യുപി മുഖ്യമന്ത്രി യോഗിയെ അനുകരിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും, ഒറ്റ രാത്രികൊണ്ട് ആയിരക്കണക്കിന് മുസ്ലീങ്ങളുടെ വീട് ബുള്‍ഡോസര്‍കൊണ്ട് തകര്‍ത്തു, മിണ്ടാതെ മുസ്ലീം ലീഗ്

karnataka muslim bulldozers
karnataka muslim bulldozers

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ)യുടെ നിര്‍ദേശപ്രകാരം കര്‍ണാടക പോലീസും സിവിക് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പുലര്‍ച്ചെ 4 മണിയോടെ നടപടി ആരംഭിച്ചത്. നാലോ അതിലധികമോ ജെസിബി യന്ത്രങ്ങളും 150-ഓളം പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു.

ബെംഗളൂരു: കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ 'ബുള്‍ഡോസര്‍ മോഡല്‍' പിന്തുടരുന്നുവെന്ന ആരോപണങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധം. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ 'ബുള്‍ഡോസര്‍ നയ'ത്തിന് സമാനമായ നടപടിയുമായാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തിയതെന്നാണ് ആരോപണം.

tRootC1469263">

ബെംഗളൂരു വടക്കന്‍ ഭാഗത്തെ യലഹങ്കയ്ക്ക് സമീപമുള്ള കോഗിലു ഗ്രാമത്തിലെ ഫകീര്‍ കോളനിയിലും വസീം ലേഔട്ടിലും ശനിയാഴ്ച പുലര്‍ച്ചെ നടന്ന വന്‍തോതിലുള്ള ഒഴിപ്പിക്കല്‍ നടപടിയില്‍ 200 മുതല്‍ 400 വരെ വീടുകള്‍ തകര്‍ത്തു. ഇതോടെ ഏകദേശം 3000-ഓളം ആളുകള്‍ തെരുവിലായി.

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ)യുടെ നിര്‍ദേശപ്രകാരം കര്‍ണാടക പോലീസും സിവിക് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പുലര്‍ച്ചെ 4 മണിയോടെ നടപടി ആരംഭിച്ചത്. നാലോ അതിലധികമോ ജെസിബി യന്ത്രങ്ങളും 150-ഓളം പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്നുള്ള നടപടി നിവാസികളില്‍ പരിഭ്രാന്തിയും പ്രതിഷേധവും സൃഷ്ടിച്ചു.

അധികൃതര്‍ നടപടിയെ ന്യായീകരിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് വീടുകള്‍ പണിതതെന്നും അനുമതിയില്ലാത്ത നിര്‍മാണങ്ങളാണെന്നുമാണ്. കോഗിലു ബാന്‍ഡെയ്ക്ക് സമീപമുള്ള 5 ഏക്കര്‍ ഭൂമി മാലിന്യ സംസ്‌കരണ പദ്ധതിക്കായി നീക്കിവച്ചതാണെന്നും ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎല്‍) വക്താക്കള്‍ പറയുന്നു. എന്നാല്‍, പ്രദേശവാസികള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള തകര്‍ക്കല്‍. നിയമപരമായ നടപടികള്‍ പാലിക്കാതെയാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്നും അവര്‍ ആരോപിക്കുന്നു.

350-ല്‍പ്പരം കുടുംബങ്ങള്‍ ഒരു രാത്രി കൊണ്ട് വീടില്ലാത്തവരായി. സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ തെരുവില്‍ കഴിയുന്നു. പലരും 25-30 വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്നവരാണ്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ ഉണ്ടായിട്ടും ഇത്തരമൊരു നടപടിയെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഭൂരിഭാഗം പേരും ഹൈദരാബാദ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളോ ഭിക്ഷാടനം ചെയ്യുന്നവരോ ആണ്.

ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി സ്വയം അവതരിപ്പിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പുനരധിവാസമോ ബദല്‍ സൗകര്യമോ ഒരുക്കാതെ നടത്തിയ നടപടി മനുഷ്യത്വരഹിതമാണെന്ന് സിവില്‍ റൈറ്റ്‌സ് പ്രവര്‍ത്തകരും ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മന്ത്രിമാര്‍ ഇവിടെ വന്ന് അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോള്‍ ഒഴിപ്പിക്കലിന് അനുമതി നല്‍കിയതില്‍ രാഷ്ട്രീയ നേതാക്കളുടെ കാപട്യമുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.

സംഭവത്തില്‍ കര്‍ണാടക സ്റ്റേറ്റ് മൈനോറിറ്റീസ് കമ്മീഷന്‍ ചെയര്‍മാന്‍ യു നിസാര്‍ അഹമ്മദ് സ്ഥലം സന്ദര്‍ശിച്ച് അധികൃതരെ വിമര്‍ശിച്ചു. നിയമപരമായ നടപടികള്‍ പാലിക്കാതെയാണ് ഒഴിപ്പിക്കലെന്നും പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

തകര്‍ന്ന വീടുകളുടെയും തെരുവില്‍ കഴിയുന്ന കുടുംബങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതോടെ, കോണ്‍ഗ്രസ് സര്‍ക്കാര്‍ മുമ്പ് എതിര്‍ത്ത 'ബുള്‍ഡോസര്‍ ഭരണം' രഹസ്യമായി സ്വീകരിക്കുന്നുവെന്ന ചര്‍ച്ച വീണ്ടും ഉയരുകയാണ്. കേരളത്തിലും ഇടതുമുന്നണി ഇക്കാര്യം എറ്റെടുത്തിട്ടുണ്ട്. മുസ്ലീം സംരക്ഷകരെന്ന് പറയുന്ന കോണ്‍ഗ്രസോ മുസ്ലീം ലീഗോ ഇതേക്കുറിച്ച് പ്രതികരിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags