കണ്ണൂരിന്റെ മണ്ണിൽ ഓറഞ്ച് വിളയിച്ച് തളിപ്പറമ്പ് സ്വദേശി

വൈറ്റമിനുകളായ സി, എ, ബി, പലതരത്തിലുള്ള ഡയറ്ററി നാരുകൾ, ബീറ്റ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ഫൈറ്റോകെമിക്കലുകൾ എന്നിവയെല്ലാം അടങ്ങിയ ഓറഞ്ച് രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്. അങ്ങനെയുള്ള ഓറഞ്ച് നമുക്ക് നമ്മുടെ വീട്ടിൽ കൃഷിചെയ്താലോ..എല്ലാമണ്ണിലും ഓറഞ്ച് കൃഷിചെയ്യാൻ കഴിയില്ല എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. മനസ്സുവച്ചാൽ എവിടെയും ഓറഞ്ചുകൾ കൃഷിചെയ്ത് വിജയം കൊയ്യാം എന്ന് തെളിയിക്കുകയാണ് കണ്ണൂർ തളിപ്പറമ്പിലെ എം. വി ഗണേശൻ.
tRootC1469263">കേരളത്തിൽ വ്യാപകമല്ലെങ്കിലും ഹൈ റെയ്ഞ്ച് മേഖലകൾ ഓറഞ്ചു കൃഷിക്ക് ഏറെ അനിയോജ്യമാണ്. അതേസമയം കണ്ണൂർ ജില്ലയിലെ കാലാവസ്ഥയിൽ ഓറഞ്ച് കായ്ക്കുക എന്നത് വളരെ അപൂർവമാണ്. ഈ ഒരു സാഹചര്യത്തിൽ കൃത്യമായ പരിചരണത്തിലൂടെയാണ് ഗണേശൻ വീട്ടിൽ ഓറഞ്ച് വിളയിച്ചെടുത്തത്. മാന്ധം കുണ്ടിലെ ഗണേശന്റെ വീടിനോട് ചേർന്നുള്ള മരത്തിലാണ് മുപ്പത്തിലധികം ഓറഞ്ചുകൾ ഇപ്പോൾ കായ്ച്ചു നിൽക്കുന്നത്.

ചൂട് കാലാവസ്ഥയിലും പച്ചയും ഓറഞ്ചും നിറങ്ങളിൽ വലിപ്പം കുറഞ്ഞ ഓറഞ്ചുകൾ ഏവരുടെയും മനം കവരും. കൂലിപ്പണിക്കാരനായ ഗണേശന് വീട്ടുപറമ്പിൽ നിന്നും തന്നെയാണ് ഓറഞ്ചിന്റെ തൈ ലഭിച്ചത്. 15 വർഷത്തിലധികമായി കൃത്യമായി ചാണക പൊടിയും, എല്ലുപൊടിയും വെള്ളവും തണുപ്പ് നിലനിർത്താൻ സീമക്കൊന്നയുടെ ഇലകളും ഉപയോഗിച്ചതിന്റെ ഫലമാണ് ചൂട് കാലാവസ്ഥയിലും ഇത്രയധികം ഫലങ്ങൾ ലഭിച്ചത്. ആദ്യമായി വിളവ് ലഭിച്ചതിനാൽ രുചിച്ച് നോക്കിയെങ്കിലും പുളി രസമാണ് ഓറഞ്ചിനെന്നാണ് ഗണേശൻ പറയുന്നത്.
കഴിഞ്ഞ വർഷം മരത്തിൽ ഓറഞ്ച് കായ്ച്ചെങ്കിലും എല്ലാം പെട്ടെന്ന് വീണ് നശിച്ചു പോയി. സാധാരണ ഓറഞ്ചിന്റെ വലിപ്പമില്ലെങ്കിലും ഇത്തവണ നിറയെ കായ്കൾ ഉണ്ടായത്തിന്റെ സന്തോഷത്തിലാണ് ഗണേശൻ. വരും വർഷങ്ങളിലും കൂടുതൽ ഓറഞ്ച് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗണേശനും കുടുംബവും.