ഈ ചോദ്യങ്ങൾക്ക് മറുപടിയുണ്ടോ ? എഫ്‌സിആർഎയിൽ പ്രധാനമന്ത്രിക്ക് കെ.സി.വേണുഗോപാലിൻ്റെ തുറന്ന കത്ത്
പരിപാവനമായ ദുഃഖവെള്ളി - ഈസ്റ്റർ വേളയിൽ കേരളത്തിൽ വന്ന് എഫ്‌സിആർഎ ബില്ലിനെക്കുറിച്ച് കള്ളം പറഞ്ഞ പ്രധാനമന്ത്രി, ആ ബില്ലിൻ്റെ പേരിൽ മുറിവേറ്റ സമൂഹത്തെ അപമാനിച്ചിരിക്കുകയാണെന്നും കെ.സി.വേണുഗോപാൽ കത്തിൽ കുറ്റപ്പെടുത്തി.
തിരുവനന്തപുരം : വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ ) ഭേദഗതിയിൽ കേന്ദ്ര സർക്കാരിൻ്റെ ഗൂഢലക്ഷ്യവും ന്യൂനപക്ഷ വിരുദ്ധ അജണ്ടയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ക്രൈസ്തവ സഭാസ്ഥാപനങ്ങൾ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളെ തടയാനുള്ള കേന്ദ്ര നീക്കങ്ങൾ സംബന്ധിച്ച് 5 ചോദ്യങ്ങളാണ് പ്രധാനമന്ത്രിക്കുള്ള കത്തിൽ കെ.സി.വേണുഗോപാൽ ഉന്നയിച്ചിരിക്കുന്നത്.

പരിപാവനമായ ദുഃഖവെള്ളി - ഈസ്റ്റർ വേളയിൽ കേരളത്തിൽ വന്ന് എഫ്‌സിആർഎ ബില്ലിനെക്കുറിച്ച് കള്ളം പറഞ്ഞ പ്രധാനമന്ത്രി, ആ ബില്ലിൻ്റെ പേരിൽ മുറിവേറ്റ സമൂഹത്തെ അപമാനിച്ചിരിക്കുകയാണെന്നും കെ.സി.വേണുഗോപാൽ കത്തിൽ കുറ്റപ്പെടുത്തി.
കത്തിൻ്റെ പൂർണരൂപം:
ബഹു: പ്രധാനമന്ത്രി,
എഫ്‌സിആർഎയുമായി ബന്ധപ്പെട്ട് യുഡിഎഫ് നുണ പ്രചരിപ്പിച്ച് രാഷ്ട്രീയലാഭത്തിനു ശ്രമിക്കുകയാണെന്ന് അങ്ങ് കേരളത്തിന്റെ മണ്ണിൽ ചവിട്ടിനിന്നു പറഞ്ഞത് മുറിവേറ്റ ഒരു സമൂഹത്തെ അപമാനിക്കാൻ കൂടിയാണ്. പരിപാവനമായ ഒരു ദിവസം അത് പറയാൻ പാടില്ലായിരുന്നു. ഇതിലെ സത്യം എന്താണെന്ന് പൊതുസമൂഹത്തിനുകൂടി മനസ്സിലാകുന്നതിനായി അങ്ങയോട് ചില ചോദ്യങ്ങൾ ഉന്നയിക്കട്ടെ.
1) സത്യത്തിൽ എഫ്‌സിആർഎ ബില്ലിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ഏറ്റവും കൂടുതൽ നന്നായി അറിയാവുന്നത് അങ്ങേയ്ക്കല്ലേ? ബിസിനസ് അഡ്വൈസറി കമ്മിറ്റി (ബിഎസി) കൂടി സമയം നിശ്ചയിച്ചിട്ടാണല്ലോ സാധാരണഗതിയിൽ ഒരു ബിൽ സഭയുടെ പരിഗണനയ്ക്ക് വിടുന്നത് . എഫ്‌സിആർഎയുമായി ബന്ധപ്പെട്ട് ബിഎസി യിൽ കൂടിയാലോചനകൾ നടന്നിട്ടുണ്ടോ ? കമ്മിറ്റി ബിൽ അവതരിപ്പിക്കാൻ സമയം നിശ്ചിയിച്ചു തന്നിട്ടുണ്ടോ? ഇല്ലെങ്കിൽ, അങ്ങനെ സമയം നിശ്ചയിക്കാതെ പാർലമെന്റിലെ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ ധൃതിപിടിച്ചു ഇത്തരമൊരു ബില് കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിലെ അടിയന്തര സാഹചര്യം എന്തായിരുന്നു ?
2) ഇനി കേന്ദ്രസർക്കാർ മറ്റു ഗൂഢലക്ഷ്യങ്ങൾ ഒന്നുമില്ലാതെ കൊണ്ടുവന്ന ബില്ലാണ് എന്ന നിലപാട് താങ്കൾ എടുത്താൽ തന്നെ, അപ്പോഴും അവശേഷിക്കുന്ന ചില സംശയങ്ങളുണ്ട്. ബിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ കോൺഗ്രസിൽനിന്ന് മനീഷ് തിവാരി ബില്ലിനെതിരേ അന്നു തന്നെ ശക്തമായി രംഗത്തുവന്നു. നാലു പ്രധാനപ്പെട്ട വിഷയങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേന്ദ്രസർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആർഐ) നിയമ ഭേദഗതി ബിൽ ഭണഘടനാ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നും ജീവകാരുണ്യ , വിദ്യാഭ്യാസ മേഖലകളിലടക്കം സേവനമനസ്ഥിതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മേൽ ഡെമോക്ലാസിന്റെ വാൾ പോലെയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടും, ബില്ലിന്റെ ദൂരവ്യാപകമായ ദോഷങ്ങൾ സർക്കാരിന് മനസ്സിലായിട്ടും എന്തുകൊണ്ടാണ് ബിൽ അവതരണവുമായി സർക്കാർ മുന്നോട്ടുപോയത്?
3) അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ സംസ്ഥാനങ്ങളിലെ, പ്രതിപക്ഷത്തെ പ്രധാനപ്പെട്ട എംപിമാർ എല്ലാവരും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്താണെന്നും ഇതൊരു സുവർണാവസരമാണെന്നും കണക്കാക്കി ബിൽ അവതരിപ്പിക്കുകയല്ലേ സർക്കാർ ചെയ്തത്? സഭ പിരിയുന്നതിന്റെ തൊട്ടുതലേന്നാണ് ഇത്തരമൊരു നീക്കം നടന്നത്. ഇതിനെ എം പി മാർ ചോദ്യം ചെയ്തപ്പോൾ ഇതു സർക്കാരിന്റെ തീരുമാനമാണ് എന്നാണ് സ്പീക്കർ അറിയിച്ചത്. ഇതു പ്രധാനമന്ത്രിയുടെ തീരുമാനമാണ് എന്നല്ലേ അതിന്റെ അർത്ഥം? അത്തരം കുറുക്കുവഴികളിലൂടെ ബിൽ പാസ്സാക്കി എടുക്കണമെന്ന കുബുദ്ധിക്ക് പിന്നിൽ നിഗൂഢലക്ഷ്യങ്ങളില്ല എന്ന് എങ്ങനെ അങ്ങേക്ക് പറയാനാകും ? ഉചിതമായ സമയത്ത് ബിൽ അവതരിപ്പിക്കുമെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ബിൽ തത്കാലം പിൻവലിച്ചശേഷം പാർലമെന്റിനെ അറിയിച്ചത്.
4) അങ്ങ് പ്രധാനമന്ത്രിയായ അന്നു മുതൽ രാജ്യത്തെ ക്രൈസ്തവരടക്കമുള്ള ജനവിഭാഗങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളുടെയും സഹനങ്ങളുടെയും തുടർച്ചയല്ലേ എഫ്‌സിആർഎ ബിൽ? ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരെ ഉന്നംവെച്ചുള്ള നീക്കമാണിതെന്നും ന്യൂനപക്ഷ സമുദായ സംഘടനകൾ ജീവകാരുണ്യ രംഗത്തും സാമൂഹിക,ജനസേവന,വിദ്യാഭ്യാസ രംഗത്തും നടത്തുന്ന സേവനങ്ങളെ പരിമിതപ്പെടുത്താൻ മാത്രമെ ഈ നടപടികൊണ്ട് കഴിയൂവെന്നും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയിട്ടും ബില്ലുമായി മുന്നോട്ടുപോയതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചനയില്ലേ?
5) വിശുദ്ധവാരത്തിൽ കുരിശിന്റെ വഴിയിൽ പങ്കുചേരുകയും ക്രിസ്മസിന് കേക്കുമായി അരമനകളിലും വീടുകളിലും എത്തുകയും ചെയ്യുന്ന ബിജെപി ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ ഇക്കാര്യത്തിൽ പാലിച്ച ക്രൂരമായ നിശബ്ദതയെ കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുള്ളതെന്നു അറിയാൻ താല്പര്യമുണ്ട്.
കേരളത്തിൽ അടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇതേ സമയത്ത് ഈ ബിൽ കൊണ്ടുവന്ന് ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനല്ലേ അങ്ങ് ശ്രമിച്ചത്?
ഈ ചോദ്യങ്ങൾക്ക് യുക്തിസഹജമായ മറുപടി തരാൻ അങ്ങേയ്ക്ക് കഴിയില്ലെന്ന് അറിയാം. അതുകൊണ്ടു ഇതടക്കമുള്ള വിഷയങ്ങളിൽ നുണ പറയുന്നത് ആരാണെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും.
വഖഫ് ഭേദഗതിപോലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനും ക്രിസ്ത്യൻ മതവിഭാഗത്തെ വരുതിയിൽ നിർത്താനുമുള്ള ഗൂഢശ്രമമായിരുന്നു ഇതിനു പിന്നിലെന്ന വസ്തുത അങ്ങേക്ക് നിഷേധിക്കാനാകുമോ ? ഇത്തവണ പ്രധാനമന്ത്രിയുടെ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾ കയ്യോടെ പിടികൂടിയിരിക്കുകയാണെന്ന് അങ്ങ് മനസിലാക്കുമല്ലോ ?
വിശ്വസ്തതയോടെ
കെസി വേണുഗോപാൽ,
എഐസിസി ജനറൽ സെക്രട്ടറി
.jpg)


