മഹാത്മാഗാന്ധിയെ സൃഷ്ടിച്ചത് ഇന്ത്യയിലെ കർഷക പ്രസ്ഥാനം; കർഷകദ്രോഹ നയങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ: എം. സ്വരാജ്
തളിപ്പറമ്പ്: മഹാത്മാഗാന്ധി എന്ന സ്വാതന്ത്ര്യ സമര സേനാനിയെ സൃഷ്ടിച്ചത് ഇന്ത്യയിലെ കർഷക പ്രസ്ഥാനവും കാർഷിക മേഖലയുമാണെന്ന് സി.പി.എം നേതാവ് എം. സ്വരാജ്. ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തിയ മഹാത്മാഗാന്ധി ഒന്നാമതായും രണ്ടാമതായും ഏറ്റെടുത്ത ചമ്പാരൻ, ഖേഡ സമരങ്ങൾ ഇന്ത്യയിലെ കാർഷിക പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടുള്ളതായിരുന്നു. പകർച്ചവ്യാധിയുടെ യാതനകൾക്കിടയിലും കർഷകരെ ചൂഷണം ചെയ്ത് അന്യായമായി നികുതി പിരിച്ച അധികാരികൾക്കെതിരെയുള്ള കർഷക രോഷമാണ് ഗാന്ധിജിയുടെ രണ്ടാമത്തെ സത്യാഗ്രഹമായി മാറിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കർഷക സംഘം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്യാഗോജ്വലമായ കർഷക പോരാട്ടങ്ങളുടെ ചരിത്രമാണ് ഇന്ത്യക്കും കേരളത്തിനുമുള്ളത്. പൊരുതുന്ന കേരളീയ യൗവനത്തിന്റെ പ്രതീകങ്ങളായ കയ്യൂർ രക്തസാക്ഷികളായ മടത്തിൽ അപ്പുവും ചിരുകണ്ടനും കുഞ്ഞപ്പൂവും അബൂബക്കറും യുവാക്കളെന്നതോടൊപ്പം കർഷക സംഘത്തിന്റെ പ്രവർത്തകർ കൂടിയായിരുന്നു എന്നത് വിസ്മരിക്കാനാവില്ല. പുന്നപ്ര-വയലാർ ഉൾപ്പെടെ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ഉയർന്നുവന്ന എല്ലാ പ്രക്ഷോഭങ്ങളുടെയും മുൻനിരയിൽ കർഷക പ്രസ്ഥാനമുണ്ടായിരുന്നുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിലും കർഷക പ്രസ്ഥാനം വിപ്ലവകരമായ പങ്കാണ് വഹിക്കുന്നത്. കേന്ദ്രത്തിലെ സംഘപരിവാർ സർക്കാരിന്റെ ജനവിരുദ്ധ-രാജ്യവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യം കണ്ട ഏറ്റവും കരുത്തുറ്റ സമരത്തിന് നേതൃത്വം നൽകിയത് ഇന്ത്യയിലെ കർഷകരാണ്. ഒരു വർഷത്തിലധികം നീണ്ടുനിന്ന ഐതിഹാസികമായ ഡൽഹി സമരത്തിന് മുന്നിൽ കേന്ദ്ര ഗവൺമെന്റിനും പ്രധാനമന്ത്രിക്കുപോലും മുട്ടുമടക്കേണ്ടി വന്നു. ഒടുവിൽ കർഷകവിരുദ്ധ നിയമനിർമ്മാണ തീരുമാനങ്ങളിൽ നിന്ന് ഭരണകൂടത്തിന് പുറകോട്ടു പോകേണ്ടി വന്നത് കർഷക കരുത്തിന്റെ തെളിവാണെന്ന് സ്വരാജ് പറഞ്ഞു. 715 ഓളം കർഷകരാണ് ആ സമരഭൂമിയിൽ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി രക്തസാക്ഷിത്വം വരിച്ചത്. ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന ആ പോരാട്ടത്തിൽ കേരളത്തിൽ നിന്നുള്ള വളണ്ടിയർമാരും പങ്കാളികളായിരുന്നു.
ലോകമെമ്പാടും കാർഷിക മേഖലയെ സബ്സിഡികളും ധനസഹായങ്ങളും നൽകി സർക്കാരുകൾ താങ്ങിനിർത്തുമ്പോൾ ഇന്ത്യയിൽ കോൺഗ്രസും ബിജെപിയും നേതൃത്വത്തിൽ വന്ന സർക്കാരുകൾ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുകയാണ് ചെയ്യുന്നത്.
സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ്. അതുകൊണ്ടാണ് ഒരു ഡസനോളം കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർക്ക് യാതൊരു ആശയപരമായ തടസ്സവുമില്ലാതെ എളുപ്പത്തിൽ ബിജെപിയിലേക്ക് ചേക്കേറാൻ സാധിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ പൊതുസാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി കർഷകരെ ചേർത്തുപിടിക്കുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് സ്വീകരിച്ചത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കാർഷിക ഉൽപ്പാദനത്തിൽ വലിയ വർദ്ധനവാണ് കേരളത്തിലുണ്ടായത്. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി വികസന-ക്ഷേമ മേഖലകളിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് എൽ.ഡി.എഫ് സർക്കാർ കൈവരിച്ചത്. വോട്ട് കിട്ടാൻ മാത്രമുള്ള പ്രകടനപത്രിക എന്ന രീതി മാറ്റി, ഓരോ വർഷവും ഭരണത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുതിയ രാഷ്ട്രീയ സംസ്കാരം എൽ.ഡി.എഫ് കൊണ്ടുവന്നു.

എന്നാൽ, വികസനവും ക്ഷേമപ്രവർത്തനങ്ങളും നടത്തിയാൽ മാത്രം തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. 1957-ൽ ഇ.എം.എസ് സർക്കാർ ചരിത്രപ്രധാനമായ ഭൂപരിഷ്കരണത്തിന് തുടക്കമിട്ടിട്ടും 1960-ൽ പരാജയപ്പെട്ടു. നായനാർ സർക്കാർ കർഷകത്തൊഴിലാളി പെൻഷൻ കൊണ്ടുവന്നിട്ടും 1982-ലും, സമ്പൂർണ്ണ സാക്ഷരത കൈവരിച്ചിട്ടും 1991-ലും, ജനകീയ ആസൂത്രണത്തിലൂടെ ഗ്രാമീണ റോഡുകൾ വികസിപ്പിച്ചിട്ടും 2001-ലും ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ട്. ചെല്ലാനത്തെ തീരദേശവാസികളെ കടലാക്രമണത്തിൽ നിന്ന് ശാശ്വതമായി രക്ഷിച്ചിട്ടും ഇത്തവണ വോട്ട് കുറയുകയാണ് ചെയ്തത്. ജനാധിപത്യത്തിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത് അതത് സമയത്തെ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണെന്നും അതിൽ ജനങ്ങളെ കുറ്റപ്പെടുത്താനാവില്ലെന്നും സ്വരാജ് പറഞ്ഞു.
പ്രശസ്തനായ ഒരു കവിയുടെ വാക്കുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനൂകൂലമായി മാറിയിട്ടുണ്ട്. എന്നാൽ അദ്ദേഹം തന്നെ ആ വാക്കുകൾ തിരുത്തുന്ന നിലയിലേക്കാണ് രണ്ടുമാസത്തെ യുഡിഎഫ് സർക്കാറിന്റെ ഭരണം എത്തി നിൽക്കുന്നത്. രണ്ടുമാസം എന്നത് ഒരു സർക്കാരിൻറെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള കാലയളവ് അല്ല എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും ഈ സർക്കാരിൻറെ പോക്ക് എങ്ങോട്ടേക്കാണ് എന്നതിന്റെ സൂചനകൾ ഈ രണ്ടു മാസം കൊണ്ട് തന്നെ വന്നു കഴിഞ്ഞു.
കേരളത്തിൽ വലതുപക്ഷ രാഷ്ട്രീയത്തിന് ചില 'പ്രിവിലേജുകൾ' ലഭിക്കുന്നുണ്ട്. വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് വെച്ചു നൽകാനെന്ന പേരിൽ കോടിക്കണക്കിന് രൂപ പിരിച്ചിട്ടും കോൺഗ്രസ് ഒന്നും ചെയ്തില്ല. കെ. കരുണാകരന് സ്മാരകം പണിയാൻ വിദേശത്തുനിന്നടക്കം നാല് തവണ പണം പിരിച്ചിട്ടും ഒരു കല്ല് പോലും ഇട്ടിട്ടില്ല. അടുത്തതായി അഞ്ചാം തവണയും അവർ പണം പിരിക്കാൻ പോകുകയാണ്. കോൺഗ്രസ് എന്നാൽ തട്ടിപ്പും ഗ്രൂപ്പ് വഴക്കും തമ്മിലടിയും ചേർന്നതാണെന്ന് ജനങ്ങൾക്കറിയാം. അതുകൊണ്ട് മാധ്യമങ്ങളോ ജനങ്ങളോ ഈ കൊള്ളയെയൊന്നും ചോദ്യം ചെയ്യാറില്ല.
ഇടതുപക്ഷത്തിന് അത്തരം പ്രിവിലേജുകൾ ഇല്ല. ഇടതുപക്ഷത്തിൽ നിന്ന് തെറ്റിന്റെ ഒരു ചെറിയ സ്പർശം പോലും ഉണ്ടാവരുത് എന്ന് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഈ പ്രസ്ഥാനത്തിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ്. അതിനോട് നൂറ് ശതമാനം നീതി പുലർത്താൻ ഇടതുപക്ഷം ബാധ്യസ്ഥരാണ്.
തിരഞ്ഞെടുപ്പ് വിജയ പരാജയങ്ങളെ വസ്തുനിഷ്ഠമായി പാർട്ടി വിശകലനം ചെയ്യും. ആയിരം ശരികൾക്കിടയിൽ വന്നിട്ടുള്ള അര തെറ്റാണെങ്കിൽ പോലും അത് ദുരഭിമാനമില്ലാതെ തിരുത്താനുള്ള ആർജ്ജവം ഇടതുപക്ഷത്തിനുണ്ട്. ജനങ്ങൾക്കിടയിലുണ്ടായ തെറ്റിദ്ധാരണകൾ മാറ്റി, അവർക്കായി കൂടുതൽ വാശിയോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് മുന്നോട്ട് പോകുമെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.
.jpg)

