'കണ്ണൂര്‍ കൃഷ്ണ ജ്വല്‍സ് അക്കൗണ്ടന്റ് സിന്ധു സമ്പാദിച്ചത് കോടികള്‍, ആഡംബര വീടുകളും വാഹനങ്ങളും വാങ്ങിക്കൂട്ടി'

sindhu krishna jewels
sindhu krishna jewels

കണ്ണൂര്‍: കണ്ണൂരിലെ കൃഷ്ണ ജ്വല്‍സിലെ അക്കൗണ്ടന്റ് സിന്ധുവിനായി പോലീസ് അന്വേഷണം തുടരുകയാണ്. സ്ഥാപനത്തില്‍ നിന്നും ഏഴരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ യുവതിയെ ഇനിയും കണ്ടെത്താനായില്ല. സിന്ധു വിദേശത്തേക്ക് കടക്കുന്നത് തടയാനായി പോലീസ് വിമാനത്താവളങ്ങള്‍ക്ക് ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

tRootC1469263">

കൃഷ്ണ ജ്വല്‍സിന്റെ മാനേജിങ് പാര്‍ട്ണര്‍ സി വി രവീന്ദ്രനാഥ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറക്കല്‍ കടലായി ക്ഷേത്രത്തിന് സമീപം കൃഷ്ണാഞ്ജലിയില്‍ സിന്ധുവിനെതിരെ കേസെടുത്തത്. ഓഡിറ്റിങ്ങില്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. സിന്ധു ഓഡിറ്ററെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

നിലവില്‍ കണ്ണൂര്‍ എ.സി.പി.യുടെ മേല്‍നോട്ടത്തില്‍ ടൗണ്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് കൈമാറിയേക്കും. 2004 മുതല്‍ സിന്ധു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഈ കാലയളവില്‍ ജ്വല്‍സില്‍ നിന്നും പല അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് ആരോപണം. സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട വിവിധ നികുതികളിലും തിരിമറി നടത്തിയതായി ജീവനക്കാര്‍ പറഞ്ഞു.

സ്ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്ന് 7,55,30,644 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. സംശയം ഉയര്‍ന്നതോടെ സിന്ധു മുങ്ങുകയായിരുന്നു. കഴിഞ്ഞയാഴ്ച മംഗളുരുവില്‍ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് പോയ പ്രതി പിന്നീട് തിരിച്ചെത്തിയില്ല. ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലാണ്.

സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ സിന്ധു കോടികളുടെ ആസ്തിയാണ് സ്വന്തമാക്കിയതെന്ന് ആരോപിക്കപ്പെടുന്നു. രണ്ട് ആഡംബര വീടും നാല് വാഹനങ്ങളും കൂടാതെ പലയിടങ്ങളിലായി ഭൂമിയും വാങ്ങിക്കൂട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റേയും ബന്ധുക്കളുടേയും പേരിലായിരുന്നു ഇടപാട്. ഇതേക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുകയാണ്. ഭീമമായ തുക നഷ്ടമായിട്ടും കണ്ടെത്താന്‍ വൈകിയത് പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി.

 

Tags