വഖഫ് ബില്ലിനെതിരെ തീപ്പൊരി പ്രസംഗവുമായി കെസി വേണുഗോപാല്‍, കേന്ദ്ര സര്‍ക്കാരിന്റേത് സൃഗാല ബുദ്ധി, മതങ്ങളെ തമ്മിലടിപ്പിക്കുന്നു, കേരളം മതമൈത്രിയുടെ മാതൃക


ഈ സര്‍ക്കാരിന് ഒരൊറ്റ അജണ്ടയെ ഉള്ളൂ, ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ടയാണിത്. ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന, വിഷയങ്ങള്‍ തൊഴിലില്ലായ്മ ഉള്‍പ്പെടെ, കര്‍ഷക രോഷമോ ഒന്നും സര്‍ക്കാരിന്റെ വിഷയമേ അല്ല.
ന്യൂഡല്‍ഹി: ലോക്സഭയിലെ വഖഫ് ബില്‍ അവതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. വഖഫ് ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടയാണെന്ന് സൂചിപ്പിച്ച അദ്ദേഹം മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സൃഗാല ബുദ്ധിയാണ് ഈ സര്‍ക്കാരിനുള്ളതെന്നും തുറന്നടിച്ചു.
ന്യൂനപക്ഷങ്ങളുടെ സ്വയംഭരണത്തിനും, വിശ്വാസങ്ങള്‍ക്കും, അവകാശങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ ആക്രമണമാണ് വഖഫ് ബില്‍. ഈ സര്‍ക്കാരിന് ഒരൊറ്റ അജണ്ടയെ ഉള്ളൂ, ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ടയാണിത്. ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന, വിഷയങ്ങള്‍ തൊഴിലില്ലായ്മ ഉള്‍പ്പെടെ, കര്‍ഷക രോഷമോ ഒന്നും സര്‍ക്കാരിന്റെ വിഷയമേ അല്ല. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു ചോര കുടിക്കുന്ന സൃഗാല ബുദ്ധിയാണ് ഈ സര്‍ക്കാരിനുള്ളത്.

പ്രധാനമന്ത്രി വിദേശരാജ്യങ്ങളില്‍ നിരന്തരം സഞ്ചരിച്ച് ഒരു ലോകനേതാവാകാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇവിടെ, മതത്തിന്റെ പേരില്‍ നിങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി നിങ്ങള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ന്യൂനപക്ഷത്തിനെതിരല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ച് പറയുകയാണെന്നും കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ഇത് മുസ്ലീം സമുദായത്തിന്റെ മാത്രം കാര്യമല്ല. ഭൂരിപക്ഷ രാഷ്ട്രമെന്ന സ്വപ്നം കെട്ടിപ്പടുക്കാന്‍ ഈ സര്‍ക്കാര്‍ എല്ലാ ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്നു. പാര്‍ലമെന്റിലെ ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യം റദ്ദാക്കിയതും ഇത്തരമൊരു നീക്കമായിരുന്നു. ഇന്ന് ക്രൈസ്തവ സമൂഹങ്ങളുടെ രക്ഷകരായി നടിക്കുകയാണ് ബിജെപി. 1964-ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരണം പോലും മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു എന്ന് നാം വിസ്മരിക്കരുത്.
കേരളത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹിന്ദു എംഎല്‍എമാര്‍ക്ക് മാത്രമേ അതില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളൂ. 1988ലെ ശ്രീ മാതാ വൈഷ്ണോ ദേവി ഷ്റൈന്‍ ആക്ട് പ്രകാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആണ് ചെയര്മാന്. ഇനി ആ പദവിയില്‍ ഹിന്ദു വിശ്വാസിയില്ലാത്ത ഒരാളാണെങ്കില്‍ വിശ്വാസിയായ ഒരാളെ നിര്‍ദേശിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ഇത് വിവേചനമില്ല, മറിച്ച് വിശ്വാസങ്ങളോടുള്ള ബഹുമാനമാണ്. വസ്തുത ഇതായിരിക്കെ വഖഫ് സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് വിവേചനമാണ്.
മുനമ്പം വിഷയത്തില്‍ അവിടുത്തെ ജനങ്ങള്‍ക്ക് നീതികിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ഞങ്ങള്‍ പലതവണ ആവര്‍ത്തിച്ച വിഷയമാണ്. കെസിബിസിയും സിബിസിഐയും ഉന്നയിക്കുന്ന കാര്യങ്ങള്‍ ഗൗരവതരമാണെന്ന് ഇപ്പോഴെങ്കിലും മന്ത്രി അംഗീകരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകളെ കെസിബിസി തന്നെ പലതവണ അപലപിച്ച കാര്യം അദ്ദേഹം മറന്നുവോയെന്ന് സംശയമുണ്ട്. രാജ്യത്തുടനീളം ക്രിസ്തീയ ദേവാലയങ്ങള്‍ക്കെതിരെയും, വിശ്വാസികള്‍ക്കെതിരെയും അതിക്രമം നടക്കുമ്പോള്‍ അത് സഭയില്‍ ഉന്നയിക്കാന്‍ പോലും അനുമതി നല്‍കാത്ത സര്‍ക്കാരാണിത്. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചിരിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. സംഘ്പരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകള്‍ എത്തുന്നു, ഒരു വശത്ത് മുസ്ലിം പള്ളിയും മറുവശത്ത് ക്രിസ്ത്യന്‍ പള്ളിയും സ്ഥിതി ചെയ്യുന്നു. പുരോഹിതര്‍ സ്ത്രീകള്‍ക്ക് വെള്ളം നല്കുന്ന കാഴ്ചയുമുണ്ടെന്നും കേരളത്തിലെ മതമൈത്രിയെ ഉയര്‍ത്തിക്കാട്ടി കെ.സി വേണുഗോപാല്‍ പറഞ്ഞു.