ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ ജയിച്ചാല്‍ ബിജെപിക്ക് കോളടിക്കും, കോണ്‍ഗ്രസിന്റേത് കൈവിട്ട കളിയോ

kc venugopal
kc venugopal

കൊച്ചി: സംസ്ഥാനത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ ആലപ്പുഴ സ്ഥാനാര്‍ത്ഥിയെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുറുകുന്നു. കോണ്‍ഗ്രസ് ദേശീയ നേതാവും സംഘടനാ ചുമതലുള്ള വ്യക്തിയുമായ കെസി വേണുഗോപാലാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാകുന്നത്. 2014ല്‍ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച വേണുഗോപാല്‍ 2019ല്‍ മത്സരരംഗത്തിറങ്ങിയില്ല.

tRootC1469263">

നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് കെസി വേണുഗോപാല്‍. രണ്ടുവര്‍ഷം കൂടി രാജ്യസഭാ അംഗമായി കാലവധി ഉണ്ടെങ്കിലും അതിന് മുന്‍പ് ലോക്‌സഭയിലെത്താനാണ് ആലപ്പുഴയില്‍ നിന്നും മത്സരിക്കുന്നത്. എന്നാല്‍, വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിച്ചാല്‍ കോളടിക്കുക ബിജെപിക്കായിരിക്കും. കാരണം, രാജ്യസഭയിലേക്ക് വരുന്ന ഒഴിവിലേക്ക് ബിജെപിക്ക് ജയിക്കാവുന്ന സാഹചര്യമാണുള്ളത്.

രാജ്യസഭയില്‍ ഏതുവിധേനയും ഭൂരിപക്ഷമുണ്ടാക്കാന്‍ വര്‍ഷങ്ങളായി ബിജെപി ശ്രമിച്ചുവരികയാണ്. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളപ്പോഴും ബില്ലുകളും മറ്റും പാസാക്കിയെടുക്കയെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായിരുന്നു. അടുത്തിടെ ചില സംസ്ഥാനങ്ങളില്‍ നേടിയ വിജയങ്ങളും, എതിര്‍ നേതാക്കളെ വരുതിക്കാക്കിയും രാജ്യസഭയില്‍ ഭൂരിപക്ഷത്തിനടുത്തെത്തി നില്‍ക്കുകയാണ് ബിജെപി.

അഞ്ചില്‍ താഴെ സീറ്റുകള്‍ കൂടി ലഭിച്ചാല്‍ ബിജെപിക്ക് രാജ്യസഭയിലും മേല്‍ക്കൈ നേടാം. ഇതിന് വഴിയൊരുക്കുന്നതാണ് കെസി വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് വിമര്‍ശനം. ആലപ്പുഴയില്‍ വേണുഗോപാല്‍ ജയിച്ചാല്‍ ഒരു രാജ്യസഭാ സീറ്റുകൂടി ബിജെപിക്ക് ലഭിക്കും. രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്നതോടെ ഇഷ്ടമുള്ള ബില്ലുകളെല്ലാം അനായാസം നിയമമാക്കാനുള്ള അവസരമാണ് ബിജെപിക്കുണ്ടാവുക.

ആലപ്പുഴയില്‍ സിറ്റിങ് എംപിയായ എഎം ആരിഫാണ് കെസി വേണുഗോപാലിന്റെ എതിരാളി. പരമാവധി സീറ്റുകളില്‍ ജയിച്ച് കേന്ദ്രത്തില്‍ അധികാരം പിടിക്കാനാണ് ആലപ്പുഴയില്‍ മത്സരിക്കുന്നതെന്നാണ് കെസി വേണുഗോപാലിന്റേയും കോണ്‍ഗ്രസ് നേതാക്കളുടേയും ന്യായം. എന്നാല്‍, എഎം ആരിഫ് ജയിച്ചാലും കേന്ദ്രത്തില്‍ ഇന്ത്യ മുന്നണിക്കൊപ്പമാണെന്നതിനാല്‍ ആരു ജയിച്ചാലും അത് ദേശീയ തലത്തില്‍ ബാധിക്കില്ല.

കാര്യങ്ങള്‍ ഇങ്ങനെ ആണെന്നിരിക്കെ രാജ്യസഭയിലെ ഒരു സീറ്റ് നഷ്ടമാക്കി ലോക്‌സഭയില്‍ ഒരു സീറ്റു നേടിയാല്‍ അത് കോണ്‍ഗ്രസിന് കനത്ത നഷ്ടവും ബിജെപിക്ക് നേട്ടവുമാണുണ്ടാക്കുക. യഥാര്‍ത്ഥത്തില്‍ രണ്ടുവര്‍ഷത്തെ കാലവധി മാത്രമുള്ള രാജ്യസഭാ സീറ്റ് വേണുഗോപാല്‍ ഉപേക്ഷിക്കുന്നത് ആലപ്പുഴയില്‍ ജയിച്ച് അടുത്ത അഞ്ചുവര്‍ഷം തന്റെ സ്ഥാനം സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്.

ശോഭാ സുരേന്ദ്രനാണ് ഇക്കുറി ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. ഏതു മണ്ഡലത്തില്‍ മത്സരിച്ചാലും ബിജെപിക്ക് വോട്ടുകളുയര്‍ത്താന്‍ കഴിവുള്ള നേതാവാണ് ശോഭാ സുരേന്ദ്രന്‍. മുന്നണികളെ മാറിമാറി ജയിപ്പിക്കുന്ന പതിവുള്ള ആലപ്പുഴയില്‍ ഇക്കുറി ശോഭയുടെ സാന്നിധ്യം ഏത് മുന്നണിക്കാകും തുണയാകുന്നത് എന്നത് കണ്ടറിയണം.

 

Tags