വാർദ്ധക്യത്തെ തോൽപ്പിക്കാൻ ശ്രമിച്ച് കൂടുതൽ വയസനായി ! യൗവ്വനത്തിനായി മുടക്കിയ 17 കോടി വെള്ളത്തിൽ


'അൽപം പ്രായം കുറഞ്ഞ പോലെ ഉണ്ടല്ലോ' ഇങ്ങനെ കേൾക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മേക്കപ്പ് ചെയ്തും ഡ്രസ്സിങ് സ്റ്റൈൽ മാറ്റിയും ചെറുപ്പമായിരിക്കാൻ ശ്രമിക്കുന്നവരും നിരവധിയാണ്. എന്നാൽ പ്രായം കുറയ്ക്കാനായി കോടികൾ ചെലവഴിക്കുന്ന ഒരു കോടീശ്വരനെ കുറിച്ച് കേട്ടിട്ടുണ്ടോ. അതെ, പ്രായം കൂടുന്നത് തടയാനും യൗവ്വനം നിലനിർത്താനും എത്രമാത്രം പണം ചെലവിടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കൻ വ്യവസായിയും ശതകോടീശ്വരനുമായ ബ്രയാൻ ജോൺസന്റെ ജീവിതം.
വ്യവസായത്തിലൂടെ കോടികൾ സമ്പാദിച്ച് ആ പണം കൊണ്ട് ദീർഘായുസ്സിനായി പരീക്ഷണങ്ങൾ നടത്തുന്ന ബ്രയാൻ ജോൺസൺ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ടെക് സംരംഭകനായ ഇദ്ദേഹം പ്രായത്തെ നിയന്ത്രിക്കുന്നതിനായി വർഷം തോറും 2 മില്യൺ ഡോളർ ഏകദേശം 17 കോടി രൂപയാണ് ചെലവഴിച്ചിരുന്നത്. നൂതന ആരോഗ്യ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന് പേരുകേട്ട വ്യക്തിയാണ് ബ്രയാൻ. വാർദ്ധക്യത്തെ തോൽപ്പിക്കാനായി മകനിൽ നിന്നുള്ള രക്തപ്പകർച്ച, പൂർണ്ണ പ്ലാസ്മ എക്‌സ്‌ചേഞ്ച് തുടങ്ങിയ നിരവധി പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. ഒടുവിൽ പ്രപഞ്ച ശക്തികൾക്കു മുന്നിൽ മനുഷ്യനും, ശാസ്ത്രവും ഒരുപോലെ തോറ്റെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

യൗവ്വനം നിലനിർത്താൻ നിർണായകമായി കരുതിയിരുന്ന റാപാമൈസിൻ എന്ന മരുന്നിൽ ഒരു പിശക് സംഭവിച്ചതായി ബ്രയാൻ ജോൺസൺ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്. അവയവം മാറ്റിവയ്ക്കൽ രോഗികൾക്ക് തുടക്കത്തിൽ ഉപയോഗിച്ചിരുന്നതും, ഇപ്പോൾ വാർദ്ധക്യ വിരുദ്ധ സർക്കിളുകളിൽ പ്രചാരത്തിലുള്ളതുമായ ഈ രോഗപ്രതിരോധ മരുന്നു കഴിഞ്ഞ 5 വർഷമായി ബ്രയാൻ ഉപയോഗിക്കുന്നതാണ്.
റാപാമൈസിൻ എലികളുടെ ആയുസ് 14% വരെ വർദ്ധിപ്പിക്കുമെന്ന് 2009 ൽ ഒരു പഠനമുണ്ടായിരുന്നു. മരുന്ന് കഴിക്കുമ്പോൾ 65% പങ്കാളികളിലും ആരോഗ്യം മെച്ചപ്പെട്ടതായി 2023 ലും ഒരു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ജോൺസൺ തന്റെ ഡോസേജ് വർധിപ്പിച്ചിരുന്നു. ഇത് വായിലെ അൾസർ, മുറിവ് ഉണങ്ങുന്നത് മന്ദഗതിയിലാകൽ, കൊളസ്‌ട്രോൾ അസന്തുലിതാവസ്ഥ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരൽ തുടങ്ങി നിരവധി പ്രതികൂല ഫലങ്ങൾക്ക് കാരണമായി.
വിശ്രമവേളകളിൽ ഹൃദയമിടിപ്പ് വർധിക്കുന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. റാപാമൈസിനിന്റെ പോസിറ്റീവ് വീക്ഷണങ്ങളെ വെല്ലുവിളിച്ച യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള സമീപകാല പഠനവും ആശങ്ക വർദ്ധിപ്പിക്കുന്നു. 16 എപ്പിജെനെറ്റിക് മാർക്കറുകളിൽ ഈ മരുന്ന് യഥാർത്ഥത്തിൽ ജൈവിക വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തൽ. അങ്ങനെ നോക്കുമ്പോൾ യുവത്വം നിലനിർത്തുന്നതിനുപകരം ഈ മരുന്ന് ജോൺസന്റെ പ്രായം വർധിപ്പിച്ചേക്കാം.
വാർദ്ധക്യത്തെ തോൽപ്പിക്കാനുള്ള മരുന്ന് കഴിപ്പ് അവസാനിപ്പിച്ചെന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും വർഷം വാർദ്ധക്യത്തെ തോൽപ്പിക്കാൻ ചെലവിഴച്ച പണം എല്ലാം വെള്ളത്തിൽ ആയെന്നു സാരം. അതേസമയം താൻ തോൽക്കില്ലെന്നും, പരീക്ഷണം തുടരുമെന്നും അദ്ദേഹം പറയുന്നു.