വിഷു ദിനത്തില്‍ മൂന്ന് കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനമൊരുക്കി കെ.സി

k c venugopal arranges love home for three families on vishu
k c venugopal arranges love home for three families on vishu

കെ.സി.വേണുഗോപാലുമായി നല്ലയടുപ്പം ഉണ്ടായിരുന്നിട്ടും മത്സ്യത്തൊഴിലാളിയായ ജോണ്‍ കുട്ടി തനിക്ക് സ്വന്തമായൊരു വീടെന്ന ആഗ്രഹം മനസിലൊതുക്കിയാണ്

ആലപ്പുഴ:  നന്മയുടെ സന്ദേശം പകരുന്ന വിഷു ദിനത്തില്‍ പൊതുപ്രവര്‍ത്തകന്റെ സ്‌നേഹ സ്പര്‍ശത്തിന്റെ ആലപ്പുഴ മാതൃക സൃഷ്ടിക്കുകയാണ് കെ.സി.വേണുഗോപാല്‍ എംപി. ആശയും ആശ്രയവുമറ്റുപോയ മൂന്ന് കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടെന്ന സുരക്ഷിതത്വത്തിന്റെ താക്കോല്‍ കൈമാറിയിരിക്കുകയാണ് കെ.സി.വേണുഗോപാല്‍. വ്യത്യസ്ത ജീവിത സാഹചര്യത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കാണാനുമുള്ള ആത്മാര്‍ത്ഥമായ ഇടപെടലുകളാണ് പൊതുപ്രവര്‍ത്തകരുടെ മഹത്വം സമൂഹത്തില്‍ വര്‍ധിപ്പിക്കുന്നത്. ഇതേ മാതൃകയില്‍ പുതിയ ചരിത്രം രചിക്കുകയാണ് കെ.സി.വേണുഗോപാല്‍. 

പള്ളിത്തോട് പൊഴിച്ചാലില്‍ മത്സ്യബന്ധനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ജസ്റ്റിന്‍ എന്ന സെബാസ്റ്റ്യന്‍,തുമ്പോളി സ്വദേശിയായ മത്സ്യത്തൊഴിലാളി വിനയന്‍ എന്ന ജോണ്‍ കുട്ടി, ചിറയില്‍ മഠം മലമേല്‍ ഭാഗത്ത് കാഞ്ചനാ ബായി എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് കെ.സി.വേണുഗോപാല്‍ എംപിയുടെ കരുണീയ ഇടപെടലിനെ തുടര്‍ന്ന് ഈ വിഷുദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത സൗഭാഗ്യത്തിന്റേത് കൂടിയായത്.

പള്ളിത്തോട് പൊഴിച്ചാലില്‍ മത്സ്യബന്ധനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ജസ്റ്റിന്‍ എന്ന സെബാസ്റ്റ്യന്റെ മരണവാര്‍ത്ത എല്ലാ മാധ്യമങ്ങളിലും വലിയ തലക്കെട്ടായിരുന്നു. എല്ലാ വാര്‍ത്തകള്‍ക്കും അല്‍പ്പായുസ്സെന്നത് പോലെ പുതിയവയെത്തിയപ്പോള്‍ സെബാസ്റ്റിയന്റെ അപകട വാര്‍ത്തയുടെ തീക്ഷ്ണതയും കുറഞ്ഞു. പക്ഷെ, ആ കുടുംബത്തിന്റെ പ്രാരാബ്ദങ്ങളുടെയും ദുരവസ്ഥതയുടെയും തീവ്രത സെബാസ്റ്റ്യന്‍ കൂടിയില്ലാതായപ്പോള്‍ ക്രമാതീതമായി കൂടിവന്നു.ഈ കുടുംബത്തിന്റെ  ദുരിതം ഒരു കോളം വാര്‍ത്തയെന്നതിന് അപ്പുറം സഹായത്തിന് ആരുമെത്താതിരുന്ന സമയത്താണ് ഇവരുടെ പ്രയാസങ്ങള്‍ കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. 

K C venugopal Arranges Love Home For Three Families On Vishu Day

ഉപജീവനത്തിനായി കടലിനോട് മല്ലടിക്കുന്ന ഓരോ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയായിരുന്നു സെബാസ്റ്റ്യന്റേതും. കഷ്ടപ്പാടിന്റെ കാണാക്കയത്തില്‍ നിന്ന് കരയെത്താന്‍ കഠിനാധ്വാനം ചെയ്ത സെബാസ്റ്റ്യനെ കടലെടുത്തപ്പോള്‍ ആ കുടുംബത്തില്‍ ബാക്കിയായത് കണ്ണീരിന്റെ കയ്പ് നിറഞ്ഞ കൂറെ ദുരിതജീവിതങ്ങള്‍ മാത്രം.

സെബാസ്റ്റ്യന്റെ മരണവിവരം അറിഞ്ഞെത്തിയ കെ.സി.വേണുഗോപാല്‍ മനസ്സ് തകര്‍ക്കുന്ന ദുരിതപൂര്‍ണ്ണമായ കാഴ്ചയാണ് അവിടെ കണ്ട്. പലകയുള്ള ചുവരുകളും ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയിലും വീടെന്ന് വിളിക്കാന്‍ പോലും കഴിയാത്ത കെട്ടിടം. അതും ഏത് നിമിഷവും കടലെടുക്കാന്‍ പാകത്തില്‍ കടല്‍ ഭിത്തിയോട് ചേര്‍ന്ന് ശോചനീയമായ അവസ്ഥ. നിരാലംബരായ മരിച്ച ജസ്റ്റിന്റെ ഭാര്യ മിനിയുടെയും മക്കളായ അലന്റെയും അലീനയുടെയും ദയനീയാവസ്ഥ നേരില്‍ കണ്ട് ബോധ്യപ്പെട്ട കെ.സി.വേണുഗോപാല്‍ അവര്‍ക്ക് വീട് വെച്ചു നല്‍കാന്‍ തീരുമാനിക്കുക ആയിരുന്നു. പ്രായപൂര്‍ത്തിയെത്താറായ മകളുമായി ഇക്കാലത്ത് എങ്ങനെ താമസിക്കുമെന്ന മിനിയുടെ നെഞ്ചിലെ തീയാണ് മനോഹരമായ ഭവനം സമ്മാനിച്ച് കൊണ്ട് കെ.സി.വേണുഗോപാല്‍ അണച്ചത്. 

കെ.സി.വേണുഗോപാലുമായി നല്ലയടുപ്പം ഉണ്ടായിരുന്നിട്ടും മത്സ്യത്തൊഴിലാളിയായ ജോണ്‍ കുട്ടി തനിക്ക് സ്വന്തമായൊരു വീടെന്ന ആഗ്രഹം മനസിലൊതുക്കിയാണ് ജീവിത പ്രാരബ്ദങ്ങളോട് മത്സരിച്ചത്. മത്സ്യത്തൊഴിലാളി കൂടിയായ ജോണ്‍ കുട്ടി ഉപജീവന മാര്‍ഗം വഴിമുട്ടിയപ്പോള്‍ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള പല ജോലികളും നോക്കി കുടുംബം നടത്തിവരുകയായിരുന്നു. ആ വരുമാനം കൊണ്ടുമാത്രം ജീവിതച്ചെലവ് മുന്നോട്ട് പോകില്ലെന്ന് തിരിച്ചറിവില്‍ ജോണ്‍ കുട്ടിയെ സഹായിക്കാന്‍ ഭാര്യ ലോട്ടറി കച്ചവടവുമായി തെരുവിലേക്ക് ഇറങ്ങി. അന്നന്നുള്ള ഭക്ഷണത്തിന് വക കണ്ടെത്തുന്നതിന് അപ്പുറം സ്വന്തമായൊരു വീടെന്നത് സ്വപ്നത്തില്‍ പോലും ആലോചിക്കാന്‍ കഴിയില്ലായിരുന്നു ഇവര്‍ക്ക്. 

ജോണ്‍കുട്ടി കുടുംബത്തിന്റെ ദയനീയാവസ്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വീടില്ലാത്തത് മൂലം ജോണ്‍കുട്ടി  അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കെ.സിയെ ധരിപ്പിച്ചു.ജോണ്‍ കുട്ടിക്ക് ദീര്‍ഘകാലത്തെ അടുപ്പമാണ് കെ.സിയോട് ഉണ്ടായിരുന്നത്. ആലപ്പുഴയില്‍ വേണുഗോപാല്‍ മത്സരിക്കാനെത്തിയപ്പോള്‍ മുതൽ അടുത്തറിയാം. ജോണ്‍കുട്ടിക്ക് ഇന്നുവരെ സ്വന്തം കാര്യം അദ്ദേഹത്തെ അറിയിക്കാന്‍ ധൈര്യം വന്നില്ല. പലപ്പോഴും പറയണമെന്ന് വിചാരിക്കും. പക്ഷെ, ഒടുവില്‍ വേണ്ടെന്നുവെയ്ക്കും. തനിക്ക് കെ.സിയോടുള്ള അടുപ്പം താന്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ചിന്തിച്ചാലോയെന്ന ഉള്‍ഭയം ജോണ്‍കുട്ടിയെ തന്റെ പ്രാരാബ്ദങ്ങളോടൊപ്പം കടന്ന് പോകാന്‍ നിര്‍ബന്ധിച്ചു. ജോണ്‍കുട്ടിയെ അറിയാവുന്ന സഹപ്രവര്‍ത്തകര്‍ ഇക്കാര്യം കെ.സിയെ ധരിപ്പിച്ചപ്പോള്‍ തന്നോട് ഇതുവരെ ഇക്കാര്യം പറയാതിരുന്നതിലെ പരിഭവം കെ.സിയും മറച്ചുവെച്ചില്ല. ജോണ്‍ കുട്ടിയെ സ്‌നേഹപൂര്‍വ്വം ശാസിച്ച കെ.സി അദ്ദേഹത്തിന് വീട് പണിത് കൊടുക്കാനുള്ള തീരുമാനം ഒട്ടും വൈകാതെ കൈക്കൊള്ളുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊണ്ട് ജീവിതത്തില്‍ നന്മയുടെ വെളിച്ചം എത്തിക്കാന്‍ കെ.സി.വേണുഗോപാല്‍ ഒരു നിമിത്തമായെന്ന് വിശ്വസിക്കുകയാണ് കാഞ്ചന ബായി.ഭാരത് ജോഡോ യാത്രയുടെ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശന വേളയില്‍ 
കാഞ്ചനാ ബായിയുടെയും മകന്റെയും തകര്‍ന്നു വീഴാറായ വീട് കാണുന്നതും ഇവരുടെ ജീവിത ദുരിതത്തെക്കുറിച്ച്  മനസ്സിലാക്കുന്നതും. അവര്‍ കെ.സി വേണുഗോപാലിനോട് കാഞ്ചനാ ബായിയുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇവരുടെ പ്രയാസങ്ങള്‍ അറിഞ്ഞ കെ സി അടച്ചുറപ്പുള്ള ഒരു വീട് വെച്ചു കൊടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഏകമകനെ ഗര്‍ഭാവസ്ഥയിലിരിക്കുമ്പോഴാണ് കാഞ്ചനാ ബായിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. പ്രണയ വിവാഹമായതിനാല്‍ രണ്ടുവീട്ടുകാരുടെയും സഹായം ലഭിച്ചിരുന്നില്ല. കടുത്ത സാമ്പത്തിക പരാധീനതയിലൂടെ കടന്നുപോയ കാഞ്ചനാ ബായിക്ക് മാനസിക വെല്ലുവിളിയും നേരിട്ടു. ജീവിത സാഹചര്യങ്ങളോട് പൊരുതി മകനായ ശ്രീകുമാറിനെ വളര്‍ത്തി. ഇനിയുള്ള ജീവിതം കെ.സി.വേണുഗോപാല്‍ സമ്മാനിച്ച സ്‌നേഹഭവനത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോകാമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് ഈ വിഷുദിനത്തില്‍ കാഞ്ചനാ ബായി.ഏതൊരു ആവശ്യത്തിനും തങ്ങളുടെ വിളികേള്‍ക്കാന്‍ കെ.സി.വേണുഗോപാലിനെ പോലൊയൊരാള്‍ ഉണ്ടെന്ന് പറയുമ്പോള്‍ വാത്സല്യം കലര്‍ന്ന സന്തോഷത്താല്‍ ആ കണ്ണുകള്‍ ഈറനണിയുകയാണ്.


വിഷുനാളില്‍ കെസിയുടെ കൈകളില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങി ഈ മൂന്ന് കുടുംബങ്ങള്‍ ഗൃഹപ്രവേശം നടത്തുമ്പോളത് കെ.സി.വേണുഗോപാല്‍ എന്ന മനുഷ്യസ്‌നേഹിയുടെ ജീവിതത്തില്‍ നന്മയുടെ മറ്റൊരു അധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു പിടി മനുഷ്യരുടെ കണ്ണുകളില്‍ ഇന്ന് തെളിഞ്ഞ ഇത്തിരി വെട്ടം മതി കെ.സിയെന്ന പൊതുപ്രവര്‍ത്തകന്റെ ജീവിതത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുകയാണ്. ജീവകാരുണ്യ തല്‍പ്പരരായ സുമനസുകളായ പ്രവാസികളുടെ സഹായത്തോടെയാണ് മൂന്ന് വീടുകളുടെയും നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കി വിഷു ദിനത്തില്‍ തന്നെ താക്കോല്‍ കൈമാറിയത്.

Tags