ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ഈ ഇന്ത്യക്കാരന്റെ പേരും പോലും നിങ്ങള്‍ കേട്ടിരിക്കില്ല, അംബാനിയോ ടാറ്റയോ ഒന്നുമല്ല


ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ചില പേരുകളുണ്ട്. മുകേഷ് അംബാനിയും രത്തന്‍ ടാറ്റയും ഉള്‍പ്പെടെ ഇന്ത്യ ലോകത്തിന് നല്‍കിയ വ്യവസായ പ്രമുഖരുടെ നീണ്ടനിരതന്നെ കണ്ടെത്താനാകും. ഒരുകാലത്ത് ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശമായിരുന്ന ഇന്ത്യയെ ബ്രിട്ടീഷുകാര്‍ കോളനിയാക്കുകയും കൊള്ളയടിക്കുകയും ചെയ്തതിനാല്‍ ഒട്ടേറെ സമ്പന്നരുടെ പേരുകള്‍ ആരുമറിയാതെ മാഞ്ഞുപോയിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് ഇന്ത്യ ലോകത്തിന്റെ വ്യാപാര കേന്ദ്രമായിരുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും ധനികന്‍ ഒരു ഇന്ത്യക്കാരനായിരുന്നുവെന്ന് പറയപ്പെടുന്നു. ജഗത് സേത്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ജഗത് സേത്തിന്റെ യഥാര്‍ത്ഥ പേര് സേത്ത് ഫത്തേ ചന്ദ് എന്നായിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ മുഹമ്മദ് ഷാ ആണ് അദ്ദേഹത്തിന് ജഗത് സേത്ത് എന്ന പദവി നല്‍കിയത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ് ജഗത് സേത്ത്.

ബിസിനസുകാരനും ബാങ്കറുമായിരുന്ന ജഗത് സേത്തിന് 1.60 ലക്ഷം കോടി രൂപയുടെ സമ്പത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ബാങ്കുകളെപ്പോലെ ജഗത് സേത്തും പലിശയ്ക്ക് പണം കടം നല്‍കിയിരുന്നു. സാധാരണക്കാര്‍ക്ക് വായ്പ നല്‍കുന്നതിനു പുറമേ, ജഗത് സേത്ത് ഒരു രാജ്യത്തിന് മുഴുവനും അതായത് ബ്രിട്ടന് പോലും കടമായി പണം നല്‍കാറുണ്ടായിരുന്നു. ലോകത്തിന്റെ ബാങ്കര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം ജഗത് സേത്തിന്റെ കുടുംബത്തിന് എല്ലാ ഇംഗ്ലീഷ് ബാങ്കുകളുടെയും നിക്ഷേപത്തേക്കാള്‍ കൂടുതല്‍ സമ്പത്തുണ്ടായിരുന്നു. ജഗത് സേത്തിന്റെ കുടുംബത്തിന് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയേക്കാള്‍ കൂടുതല്‍ സമ്പത്തുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
ജഗത് സേട്ടിന് രാജ്യത്തിന്റെ പല മേഖലകളിലും ഓഫീസുകള്‍ ഉണ്ടായിരുന്നതിനാല്‍ അവിടെ നിന്ന് വായ്പയായി പണം നല്‍കി. ഇന്നത്തെ ബാങ്കുകളെപ്പോലെ, പല നഗരങ്ങള്‍ക്കിടയില്‍ വ്യാപാരം എളുപ്പത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാരുമുണ്ടായിരുന്നു. അന്ന് നവാബുമാരും ബ്രിട്ടീഷുകാരുമെല്ലാം തങ്ങളുടെ പണം കൈകാര്യം ചെയ്യാന്‍ ജഗത് സേത്തിന്റെ സഹായമായിരുന്നു തേടിയിരുന്നത്.
ഈസ്റ്റ് ഇന്ത്യാ കമ്പനി ആധിപത്യം സ്ഥാപിച്ചതോടെ ജഗത്തിന്റെ കുടുംബത്തിന് സമ്പത്തെല്ലാം നഷ്ടമായി. ഈസ്റ്റ് ഇന്ത്യ കമ്പനിയും ജഗത് സേത്തില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാണ് സൂചന. അധികാരികളാല്‍ വേട്ടയാടപ്പെട്ട ജഗത് സേത്തിന്റെ കുടുംബത്തെക്കുറിച്ച് ഇപ്പോള്‍ ഒരു സൂചനയും ഇല്ല. അദ്ദേഹത്തിന്റെ കൊട്ടാരവും വീടുമെല്ലാം പിന്നീട് മ്യൂസിയമായി മാറി.