S0960896626002993 )
പിന്നെ പലരും പരാമര്‍ശിക്കുന്ന വാദം ക്ലിനിക്കല്‍ ട്രയലുകളും രോഗബാധിതരിലുള്ള bioequivalence സ്റ്റഡിയും വേണം എന്നാണ്. ജനറിക് മെഡിസിന് ക്ലിനിക്കല്‍ ട്രയല്‍ ആവശ്യമില്ല. ജനറിക് മരുന്നുകള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്നത് bioequivalence സ്റ്റഡി ആണ്, എന്നാല്‍ ഓറല്‍ മരുന്നിന് അത് ആവശ്യമില്ല എന്നാണ് ശാസ്ത്രീയ പരിജ്ഞാനമുള്ള വിദഗ്ദ്ധര്‍ പറയുന്നത്. CureSMA ഇന്ത്യ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അവര്‍തന്നെ ഇത് സമ്മതിക്കുന്നു. ക്യൂര്‍എസ്എംഎയുടെയും മരുന്നിനായി കാത്തിരിക്കുന്ന രോഗബാധിതരുടെയും കമ്പനികളുടെയും വാദങ്ങള്‍ കേട്ടശേഷമാണ് ഹൈക്കോടതി, ടെന്‍ഡറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയത്.

അതുകൊണ്ട്, എല്ലാവരോടും കൂടി ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുകയാണ്... അനേകം രോഗികളുടെ ജീവന്റെ പ്രശ്‌നമായ ഈ വിഷയത്തെ വൃത്തികെട്ട ഒരു രാഷ്ട്രീയപ്പോരാക്കി മാറ്റാതെ... ശ്രീ. പിണറായി വിജയന്‍ ഈ പോസ്റ്റ് വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും ഇത് അദ്ദേഹത്തിലേക്ക് എത്തിക്കാന്‍ കഴിയുമെങ്കില്‍ ദയവായി എത്തിക്കുക.

Tags