ഫണ്ട് വെട്ടിപ്പ് തുടര്‍ക്കഥ, കേന്ദ്രം നല്‍കുന്ന കോടികള്‍ കൈയ്യിട്ടുവാരി കേരളത്തിലെ നേതാക്കള്‍, പാതിയും മുക്കി, അഴിമതിയുടെ നാണക്കേടില്‍ ബിജെപി

Kerala BJP

ഒരു സംസ്ഥാന സെക്രട്ടറിയും യുവമോര്‍ച്ച നേതാവും ചേര്‍ന്ന് 54 ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ലാ നേതാക്കളുമായി ബന്ധപ്പെട്ട ഉത്തരേന്ത്യന്‍ കമ്പനി വഴിയാണ് ഇടപാട്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫണ്ട് തട്ടിപ്പ് ആരോപണങ്ങള്‍ ബിജെപിയില്‍ വന്‍ വിവാദമായി മാറിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വം കേരളത്തിന് നല്‍കിയ പ്രചാരണ സാമഗ്രികള്‍ ഉപയോഗിച്ച് വ്യാജ ബില്ലുകള്‍ ചമച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും, ഹെലികോപ്റ്റര്‍, വാഹന വാടക, മറ്റ് ചെലവുകള്‍ എന്നിവയില്‍ ക്രമക്കേടുകള്‍ നടന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നു.

കേന്ദ്ര നേതൃത്വം സൗജന്യമായി നല്‍കിയ പതാകകള്‍ (ഒരു കോടി പതാകകള്‍ക്ക് മൂന്നരക്കോടി രൂപയുടെ കരാര്‍) ഉപയോഗിച്ച് വ്യാജ ബില്ലുകള്‍ ചമച്ച് വില്‍പ്പന നടത്തിയതായാണ് പ്രധാന ആരോപണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രം മൂന്നേകാല്‍ ലക്ഷത്തിലധികം രൂപയ്ക്ക് വ്യാജ ബില്‍ (പലചരക്ക് കടയുടെ ജിഎസ്ടി) ഉണ്ടാക്കി. 47 മണ്ഡലങ്ങളിലും സമാന തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്.

ഒരു സംസ്ഥാന സെക്രട്ടറിയും യുവമോര്‍ച്ച നേതാവും ചേര്‍ന്ന് 54 ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ലാ നേതാക്കളുമായി ബന്ധപ്പെട്ട ഉത്തരേന്ത്യന്‍ കമ്പനി വഴിയാണ് ഇടപാട്.

ഹെലികോപ്റ്റര്‍ വാടക ഇനത്തിലും വന്‍ ക്രമക്കേട് നടന്നു. 3 ഹെലികോപ്റ്ററുകള്‍ 136 മണിക്കൂര്‍ പറക്കാനുള്ള കരാറാണുണ്ടാക്കിയത്. യഥാര്‍ത്ഥ ഉപയോഗം 42 മണിക്കൂര്‍ മാത്രം. 200 കാറുകള്‍ വാടകയ്‌ക്കെടുത്തശേഷം പകുതിയോളം ഉപയോഗിക്കാതെ വ്യാജ ട്രിപ്പ് ഷീറ്റുകള്‍ നിര്‍മിച്ച് പണംതട്ടി. ആകെ 12 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണക്കുകള്‍. ഒരു സംസ്ഥാന സെക്രട്ടറി ഒറ്റയ്ക്ക് 1.5 കോടി രൂപ തട്ടിയെടുത്തെന്നും ഓഡിറ്റ് റിപ്പോര്‍ട്ടുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആരോപണങ്ങള്‍ തള്ളുകയാണ് ചെയ്തത്. ഓഡിറ്റ് സുതാര്യമായിരുന്നെന്ന് അവകാശപ്പെട്ടു. എന്നാല്‍, സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജന, പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാര്‍ എന്നിവരെ ചുമതലകളില്‍ നിന്ന് നീക്കി. കുമ്മനം രാജശേഖരന്‍, ഇ. കൃഷ്ണദാസ് എന്നിവരടങ്ങുന്ന അന്വേഷണ സമിതി രൂപീകരിച്ചു.

വിവാദം കേരള ബിജെപിയുടെ സംഘടനാ ഘടനയിലെ ദൗര്‍ബല്യങ്ങളെ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വ്യക്തതയില്ലായ്മ, പ്രാദേശിക നേതാക്കളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍, ക്വട്ടേഷന്‍, കമ്മീഷന്‍ സംസ്‌കാരം എന്നിവ പ്രശ്‌നത്തിന് കാരണമായി. കേന്ദ്രം സൗജന്യമായി നല്‍കിയ വസ്തുക്കള്‍ പോലും വില്‍പ്പന ആക്കി മാറ്റിയത് കടുത്ത അഴിമതിയാണ് ചൂണ്ടിക്കാട്ടുന്നത്.

കേരളത്തില്‍ ബിജെപി വളര്‍ച്ച തേടുന്ന സമയത്ത് ഈ ആരോപണങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും. എതിരാളികള്‍ ഇവ ആയുധമാക്കിക്കഴിഞ്ഞു. സുതാര്യ ഓഡിറ്റിങ്, ഡിജിറ്റല്‍ ഫണ്ട് ട്രാക്കിങ് എന്നിവയില്ലാത്ത പാര്‍ട്ടി ഘടനകളിലെ പൊതുവായ പ്രശ്‌നമാണിത്. നേരത്തെതന്നെ ബിജെപി ഫണ്ട് വെട്ടിക്കുന്നുണ്ടെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു. ബിജെപിയെ വെട്ടിലാക്കിയ കുഴല്‍പ്പണക്കേസിന് പിന്നാലെയാണ് സംസ്ഥാന നേതാക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അഴിമതിയും പുറത്തുവരുന്നത്.

Tags