ഭൂപതിവ് ഭേദഗതി, മലയോര ജനങ്ങളുടെ 6 പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് സര്‍ക്കാര്‍, പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനം നടപ്പാക്കി, പതിച്ചുകിട്ടിയ ഭൂമി ഇനി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം
പതിച്ചുകിട്ടിയ ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടവും കൃഷിക്കും ഗൃഹനിര്‍മാണത്തിനും മറ്റുമായി പതിച്ചു നല്‍കിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടവുമാണ് നടപ്പാക്കുക.
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിയുടെ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയോടെ നടപ്പായത് ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനം. 65 വര്‍ഷത്തോളമായി ഇത്തരമൊരു നിയമത്തിനായി മലയോര ജനത കാത്തിരിക്കുകയായിരുന്നു.
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതി തയാറാക്കിയിരുന്നതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
1960ലെ കേരള ഭൂപതിവ് നിയമത്തിനു കീഴിലെ വിവിധ ചട്ടങ്ങള്‍ പ്രകാരം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൃഷി, ഭവനനിര്‍മാണം, ഷോപ്‌സ് സൈറ്റുകള്‍ എന്നീ ആവശ്യങ്ങള്‍ക്കായി പട്ടയം അനുവദിക്കുന്നതിന് വ്യവസ്ഥയുണ്ട്. ഈ കാലഘട്ടത്തില്‍ ഭൂമി പതിച്ചുകിട്ടിയ പലരും മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. പട്ടയ വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാത്ത നിര്‍മാണവും കൈമാറ്റവും പലര്‍ക്കും പലവിധ ബുദ്ധിമുട്ടുകളാണ് ഉണ്ടായിട്ടുള്ളത്.
രണ്ടു ചട്ടങ്ങളാണ് സര്‍ക്കാര്‍ പ്രധാനമായും കൊണ്ടുവരുന്നത്. പതിച്ചുകിട്ടിയ ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടവും കൃഷിക്കും ഗൃഹനിര്‍മാണത്തിനും മറ്റുമായി പതിച്ചു നല്‍കിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടവുമാണ് നടപ്പാക്കുക.
പതിച്ചുകിട്ടിയ ആളില്‍നിന്ന് ഭൂമി കൈമാറിക്കിട്ടിയ ആള്‍ക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറാക്കും. അപേക്ഷ സമര്‍പ്പിക്കാനും തുടര്‍നടപടികള്‍ നിരീക്ഷിക്കാനും നടപടി സ്വീകരിക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു വര്‍ഷം സമയം അനുവദിക്കും. ആവശ്യമെങ്കില്‍ കാലാവധി നീട്ടി നല്‍കും.
കോംപൗണ്ടിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കും. ഉടമ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയാവും നടപടി. സമാനമായി പതിവുഭൂമിയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൊതുസ്ഥലങ്ങള്‍, ജീവനോപാധിക്കുള്ള 3000 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങള്‍ ഇവയ്ക്കെല്ലാം കോംപൗണ്ടിങ് ഫീസ് ഈടാക്കാതെ ക്രമീകരിക്കും. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം തീരുമാനമെടുക്കണം.
.jpg)

