കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനെ താഴെയിറക്കാന്‍ തന്ത്രവുമായി സിപിഎം, ഈ രണ്ടുപേരിലൊരാള്‍ സ്ഥാനാര്‍ത്ഥി, പോരാട്ടം കനക്കും

google news
rajmohan unnithan

കൊച്ചി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം പാര്‍ട്ടിതല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2019ല്‍ പാര്‍ട്ടിയുടെ കുത്തക കോട്ടയില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് അമ്പരപ്പിക്കുന്ന ജയം നേടിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെയാകും ഇത്തവണയും യുഡിഎഫിനായി മത്സരിക്കാനിറങ്ങുകയെന്ന് ഉറപ്പായിട്ടുണ്ട്.

2004ല്‍ സിപിഎം നേതാവ് പി കരുണാകരന്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കും 2009ല്‍ 64,000 വോട്ടുകള്‍ക്കും ജയിച്ച കാസര്‍ഗോഡ് പിന്നീട് മണ്ഡല പുനര്‍നിര്‍ണയം വന്നതോടെയാണ് യുഡിഎഫിന് അനുകൂലമായത്. 2014ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും മത്സരത്തിനിറങ്ങിയ കരുണാകരന് ടി സിദ്ധിഖ് എതിരാളിയായി എത്തിയതോടെ ഭൂരിപക്ഷം 7,000ത്തിനടുത്ത് മാത്രമായി.

ജയിക്കാവുന്ന ഒരു മണ്ഡലമായി മാറിയതും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും 2019ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് മികച്ച വിജയം നേടിക്കൊടുത്തു. കോണ്‍ഗ്രസുകാരേപ്പോലും ഞെട്ടിക്കുന്ന 40,000ത്തില്‍ അധികം വോട്ടുകളുടെ വിജയമാണ് ഉണ്ണിത്താന്‍ ഇവിടെ നേടിയത്. പയ്യന്നൂരും കല്യാശ്ശേരിയും തൃക്കരിപ്പൂരും ഉള്‍പ്പെടെയുള്ള സിപിഎം കോട്ടകളില്‍ വോട്ടുകളുയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോള്‍ നിലവിലില്ല. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചാലും ഒരു തംരഗമുണ്ടാകില്ലെന്നും ഉറപ്പാണ്. നഷ്ടമായ വോട്ടുകള്‍ തിരികെപ്പിടിക്കുന്നതിനൊപ്പം ബിജെപി മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകൂടി ചെയ്താല്‍ മാത്രമേ സിപിഎമ്മിന് കാസര്‍ഗോഡ് ജയം നേടാനാകൂ. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഈ മണ്ഡലത്തിലെ ജയസാധ്യതയെ വളരെയേറെ സ്വാധീനിക്കും.

വലിയ രീതിയില്‍ മുസ്ലീം സമുദായ വോട്ടുകളുള്ള മണ്ഡലമാണ് കാസര്‍ഗോഡ്. മുസ്ലീംലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളിലും സിപിഎമ്മിന് കാലങ്ങളായി കിട്ടിയിരുന്ന മുസ്ലീം വോട്ടുകളുമെല്ലാം രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ലഭിച്ചത്. ഇതുകൂടി കണക്കിലെടുത്ത് കാസര്‍ഗോഡ് വിപിപി മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നു. ജനകീയ നേതാവും പാര്‍ട്ടി അണികള്‍ക്ക് എതിര്‍പ്പില്ലാത്ത വ്യക്തിയുമാണ് മുസ്തഫ.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുസ്തഫയോട് ഒരു വര്‍ഷം മുന്‍പ് തന്നെ കാസര്‍ഗോഡ് സംഘടനാ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് സ്ഥാനാര്‍ത്ഥിയാക്കാനാണെന്ന അഭ്യൂഹമുണ്ട്. മുസ്തഫയല്ലെങ്കില്‍ മികച്ച എംഎല്‍എ എന്ന പേരെടുത്ത മുന്‍ കല്യാശ്ശേരി എംഎല്‍എ ടിവി രാജേഷ് ആയിരിക്കും കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയായി എത്തുക. രണ്ടുപേരില്‍ ആരായാലും രാജ്‌മോഹന്‍ ഉണ്ണിത്താന് ഇത്തവണ കാര്യങ്ങള്‍ കടുപ്പമാകും. പ്രത്യേകിച്ചും കാസര്‍ഗോഡ് കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കിലായ രാജ്‌മോഹന്‍ ഉണ്ണിത്താന് വീണ്ടും ജയിച്ചുകയറുകയെന്നത് എളുപ്പമാകില്ല.

Tags