സി.പി.ഐ നേതാവ് കോമത്ത് മുരളിയെ തീർക്കാൻ 'കാപ്പ' കുരുക്ക് ; പോലീസിനെ മുൻനിർത്തി തളിപ്പറമ്പിൽ സി.പി.എമ്മിൻ്റെ രാഷ്ട്രീയ വേട്ടയാടലെന്ന്
തളിപ്പറമ്പ്: സി.പി.ഐ നേതാവും തളിപ്പറമ്പ് നഗരസഭ മുൻ കൗൺസിലറുമായ കോമത്ത് മുരളീധരനെതിരെ കാപ്പ (KAAPA) ചുമത്തി നാടുകടത്താൻ നീക്കം നടക്കുന്നതായി വ്യാപക പരാതി ഉയരുന്നു. രാഷ്ട്രീയ പ്രേരിതമായി മുരളീധരനെ വേട്ടയാടാൻ പോലീസിനുമേൽ ഭരണകക്ഷിയിലെ ഒരു വിഭാഗം കടുത്ത സമ്മർദ്ദം ചെലുത്തുന്നതായാണ് ആക്ഷേപം. വർഷങ്ങൾക്കു മുൻപുള്ള കേസുകൾ ഉൾപ്പെടെ ആയുധമാക്കിയാണ് ഇത്തരമൊരു നീക്കം അണിയറയിൽ ഒരുങ്ങുന്നത്. ഇതിനായി ചില പോലീസ് ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകുന്നതായും ആക്ഷേപമുണ്ട്. എന്നാൽ, പാർട്ടിയുടെ ജില്ലാ കൗൺസിൽ അംഗത്തെ കള്ളക്കേസിൽ കുടുക്കി നാടുകടത്താനുള്ള നീക്കത്തെ എന്തു വിലകൊടുത്തും പ്രതിരോധിക്കാനാണ് സി.പി.ഐ തീരുമാനം.
tRootC1469263">കഴിഞ്ഞ വർഷത്തെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് മാന്ധംകുണ്ട് റസിഡൻസ് അസോസിയേഷനും സി.പി.എം ആഭിമുഖ്യമുള്ള യുവധാര ക്ലബും തമ്മിലുണ്ടായ തർക്കമാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. ഈ സംഭവത്തിൽ മുരളിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഇതിനുശേഷം ഒരു സാമ്പത്തിക തർക്കം പരിഹരിക്കുന്നതിനിടെ മുരളീധരന് നേരെ ക്രൂരമായ ആക്രമണമുണ്ടാവുകയും കാലിന് ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളം കിടപ്പിലാവുകയും ചെയ്തു. എന്നാൽ അക്രമിക്കപ്പെട്ട മുരളിക്കെതിരെ തന്നെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുന്ന വിചിത്രമായ നടപടിയാണ് പോലീസ് സ്വീകരിച്ചത്.

പിന്നീട് വന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് വേളകളിലും കരുതൽ തടങ്കൽ എന്ന പേരിൽ മുരളീധരനെ പോലീസ് ലക്ഷ്യം വെച്ചു. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് എഴുന്നേൽക്കാൻ പോലും വയ്യാതിരുന്നിട്ടും വീൽചെയറിലാണ് അദ്ദേഹം ആർ.ഡി.ഒ ഓഫീസിൽ ഹാജരായത്. ഇക്കഴിഞ്ഞ ഡിസംബർ 31ന് പുലർച്ചെ 'സംശയകരമായ സാഹചര്യത്തിൽ മാന്ധംകുണ്ടിൽ പതുങ്ങിനിന്നു എന്നാരോപിച്ച് ഭാരതീയ ന്യായ സംഹിതയിലെ 170-ാം വകുപ്പ് പ്രകാരം അദ്ദേഹത്തെ മുൻകരുതൽ അറസ്റ്റ് ചെയ്തതോടെയാണ് വിവാദം ശക്തമായത്. സാമൂഹ്യ വിരുദ്ധർക്കെതിരെ ഉപയോഗിക്കുന്ന ഈ വകുപ്പ് ഒരു ജനപ്രതിനിധിയായിരുന്ന നേതാവിനെതിരെ പ്രയോഗിച്ചത് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനാണെന്ന് സി.പി.ഐ ആരോപിക്കുന്നു.
മുരളീധരനെതിരെ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിലെ പരാമർശങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണങ്ങൾ അഴിച്ചുവിടാൻ രാഷ്ട്രീയ എതിരാളികൾക്ക് സൗകര്യമൊരുക്കി നൽകുകയാണ് പോലീസ് ചെയ്തത്. ഡിസംബർ 31-ന് മുരളിക്കൊപ്പം മൂന്ന് സി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പോലീസ്, മറുവിഭാഗത്തിലുള്ളവർക്ക് നോട്ടീസ് പോലും നൽകിയില്ല. സി.പി.എം പ്രവർത്തകരുടെ ഫോൺ നമ്പർ അറിയില്ലെന്ന വിചിത്രമായ ന്യായമാണ് ഇതിന് പോലീസ് നൽകിയത്.
റസിഡൻസ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കാനിരുന്ന കലാകാരന്മാരെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. സി.പി.എം നേതൃത്വത്തിൽ ഉള്ള സമയത്തെ പഴയ രാഷ്ട്രീയ കേസുകൾ കുത്തിപ്പൊക്കി മുരളീധരനെ കാപ്പ ചുമത്തി പുറത്താക്കാനുള്ള നീക്കം രാഷ്ട്രീയമായ പകപോക്കലാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
.jpg)


