ഇത് പാര്‍ട്ടി അണികള്‍ സെക്രട്ടറിക്ക് കൊടുത്ത പണി, സിപിഎം കോട്ടയായ തളിപ്പറമ്പില്‍ ഞെട്ടിച്ച് സുധാകരന്‍, ധര്‍മടവും മട്ടന്നൂരും കഷ്ടിച്ച് രക്ഷപ്പെട്ടു

K Sudhakaran jayaraja

കണ്ണൂര്‍: സിപിഎം സംസ്ഥാന നേതാക്കളുടെ തട്ടകത്തില്‍ റെക്കോര്‍ഡ് വിജയവുമായി കെ സുധാകരന്‍ പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ നാണക്കേടിലായത് സിപിഎം നേതൃത്വം. ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുമുതല്‍ അണികളുടെ വിമര്‍ശനത്തിന് ഇരയായ പാര്‍ട്ടി വന്‍ തോല്‍വിക്ക് മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടം, ശൈലജ ടീച്ചറുടെ മട്ടന്നൂര്‍ എന്നീ ഇടതുകോട്ടകളിലും സുധാകരന്റെ തേരോട്ടം കാണാം. ഇവിടെ ലീഡ് നേടാനായില്ലെങ്കിലും വന്‍ തോതില്‍ ഇടതുവോട്ടുകള്‍ സമാഹരിക്കാന്‍ സുധാകരന് സാധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പില്‍ 8,787 വോട്ടിന്റെ മേല്‍ക്കൈയാണ് സുധാകരന്. മട്ടന്നൂരിലും ധര്‍മടത്തും എല്‍.ഡി.എഫിന് ഭൂരിപക്ഷമുണ്ടെങ്കിലും 2019-ലേതിനേക്കാള്‍ കുറഞ്ഞു. ധര്‍മടം-2,616, മട്ടന്നൂര്‍-3,034 ലീഡുമായി എല്‍.ഡി.എഫ്. പിടിച്ചുനിന്നു.

2019-ലെ തിരഞ്ഞെടുപ്പില്‍, തളിപ്പറമ്പില്‍ 725 വോട്ടിന്റെ നേരിയ ലീഡേ സുധാകരനുണ്ടായിരുന്നുള്ളൂ. ധര്‍മടത്ത് 4,099 വോട്ടും മട്ടന്നൂരില്‍ 7,488 വോട്ടുമായി എല്‍.ഡി.എഫ്. മുന്നിലായിരുന്നു. ഇത്തവണ ലീഡ് രണ്ടിടത്തും കുറഞ്ഞു. മട്ടന്നൂരില്‍ കുറഞ്ഞത് പകുതിയിലധികമാണ്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്-22,698, ധര്‍മടം-50,123, മട്ടന്നൂര്‍:-60,963 എന്നിങ്ങനെയായിരുന്നു സിപിഎം നേതാക്കളുടെ ഭൂരിപക്ഷം. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ വോട്ടുകളെല്ലാം സുധാകരന് മറിഞ്ഞത് എങ്ങിനെയെന്നതാണ് സിപിഎമ്മിനെ അലട്ടുന്ന ചോദ്യം.

കണ്ണൂരിലെ ശക്തമായ സംഘടനാ സ്വാധീനത്തിനും വോട്ടുചോര്‍ച്ച തടയാനായില്ല. ന്യൂനപക്ഷ വോട്ടുകളെല്ലാം യുഡിഎഫില്‍ കേന്ദ്രീകരിച്ചു. പയ്യാവൂര്‍, ഇരിക്കൂര്‍, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലെ ഭൂരിപക്ഷം ഇതിന് തെളിവാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ നേട്ടവും സുധാകരന് ലഭിച്ചു.

കണ്ണൂരില്‍ പോള്‍ ചെയ്ത 10,44,860 വോട്ടിന്റെ 48.74 ശതമാനം സുധാകരന്‍ നേടി- 5,18,524 വോട്ട്. എം.വി. ജയരാജന്‍ 4,09,542 വോട്ട് നേടി-38.5 ശതമാനം. യു.ഡി.എഫ്. മുന്നേറ്റത്തിനിടയിലും എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. രഘുനാഥ് 50,000-ലധികം വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ നേടി-1,19,876 വോട്ട്. 11.27 ശതമാനം.

ജയരാജനെ സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ചത് അണികളില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. കരുത്തരായ യുവ നേതാക്കളിലൊരാളെ പ്രതീക്ഷിച്ച അണികള്‍ക്കിടയില്‍ കെട്ടിയറക്കപ്പെട്ട സ്ഥാനാര്‍ത്ഥിയായി ജയരാജന്‍ മാറിയെന്നത് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ജയിക്കുമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇപ്പോഴത്തെ യുഡിഎഫ് തരംഗത്തില്‍ ജയം എളുപ്പമാകില്ലെങ്കിലും സുധാകരന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിയുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ജില്ലാ സെക്രട്ടറിക്കും പാര്‍ട്ടി സെക്രട്ടറിക്കും അണികള്‍ നല്‍കുന്ന മുന്നറിയിപ്പാണ് കണ്ണൂരിലെ സുധാകരന്റെ വമ്പന്‍ വിജയം.

 

Tags