ഡീസലിലും ഇനി ബയോഇന്ധനം, ഐസോബ്യൂട്ടനോള്‍ ചേര്‍ത്ത ഇന്ധനം മൈലേജ് കുറയ്ക്കും, പണിവരാന്‍ സാധ്യത

Isobutanol Diesel

ഐസോബ്യൂട്ടനോള്‍ എന്നാണ് നാല് കാര്‍ബണ്‍ അടങ്ങിയ ഒരു ആല്‍ക്കഹോളാണ്. ലായകമായും, രാസവസ്തു നിര്‍മാണത്തിനുമായും, പെയിന്റ്, പൂശല്‍ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയിലും ഉപയോഗിക്കുന്നു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോളിനൊപ്പം എഥനോള്‍ മിശ്രിതം വിജയകരമായ ശേഷം, കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഡീസലിനൊപ്പം ഐസോബ്യൂട്ടനോള്‍ മിശ്രണം ചെയ്യാന്‍ പദ്ധതിയിടുകയാണ്. പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ മിശ്രണം ലക്ഷ്യമിട്ടാണ് ഗവണ്മെന്റ് നീക്കം. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്.

ഐസോബ്യൂട്ടനോള്‍ എന്നാണ് നാല് കാര്‍ബണ്‍ അടങ്ങിയ ഒരു ആല്‍ക്കഹോളാണ്. ലായകമായും, രാസവസ്തു നിര്‍മാണത്തിനായും, പെയിന്റ് തുടങ്ങിയവയിലും ഉപയോഗിക്കുന്നു. ജൈവ ഇന്ധനമായും ഉപയോഗ സാധ്യതയുണ്ട്. ഇന്ത്യയില്‍ പ്രധാനമായും പെട്രോകെമിക്കല്‍ വഴിയാണ് ഉത്പാദിപ്പിക്കുന്നത്.

എഥനോളിനെക്കാള്‍ ഡീസലുമായി നന്നായി കലരുന്നതാണ് ഐസോബ്യൂട്ടനോള്‍. ഡീസലിനോട് സമാനമായി പ്രവര്‍ത്തിക്കുന്നു. മിശ്രണം ചെയ്താല്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോകാര്‍ബണുകള്‍, പുക എന്നിവ കുറയ്ക്കാം. ചില സന്ദര്‍ഭങ്ങളില്‍ നൈട്രജന്‍ ഓക്‌സൈഡുകളും കുറയ്ക്കുന്നു.

ഡീസലിന്റെ ഗുണമായ സീറ്റെയ്ന്‍ മൂല്യം കുറയ്ക്കും. ഇഗ്‌നിഷന്‍ വൈകല്‍, എഞ്ചിന്‍ ശബ്ദം, ടോര്‍ക്ക് നഷ്ടം എന്നിവ ഉണ്ടായേക്കാം. ഊര്‍ജ്ജം കുറവായതിനാല്‍ മൈലേജ് കുറയാനും സാധ്യതയുണ്ട്. സാധാരണ ഡീസലിനെക്കാള്‍ ഉത്പാദനച്ചെലവ് കൂടുതലാണ്.

തുടക്കത്തില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ മിശ്രണം കാര്യമായ പ്രശ്‌നമുണ്ടാക്കില്ല. എന്നാല്‍, മൈലേജ് കുറയാന്‍ കാരണമായേക്കാം. പഴയ എഞ്ചിനുകളില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. ഇതിനായുള്ള ആധുനിക എഞ്ചിനുകള്‍ പ്രശ്‌നത്തിന് പരിഹാരമാകും.

ഐസോബ്യൂട്ടനോള്‍ പ്രഖ്യാപനത്തിനിടയിലും വിവാദം ഉയരുന്നുണ്ട്. ഗഡ്കരിയുടെ മകന്‍ നിഖിലിന്റെ സിയാന്‍ അഗ്രോ ഇന്‍ഡസ്ട്രീസ് എഥനോള്‍ മേഖലയില്‍ സജീവമാണ്. മിശ്രണ നയം വന്നതിന് ശേഷം കമ്പനിയുടെ വരുമാനവും ലാഭവും ഗണ്യമായി വര്‍ധിച്ചു. സഹോദരനുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.

വിമര്‍ശകര്‍ പറയുന്നത് പൊതുനയം സ്വകാര്യ ലാഭത്തിനായി ഉപയോഗിക്കുന്നു എന്നാണ്. അതേസമയം, ഇത് രാജ്യതാല്‍പ്പര്യമാണെന്നും, കര്‍ഷക ഗുണമാണെന്നും ഗഡ്കരി പറയുന്നു.

ഐസോബ്യൂട്ടനോള്‍ മിശ്രണം ഊര്‍ജ സ്വയംപര്യാപ്തതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ഇന്ധനത്തിനുമുള്ള ശ്രമമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, സാങ്കേതിക വെല്ലുവിളികള്‍, ഉപഭോക്തൃ ചെലവ്, ദീര്‍ഘകാല ഫലങ്ങള്‍ എന്നിവ പരിഗണിക്കണം.

Tags