മുസ്ലീം പ്രീണനമല്ല ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം, ക്രൈസ്തവ, ഹിന്ദു വോട്ടുകളും കുറഞ്ഞു, വെള്ളാപ്പള്ളിയുടെ പരാമര്‍ശം ബിജെപിയെ സഹായിക്കുന്നതെന്നും കെടി ജലീല്‍

KT Jaleel

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് പ്രധാന കാരണമായി പറയുന്നത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ്. പ്രത്യേകിച്ചും മുസ്ലീം വോട്ടുകള്‍ പ്രതീക്ഷിച്ച രീതിയില്‍ ഇടതുപക്ഷത്തിന് ലഭിച്ചില്ല. പലസ്തീന്‍, പൗരത്വ വിഷയങ്ങളില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചപ്പോള്‍ മുന്നില്‍ നിന്നും നിലപാടെടുത്തത് ഇടതുപക്ഷമാണ്. മുസ്ലീങ്ങള്‍ക്കൊപ്പം നിന്നിട്ടും അവര്‍ യുഡിഎഫിന് വോട്ടു ചെയ്‌തെന്നും വിലിയിരുത്തലുകളുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിശദീകരിക്കവെ അമിതമായ മുസ്ലീം പ്രീണനമല്ല ഇടതുമുന്നണിയുടെ തോല്‍വിക്കിടയാക്കിയതെന്ന് കെടി ജലീല്‍ എംഎല്‍എ പറഞ്ഞു. ക്രൈസ്തവ ഹിന്ദു വോട്ടുകളും കുറഞ്ഞെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്ലീം വിരുദ്ധ നിലപാടുകളും പരാമര്‍ശങ്ങളും ഈഴവ വോട്ടുകള്‍ ബിജെപിയില്‍ കേന്ദ്രീകരിക്കാന്‍ ഇടയായിട്ടുണ്ടെന്ന് ജലീല്‍ പറയുന്നു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പരാജയ കാരണം മുസ്ലിം പ്രീണനമോ?

അമിതമായ മുസ്ലിം പ്രീണനമാണ് ഇടതുപക്ഷത്തിന്റെ ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായതെന്ന മട്ടില്‍ ചില ദുഷ്പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പരക്കുന്നുണ്ട്. പൗരത്വഭേദഗതി നിയമത്തിലും ഫലസ്തീന്‍ പ്രശ്‌നത്തിലും ഇടതുപക്ഷം സ്വീകരിച്ച ശക്തമായ നിലപാടുകളാണ് പ്രീണന കാര്യങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ രണ്ട് കാര്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനം തികച്ചും മനുഷ്യത്വപരമാണ്. മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കപ്പെടുന്നതിന്റെ ഇരകള്‍ സിക്കുകാരോ പാര്‍സികളോ ജൂതന്‍മാരോ ക്രൈസ്തവരോ മാറ്റാരെങ്കിലുമോ ആയിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ നയം ഇതുതന്നെ ആകുമായിരുന്നു. മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലോ അഭ്യര്‍ത്ഥിച്ചതിന്റെ വെളിച്ചത്തിലോ ആയിരുന്നില്ല ഇടതുപാര്‍ട്ടികളുടെ ഈ രണ്ടു വിഷയങ്ങളിലെയും സമീപനങ്ങള്‍. ആഗോള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പൊതുനയത്തിന്റെ ഭാഗമായിരുന്നു അത്.

പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്തതിന്റെ പേരിലോ പാലസ്തീന്‍ പ്രശ്‌നത്തില്‍ നിഷ്ഠൂരം കൊലച്ചെയ്യപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്റെ കാരണമായി ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അവസര നഷ്ടമോ സാമ്പത്തിക നഷ്ടമോ സംഭവിച്ചതായി അറിവില്ല. മണിപ്പൂര്‍ കലാപത്തില്‍ ഇടതുപാര്‍ട്ടികള്‍ ശക്തമായി ബി.ജെ.പിയെ എതിര്‍ത്തത് കൊല്ലപ്പെട്ടവരും ആക്രമിക്കപ്പെട്ടവരും ക്രൈസ്തവരായത് കൊണ്ടല്ല. മാനവികത മുഖമുദ്രയാക്കിയ ഏത് പാര്‍ട്ടിയുടെയും ഉത്തരവാദിത്തം എന്ന നിലക്കാണ്. ആ പിന്തുണ പക്ഷെ, ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണമായി ഒരാളും പറയുന്നില്ല താനും. മുസ്ലിം വോട്ടു പോലെത്തന്നെ ക്രൈസ്തവ വോട്ടുകളും ഇടതുപക്ഷമുന്നണിക്ക് നഷ്ടമായിട്ടുണ്ട്. അത്പക്ഷെ എവിടെയും ആരും ചര്‍ച്ചയാക്കിയത് കണ്ടില്ല. ഇടതുപക്ഷത്തിന് പരമ്പരാഗതമായി  കിട്ടിക്കൊണ്ടിരുന്ന ഹിന്ദു വോട്ടുകളും മറുകണ്ടം ചാടിയിട്ടുണ്ട്. അത് പക്ഷെ ചര്‍ച്ചയായിട്ടില്ല.. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ബി.ജെ.പിക്ക് 3.7 ശതമാനം വോട്ടുകളാണ് കൂടിയത്. അതില്‍ മുസ്ലിങ്ങളുടെ പങ്ക് വിരലിലെണ്ണാവുന്നതേ ഉണ്ടാകൂ. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസമില്ലാത്ത പാവങ്ങള്‍ക്കിടയില്‍ നിന്ന് 'ഇസ്ലാമോഫോബിയ' നാടുനീങ്ങുമ്പോള്‍ അത് സിരകളിലേക്ക് പടര്‍ന്ന് കയറുന്നത് വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന മലയാളികള്‍ക്കിടയിലേക്കാണോ?


വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പിയുടെ പ്രഗല്‍ഭനായ നേതാവാണ്. തന്റെ സമുദായത്തിന്റെ വ്യാകുലതകളും ആശങ്കകളും അദ്ദേഹം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. തന്റെ വാദത്തിന് ഒരു 'പഞ്ച്' കിട്ടാന്‍ മുസ്ലിങ്ങള്‍ക്ക് മുന്തിയ പരിഗണനയും അവസരങ്ങളും ലഭിക്കുന്നു എന്ന തരത്തില്‍ അവാസ്തവം എഴുന്നള്ളിച്ചത് ഒട്ടും ശരിയായില്ല. കാലങ്ങളായി നിലനില്‍ക്കുന്ന ഈഴവ-മുസ്ലിം സൗഹൃദം തകര്‍ക്കാനേ സത്യസന്ധമല്ലാത്ത അത്തരം അസത്യങ്ങള്‍ ഉപകരിക്കൂ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വന്നത്. അ സര്‍വകലാശാലക്ക് ശ്രീനാരയണഗുരുവിന്റെ പേര് നല്‍കണമെന്ന നിര്‍ദ്ദേശം മുഖ്യന്ത്രിയോടും അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും ആദ്യമായി മുന്നോട്ടു വെച്ചത് വകുപ്പു മന്ത്രി എന്ന നിലയില്‍ ഈയുള്ളവനാണ്. ഇരുവരും അത് സ്വീകരിച്ചു. പ്രഥമ ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ: മുബാറക്പാഷയെ സര്‍ക്കാര്‍ നിയമിച്ചപ്പോള്‍ എന്നെ ഒറ്റതിരിഞ്ഞ് അക്രമിക്കാനും മുസ്ലിം തീവ്രനാക്കാനും സംഘി മനസ്സുള്ളവര്‍ രംഗത്തു വന്നു. അറിഞ്ഞോ അറിയാതെയോ വെള്ളാപ്പള്ളി നടേശന്‍ സാറും അതില്‍ പങ്കാളിയായി. എന്നെ വെറുമൊരു മലപ്പുറം മന്ത്രിയാക്കാനും അദ്ദേഹം മറന്നില്ല. അതിനുശേഷം ഞാനദ്ദേഹത്തെ പോയിക്കണ്ട് നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. അതോടെ ആ തെറ്റിദ്ധാരണ നീങ്ങി. വെള്ളാപ്പള്ളിയുടെ സ്‌നേഹോഷ്മളമായ ആതിഥ്യം സ്വീകരിച്ചാണ് അന്ന് മടങ്ങിയത്. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ ഇനിയും മാറിയിട്ടില്ലെന്നാണ് പുതിയ പ്രസ്താവനയിലൂടെ തെളിയുന്നത്. വെള്ളാപ്പള്ളി തന്നെ മുന്‍കയ്യെടുത്ത് തനിക്ക് പറ്റിയ അബദ്ധം തിരുത്തി നവോത്ഥാന സമിതിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള ഡോ: ഹുസൈന്‍ മടവൂരിന്റെ രാജി പിന്‍വലിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നാണ് എന്റെ വിനീതമായ പക്ഷം. അടിസ്ഥാനപരമായി വെള്ളാപ്പള്ളി നന്‍മയുള്ള മനുഷ്യനാണ്. ഡോ: മടവൂര്‍ തന്നെ അക്കാര്യം എന്നോട് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.

കേരളത്തിലെ മുസ്ലിങ്ങളില്‍ നല്ലൊരു ശതമാനം രാഷ്ട്രീയമായി മുസ്ലിംലീഗാണ്. ലീഗാവട്ടെ യു.ഡി.എഫിന്റെ ഘടകകക്ഷിയും. സ്വാഭാവികമായും ലീഗ് അനുഭാവികളായ മുസ്ലിങ്ങള്‍ യു.ഡി.എഫിനേ വോട്ട് ചെയ്യൂ. ലീഗ് നേതൃത്വം തെറ്റ് ചെയ്‌തെന്ന തോന്നല്‍ ഉണ്ടായ ഘട്ടങ്ങളില്‍ അവരെ തിരുത്താന്‍ ലീഗണികള്‍ ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടു ചെയ്യാന്‍ വലതുധാരയോട് ചേര്‍ന്നു നില്‍ക്കുന്ന മുസ്ലിം ജനവിഭാഗത്തിന് പ്രേരണയായതും ചരിത്രം. എന്നാല്‍ അതൊരു സ്ഥായിയായ പിന്തുണയായി കരുതേണ്ടതില്ല. ഇടതു ചേരിയോടൊപ്പമുള്ള മുസ്ലിങ്ങള്‍ ലീഗ് രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ ഒരു ദാക്ഷിണ്യവും കാണിക്കാറില്ല. സാമൂഹ്യ മാധ്യമങ്ങളിലെ വാക്‌പോരുകള്‍ ശ്രദ്ധിച്ചാല്‍ അത് ബോദ്ധ്യമാകും. ലോകസഭയിലേക്കും നിയമസഭയിലേക്കും രണ്ട് വോട്ടിംഗ് രീതികളാണ് കേരളീയര്‍ പൊതുവെ സ്വീകരിക്കാറ്. അതില്‍ നിന്ന് മുസ്ലിം ജനവിഭാഗവും മുക്തരല്ല. 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാമമാത്രമെങ്കിലും മുസ്ലിം വോട്ടുകള്‍ കിട്ടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാകും. അദ്ദേഹത്തിന്റെ താരപരിവേഷവും ചരിറ്റി പ്രവര്‍ത്തനങ്ങളും അതിന് പ്രേരകമായിട്ടുണ്ടാകാം. സുരേഷ് ഗോപിക്ക് ക്രൈസ്തവ വോട്ടുകളും യഥേഷ്ടം കിട്ടിയിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ 'ഭാരത് ധര്‍മ്മ ജന സേന''(BDJS) ഈഴവ വോട്ടുകളിലേക്ക് കടന്നുകയറി നാശനഷ്ടങ്ങള്‍ വിതച്ചത് കാണാതെ പോകരുത്. തുഷാറിലൂടെ ഈഴവ വിഭാഗത്തിലേക്ക് പാലം തീര്‍ക്കാനുള്ള ബി.ജെ.പി തന്ത്രം ഒരുപരിധി വരെ വിജയിച്ചു. വോട്ടിംഗ് പാറ്റേണ്‍ അതാണ് വ്യക്തമാക്കുന്നത്. മുസ്ലിം വോട്ടുകള്‍ കൊണ്ട് മാത്രം ലോകസഭാ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്ന രണ്ട് മണ്ഡലമേ കേരളത്തിലുള്ളൂ. അത് മലപ്പുറവും പൊന്നാനിയുമാണ്. മറ്റൊരു ലോകസഭാ മണ്ഡലത്തിലും മുസ്ലിങ്ങളുടെ വോട്ടുകൊണ്ടുമാത്രം ഒരു സ്ഥാനാര്‍ത്ഥിക്കും ജയിക്കാനാവില്ല. സത്യം ഇതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങള്‍ മതേതര കേരളത്തിന് ദോഷം ചെയ്യും.

 

Tags