ബിജെപി നേതാവായ രാധാകൃഷ്ണന്റെ ഭാര്യയുമായി ഒരുമിച്ച് ജീവിക്കാന്‍ പദ്ധതിയിട്ടെന്ന് സന്തോഷ്, ക്ലാസ്‌മേറ്റ് സംഗമത്തില്‍ മിനിയുമൊത്ത് ഫോട്ടോ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


രാധാകൃഷ്ണന്റെ ഭാര്യയും ബിജെപി ജില്ലാ നേതാവുമായ മിനി നമ്പ്യാരുമൊത്ത് ഒരുമിച്ച് ജീവിക്കുകയായിരുന്നു സന്തോഷിന്റെ ലക്ഷ്യം.
കണ്ണൂര്‍: കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് മാതമംഗലം പുനിയങ്കോട് വടക്കേടത്തുവീട്ടില്‍ കെ കെ രാധാകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി എന്‍കെ സന്തോഷ് നിര്‍ണായക വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തി. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ സിഐ എംപി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
രാധാകൃഷ്ണന്റെ ഭാര്യയും ബിജെപി ജില്ലാ നേതാവുമായ മിനി നമ്പ്യാരുമൊത്ത് ഒരുമിച്ച് ജീവിക്കുകയായിരുന്നു സന്തോഷിന്റെ ലക്ഷ്യം. ഇരുവരും അടുപ്പത്തിലായിരുന്നു. ക്ലാസ്‌മേറ്റ് ഗ്രൂപ്പിലൂടെ കൂടുതല്‍ അടുത്ത ഇവര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനിടെ ഒരുമിച്ച് ഫോട്ടോയുമെടുത്തു. ഈ ഫോട്ടോ രാധാകൃഷ്ണന് അയച്ചുകൊടുത്തത് സന്തോഷുമായുള്ള വഴക്കിനിടയാക്കിയെന്നാണ് മൊഴി.

ഫോട്ടോ കണ്ടതോടെ മിനിയുമായി വഴക്കിട്ട രാധാകൃഷ്ണന്‍ സന്തോഷിനെ വിളിച്ച് മിനിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ മിനി സന്തോഷിനെ ഫോണില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ സന്തോഷ് ഗൂഢാലോചന നടത്തുന്നത്. മിനിയുമൊത്ത് ജീവിക്കുകയായിരുന്നു ഉദ്ദേശമെന്ന് സന്തോഷ് മൊഴി നല്‍കി.
രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുന്‍പും ശേഷവും സന്തോഷ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ മിനിയുടെ വീട്ടിലെത്തി. എന്നാല്‍, അതിനുമുന്‍പ് കൊലപാതക വാര്‍ത്തയറിഞ്ഞ മിനി അവിടെനിന്നും പോയിരുന്നു. രാധാകൃഷ്ണന്റെ ഭാര്യയുടെ മൊഴി എടുത്തശേഷം മാത്രമേ സന്തോഷിന്റെ മൊഴിയുടെ വിശ്വാസ്യത പോലീസ് ഉറപ്പിക്കുകയുള്ളൂ.
കൊലപാതകത്തില്‍ മിനിക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി കോള്‍ ഡീറ്റെയ്ല്‍സ് റിപ്പോര്‍ട്ട് പരിശോധിക്കും. സിഡിആറിനുള്ള അപേക്ഷ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. സിഡിആര്‍ ലഭിച്ചശേഷം, മിനി നമ്പ്യാരെ ചോദ്യംചെയ്യും.
മിനി നമ്പ്യാര്‍ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്നതും സംഭവം നടന്ന ദിവസം ഇവര്‍ തമ്മില്‍ സംസാരിച്ചിരുന്നോ എന്നതുമുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. മിനിയുമായുള്ള സൗഹൃദം തുടരാന്‍ അനുവദിക്കാത്തതിലെ വിരോധംമൂലമാണ് സന്തോഷ് കൊന്നതെന്ന് രാധാകൃഷ്ണന്റെ മകന്‍ മൊഴി നല്‍കിയിട്ടുണ്ട്.