കത്തിക്കയറി എരിഞ്ഞടങ്ങി; കണ്ണൂരിൻ്റെ ദിവ്യപ്രകാശം മങ്ങുമ്പോൾ


സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി ദിവ്യ. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമാനങ്ങളും പാർട്ടി ഭാരവാഹിത്വങ്ങളും അവരിൽ നിന്ന് അഴിച്ചുമാറ്റിയിരിക്കുകയാണ്.
കണ്ണൂർ: രാഷ്ട്രീയമെന്നാൽ പാമ്പും കോണിയുമെന്നതുപോലെ അനിശ്ചിതത്വമാണ്. കഴിവുള്ളവർ ഉയർന്ന സ്ഥാനങ്ങളിലെത്താം. നിലപാടില്ലാതെ അടിമത്വം കാണിക്കുന്ന വിധേയർ ഉയരങ്ങളിലുമെത്താം. പാർട്ടികളുടെ നേതൃസ്ഥാനങ്ങളിലും ജനപ്രതിനിധികളായി മാറണമെങ്കിലും ഒട്ടേറെ സഹനവഴികൾ താണ്ടേണ്ടതായി വരും. ഇങ്ങനെ നേതൃപദവിയിലെത്തു ത്തവർക്ക് ചുവടും വാക്കുകളും പിഴച്ചുപോയാൽ തങ്ങളുടെ കരിയർ തന്നെ അവസാനിപ്പിക്കേണ്ടതായി വരും. ഇതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി ദിവ്യ. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമാനങ്ങളും പാർട്ടി ഭാരവാഹിത്വങ്ങളും അവരിൽ നിന്ന് അഴിച്ചുമാറ്റിയിരിക്കുകയാണ്.
ഇത്രയും കാലം പൊതുരംഗത്ത് നിറഞ്ഞുനിന്ന ദിവ്യ ഇപ്പോൾ ഒരു സാധാരണ യുവതിയായി പെരുവഴിയിലായിരിക്കുകയാണ്. കീഴ്ഘടകമായ ബ്രാഞ്ച് കമ്മിറ്റിയിൽ ഇനി ഏറെക്കാലം അവർക്ക് ഇരിക്കേണ്ടിവരും. എസ്. എഫ്. ഐ യിലും ഡി.വൈ.എഫ്.ഐ യിലും പ്രവർത്തിച്ച കാലയളവിൽ പൊലിസ് മർദ്ദനങ്ങളും ജയിൽവാസവും അവർ അനുഭവിച്ചിട്ടുണ്ട്. പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളേജിൽ പഠിക്കുമ്പോൾ കണ്ണുർ സർവകലാശാലയുടെ ഗോൾവലയം കാത്ത ഫുട്മ്പോൾ താരമായിരുന്നു ദിവ്യ യൂനിയൻ ഭാരവാഹിയായും അവർ മികവ് തെളിയിച്ചു. കലാ സാംസ്കാരിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ അവർ നടത്തിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പ്രസിഡൻ്റ് എന്നിങ്ങനെയുള്ള ഉത്തരവാദിത്വങ്ങളിൽ ഭരണ പാടവം കൊണ്ടു അവർ തിളങ്ങി.
പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവർക്ക് പിൻഗാമിയായി പാർട്ടിയുടെയും ഭരണതലങ്ങളിലും ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കാൻ പ്രാപ്തയായിരുന്നു അവർ. ഭാവിയിലെ എം.എൽ.എ യായും മന്ത്രിയായും എം.പിയായും ദിവ്യയെ കണ്ടവരുണ്ട്. ഒരു നാക്ക് പിഴയും ഔചിത്യബോധമില്ലായ്മയും എടുത്തു ചാട്ടവുമാണ് ദിവ്യയെ ഈ ദുർഗതിയിലേക്ക് എത്തിച്ചത്. ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിക്കെതിരെ മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും നിലപാടുകൾ വ്യക്തമാക്കി കൊണ്ടാണ് അവർ മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയി. വ്യക്തിഗതമായ ഭീഷണിയാണ് ക്ഷണിക്കപ്പെടാതെ പരിപാടിയിൽ പങ്കെടുത്ത ദിവ്യ യിൽ നിന്നുണ്ടായത്. അതാകട്ടെ 30 വർഷം സത്യസന്ധനയായി ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥൻ്റെ ആതഹത്യയ്ക്കും ഇടയാക്കി. എ.ഡി.എം ജീവനൊടുക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിവ്യ പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അവർക്ക് പ്രതികൂലമായാണ് ഭവിച്ചത്. കേരളത്തിൻ്റെ ചരിത്രത്തിൽ ഇല്ലാത്ത മാധ്യമ വേട്ടയാണ് ദിവ്യ യ്ക്കെതിരെ പിന്നീട് നടന്നത്. ഒരു സ്ത്രീയെന്ന പരിഗണന നൽകാതെ സോഷ്യൽ മീഡിയയിലെ മാധ്യമധാർമ്മികത ഇല്ലാത്തവൻമാരും അവരെ കടിച്ചു കീറി.

പ്രതിപക്ഷം ഇതൊരു സുവർണാവസരമായി കണ്ടപ്പോൾ 18 ദിവസം നീണ്ടുനിന്ന പ്രതിഷേധ സമരങ്ങളാണ് കണ്ണൂരിൽ നടന്നത്. ഇതിൽ പലതും അക്രമ സമരങ്ങളായി മാറിയിരുന്നു. കലക്ടറേറ്റും ജില്ലാ പഞ്ചായത്ത് ഓഫിസും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ കാര്യാലയവും സമരവേദികളായി മാറി. ഒടുവിൽ ആത്മഹത്യ പ്രേരണാ കുറ്റക്കേസിൽ മുൻകൂർ ജാമ്യ ഹരജി നിരസിക്കപ്പെട്ട് ദിവ്യ പള്ളിക്കുന്നിലെ വനിതാ ജയിലിനകത്താവുകയും ചെയ്തു. ഇനി ദിവ്യയുടെ മുൻപിൽ നിയമപോരാട്ടമാണ് ഏക പോംവഴി. എന്നാൽ ഈ പോരാട്ടത്തിന് പിൻതുണ നൽകാൻ അവർ ജീവനുതുല്യം സ്നേഹിച്ച പാർട്ടിയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ആദ്യം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കിയ പാർട്ടി അവരെ ഇപ്പോൾ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ബ്രാഞ്ചിലേക്ക് ഒതുക്കിയിരിത്തിയിരിക്കുകയാണ്. ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവിനും കുടുംബത്തിനും ഉറച്ച പിൻതുണയുമായെത്തിയ പത്തനംതിട്ടയിലെ സി.പി.എം ജില്ലാ കമ്മിറ്റിയുടെ കടുത്ത നിലപാടും ആസന്നമായ ഉപതെരഞ്ഞെടുപ്പുകളുമാണ് ദിവ്യയെ കൈയ്യൊഴിയാൻ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ഇതോടെ ദിവ്യയെ മറപറ്റി പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് വിചാരം. അഗ്നി ശുദ്ധി വരുത്തി പാർട്ടി നേതൃത്വത്തിലേക്ക് കടന്നു വരാൻ ദിവ്യ യ്ക്ക് ഇനിയും ഏറെക്കാലമെടുക്കും. 39 വയസിനിടെയിൽ പൊതുരംഗത്തായിരുന്നു അവർ കൂടുതൽ ജീവിച്ചിരുന്നത്. സ്വന്തമായി ഒരു ജോലിയോ അസ്തിത്വമോ യുണ്ടാക്കാൻ അവർക്ക് അവസരം കിട്ടിയിരുന്നില്ല. ഇത്ര കാലം ചാരി നിന്ന പാർട്ടിയെന്ന ചുമർ തൻ്റെ പുറകിൽ നിന്നും മാറിയപ്പോൾ ദുർബലമായിരിക്കുകയാണ് ദിവ്യയുടെ രാഷ്ട്രീയ ജീവിതം. കണ്ണൂരിൻ്റെ ദിവ്യപ്രകാശം മങ്ങുമ്പോൾ ഇത്തരം ചില കാഴ്ച്ചകളാണ് കാണുന്നത്.