വിനോദയാത്ര വൈബാക്കാൻ പാട്ടുപാടി; ഒടുവിൽ സമൂഹമാധ്യമങ്ങളിൽ താരമായി കണ്ണൂരിലെ കൊച്ചു മിടുക്കൻ..

surya kiran

വിനോദയാത്ര കൂടുതൽ മനോഹരമാക്കാൻ പാട്ടുപാടി വൈറലായിരിക്കുകയാണ് കണ്ണൂരിലെ ഒരു കൊച്ചു മിടുക്കൻ. തളിപ്പറമ്പ് തൃച്ചംബരം യു.പി. സ്കൂളിലെ ആറാം ക്ലാസ്സുകാരൻ സൂര്യ കിരണാണ് വിനോദയാത്ര വൈബാക്കാൻ പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ താരമായത്. സ്കൂളിൽ നിന്നും വയനാട്ടിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയായിരുന്നു വൈറൽ ഗാനം പിറവിയെടുത്തത്. 

അധ്യാപകരായ ജ്യോതിസും ശ്യാം കൃഷ്ണനും ചേർന്നായിരുന്നു യാത്ര കുറച്ചുകൂടി രസകരമാക്കാൻ  സൂര്യ കിരണിനെക്കൊണ്ട് പാട്ടു പാടിച്ചത്. തുടർന്ന് അധ്യാപക കൂട്ടായ്മയുടെ ഫേസ്ബുക് ഗ്രൂപ്പിൽ പങ്കുവച്ച ഗാനം കേരളമൊട്ടാകെയുള്ള ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. സൂര്യ കിരണിന്റെയുള്ളിലെ ഗായകനെ ആദ്യം തിരിച്ചറിഞ്ഞത് വല്യ മാമൻ നിതിനായിരുന്നു. വീടിനടുത്തുള്ള വായനശാലയിലെ പരിപാടിയിൽ പാട്ടു പാടിയാതിരുന്നു തുടക്കം .അന്ന് ആ പാട്ട് കുഞ്ഞു സൂര്യ കിരണിനെ പഠിപ്പിച്ചതും മാമൻ തന്നെയായിരുന്നു.

രണ്ടാം ക്ലാസ്സ്‌ മുതലാണ് സൂര്യ കിരൺ ശാസ്ത്രീയമായി പാട്ട് അഭ്യസിക്കാൻ തുടങ്ങിയത്. തൃച്ഛംബരത്തെ സുവർണ്ണ ടീച്ചറാണ് ഗുരു. തളിപ്പറമ്പ് ചെപ്പനൂലിലെ ഷാജി- രമ്യ ദമ്പതികളുടെ മകനാണ് സൂര്യ കിരൺ. 10 ആം ക്ലാസ് വിദ്യാർത്ഥി ഷാരോൺ സഹോദരനാണ്. നിരവധിപ്പേരാണ് ഈ വൈറൽ ഗായനെ അഭിനന്ദിക്കാൻ എത്തുന്നത്.