ടാറ്റായുടെ ചരിത്രമറിയുമോ? വെറും 21,000 രൂപയില്‍ നിന്നും 24 ലക്ഷം കോടിയുടെ അധിപനായ കഥ

Jamsetji Tata

ഇന്ത്യയിലെ പ്രമുഖ വ്യവസായികളാണ് ശിവ് നാടാര്‍, രത്തന്‍ ടാറ്റ, മുകേഷ് അംബാനി എന്നിവര്‍. ഈ സംരംഭകരുടെ കഥകളെല്ലാം പരസ്പരം വ്യത്യസ്തമാണ്. എന്നാല്‍ ഓരോരുത്തരും അവരുടേതായ രീതിയില്‍ വിജയം വരിച്ചവരും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കിയവരുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക ഭീമനായ ടാറ്റ ഗ്രൂപ്പിന്റെ ചരിത്രവും തീര്‍ത്തും വ്യത്യസ്തമാണ്.

ജംസെറ്റ്ജി ടാറ്റയാണ് ടാറ്റ ഗ്രൂപ്പിന്റെ സ്രഷ്ടാവ്. 1839 ല്‍ ഗുജറാത്തിലെ നവസാരിയില്‍ ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍ 1870 കളിലെ ഒരു ചെറിയ തുടക്കം മുതല്‍ അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയും ഒരു വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു.

പാഴ്സി പുരോഹിതരുടെ കുടുംബത്തിലാണ് ജംസെറ്റ്ജി ടാറ്റ ജനിച്ചതും വളര്‍ന്നതും. അദ്ദേഹത്തിന്റെ പിതാവ്, നുസര്‍വാന്‍ജി ടാറ്റ, യുവ ജംസെറ്റ്ജിയെ സ്വാധീനിച്ചു. 14 വയസ്സുള്ളപ്പോള്‍ പിതാവിനോടൊപ്പം ബോംബെയിലേക്ക് താമസം മാറിയ അദ്ദേഹം ലിബറല്‍ ആര്‍ട്‌സ് വിദ്യാഭ്യാസത്തിനായി എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ ചേര്‍ന്നു.

വെറും 21,000 രൂപ കൊണ്ടാണ് ജംസെറ്റ്ജി ടാറ്റ തന്റെ സംരംഭക യാത്ര തുടങ്ങിയത്. കൊളോണിയല്‍ നിയന്ത്രണത്തിന്റെ ഫലമായി ഇന്ത്യക്കാര്‍ കടുത്ത ഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടത്തിലാണ് ജാംസെറ്റ്ജിയുടെ ബിസിനസ്സ് ആരംഭം. 29-ാം വയസ്സില്‍, 21,000 രൂപ മൂലധനത്തില്‍ ഒരു വാണിജ്യ ബിസിനസ്സ് ആരംഭിച്ച അദ്ദേഹം ടെക്‌സ്‌റ്റൈല്‍ വ്യവസായ രംഗത്ത് കുതിപ്പ് നടത്തി.

ആഗോള ടെക്‌സ്‌റ്റൈല്‍ വിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ബ്രിട്ടീഷുകാരുമായി മത്സരിക്കാമെന്ന പ്രതീക്ഷയില്‍ അദ്ദേഹം 1869 ല്‍ ബോംബെയില്‍ അലക്‌സാന്ദ്ര മില്‍ സ്ഥാപിച്ചു. പിന്നീട് 1877 ല്‍ നാഗ്പൂരില്‍ എംപ്രസ് മില്ലും സ്ഥാപിതമായി. എംപ്രസ് മില്‍സിലെ തൊഴിലാളിക്ക് വലിയ ആനുകൂല്യങ്ങള്‍ നല്‍കിയ അദ്ദേഹത്തിന്റെ തൊഴിലാളി സ്‌നേഹവും പ്രശസ്തമാണ്. 1880 കള്‍ മുതല്‍ 1904 ല്‍ മരിക്കുന്നതുവരെ ഒരു ലോകോത്തര അക്കാദമിക് ഓര്‍ഗനൈസേഷന്‍, ഇരുമ്പ് ഉരുക്ക് സ്ഥാപനം, ജലവൈദ്യുത ഉത്പാദനം തുടങ്ങിയവയില്‍ ജംസെറ്റ്ജി തന്റെ ബിസിനസ് വിപുലപ്പെടുത്തിയിരുന്നു.

ജംസെറ്റ്ജിയുടെ സ്റ്റീല്‍ പദ്ധതിക്ക് നിരവധി പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അനന്തരാവകാശികളായ ദോറാബ്ജി ടാറ്റ, രത്തന്‍ജി ടാറ്റ എന്നിവരുടെ കഠിനാധ്വാനത്തോടെ ജംസെറ്റ്ജിയുടെ മരണത്തിന് എട്ട് വര്‍ഷത്തിന് ശേഷം 1912-ല്‍, ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി സ്ഥാപിതമായി.

തന്റെ വ്യാവസായിക ജീവിതത്തില്‍ പിന്‍ഗാമികള്‍ക്കായി ഒട്ടേറെ പ്രചോദനാത്മക സംരഭങ്ങള്‍ക്ക് തുടക്കംകുറിച്ച വ്യക്തിയാണ് ജംസെറ്റ്ജി ടാറ്റ. വിദേശത്ത് ഉന്നത വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി, ജെഎന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫണ്ട് ജംസെറ്റ്ജി ആരംഭിച്ചു. താജ്മഹല്‍ ഹോട്ടലും അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു.

ജംസെറ്റ്ജിയുടെ കാലശേഷം ഇന്ത്യയ്ക്കുവേണ്ടിയുള്ള തന്റെ പിതാവിന്റെ വിപുലമായ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തം ജാംസെറ്റ്ജി ടാറ്റയുടെ മകന്‍ സര്‍ ദോറാബ്ജി ടാറ്റ ഏറ്റെടുത്തു. പുരോഗതിയുടെയും ഔദാര്യത്തിന്റെയും പാരമ്പര്യം തുടരുമെന്ന് ഉറപ്പുനല്‍കിക്കൊണ്ടാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്.

Tags