കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സ്വന്തം കാറില്‍ യാത്ര ചെയ്യാന്‍ വേണം 15,000ത്തില്‍ അധികം രൂപ, ദേശീയ പാതയിലൂടെയുള്ള യാത്ര കീശകീറും

NH 66 TOLL

അതിവേഗ തീവണ്ടി വന്നിരുന്നെങ്കില്‍ ഇതിന്റെ നാലിലൊന്ന് തുകപോലും ആകില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍. നിലവില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വന്ദേ ഭാരത് എക്സ്പ്രസിന് ഏകദേശം 8 മണിക്കൂര്‍ ആണ് വേണ്ടിവരുന്നത്.

തിരുവനന്തപുരം: ദേശീയപാത 66 പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ വടക്കന്‍ അറ്റത്തുനിന്ന് തെക്കേ അറ്റത്തേക്കുള്ള യാത്ര വേഗതയേറിയതാകും. എന്നാല്‍, അതിന്റെ വിലയും വലുതായിരിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു ദിശയിലേക്ക് മാത്രം കാറിന് ടോള്‍ ഉള്‍പ്പെടെ ഏകദേശം 7,000 രൂപയിലധികം ചെലവാകും.

നിലവില്‍ 5 ടോള്‍ പ്ലാസകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. അവയിലൂടെ ഒരു ദിശയിലേക്ക് 585 രൂപയാണ്. 2024ലെ കണക്കനുസരിച്ച് 11 പ്ലാസകളിലൂടെ 1,650 രൂപ. രണ്ട് പ്ലാസകള്‍ കൂടി വരുകയും നിര്‍മാണച്ചെലവ് വര്‍ധിച്ചതിനാല്‍ നിരക്ക് ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ ഒരു ഭാഗത്തേക്ക് 3,000 രൂപയോളം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഉയരപ്പാത, വയഡക്ട് തുടങ്ങിയവ ഉള്ള ഭാഗങ്ങളില്‍ നിരക്ക് സാധാരണയേക്കാള്‍ വളരെ കൂടുതലാകും.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ദൂരം ഏകദേശം 560-620 കി.മീ. ആണ്. ഇത്രയും ദൂരത്തേക്ക് പെട്രോള്‍ ചെലവ് 4,000 രൂപയോളം വരും. ഡ്രൈവറെ കൂട്ടിയാണ് യാത്രയെങ്കില്‍ ഡ്രൈവര്‍ ബാറ്റ, ഭക്ഷണം, പാര്‍ക്കിങ് എല്ലാമാകുമ്പോള്‍ 15,000 രൂപയോളമാകും.

അതിവേഗ തീവണ്ടി വന്നിരുന്നെങ്കില്‍ ഇതിന്റെ നാലിലൊന്ന് തുകപോലും ആകില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍. നിലവില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വന്ദേ ഭാരത് എക്സ്പ്രസിന് ഏകദേശം 8 മണിക്കൂര്‍ ആണ് വേണ്ടിവരുന്നത്. എക്സിക്യൂട്ടീവ് ക്ലാസിന് ഏകദേശം 2,800 രൂപ. ചെയര്‍ കാര്‍ ആണെങ്കില്‍ 1,500 രൂപയോളവും.

ആറുവരിപ്പാത വേഗത വര്‍ധിപ്പിക്കും. യാത്രാ സമയം ഗണ്യമായി കുറയും. എന്നാല്‍, ടോള്‍ നിരക്ക് ഇത്രയും ഉയര്‍ത്തുന്നത് സാധാരണക്കാരനെ ബാധിക്കും. നിര്‍മാണം വൈകിയതും ഡിസൈന്‍ മാറ്റങ്ങളും ചെലവ് വര്‍ധിപ്പിച്ചു എന്ന് അധികൃതര്‍ പറയുന്നു. പക്ഷേ ആ ചെലവ് പൂര്‍ണമായും യാത്രക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നത് ന്യായമല്ല. ടോള്‍ നിരക്ക് യുക്തിസഹമായി നിശ്ചയിക്കുകയും പൊതുഗതാഗതം ശക്തിപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ വികസനം യഥാര്‍ത്ഥത്തില്‍ ജനോപകാരപ്രദമാകൂ.

Tags