തളിപ്പറമ്പ് നഗരസഭ ഭരിക്കുന്നത് ലീഗോ സി.പി.എമ്മോ? ഭരണം ആരുടെ കൈയിലാണെന്ന് തിരിച്ചറിയാത്ത അവസ്ഥ ചെയർപേഴ്‌സണെ ഓർമ്മിപ്പിച്ച് കോമത്ത് മുരളീധരൻ
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ഭരണം ആരുടെ കൈയിലാണെന്ന് തിരിച്ചറിയാത്ത അവസ്ഥയാണെന്ന് ചെയർപേഴ്‌സണെ ഓർമ്മിപ്പിച്ച് സി.പി.ഐ ജില്ലാ നേതാവ് കോമത്ത് മുരളീധരൻ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. നഗരസഭ ഭരിക്കുന്നത് മുസ്‌ലിം ലീഗിൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ആണെന്നും അല്ലാതെ സി.പി.എം അല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്നാരോപിച്ച് ചെയർപേഴ്‌സണ് അയച്ച ശബ്ദസന്ദേശത്തിലാണ് സി.പി.ഐ നേതാവിൻ്റെ ഈ തുറന്ന ഉപദേശം.
tRootC1469263">നഗരസഭയിലെ ഒരു റസ്റ്റോറൻ്റിൽ നിന്നും മലിനജലം കിണറിലേക്ക് ഒഴുകിയെത്തുന്നു എന്ന പരാതി പരിശോധിക്കാൻ ചെന്ന സംഘത്തിൽ സി.പി.എം പ്രവർത്തകരും ഉദ്യോഗസ്ഥരും മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ സമിതിയിൽ ഭൂരിപക്ഷം കുറവായതിനാൽ അഡ്ജസ്റ്റ്‌മെൻ്റുകൾ വേണ്ടി വരുമെങ്കിലും ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ്റെ പ്രവർത്തനശൈലി ഏകപക്ഷീയമാണെന്നും, നഗരസഭാ അധ്യക്ഷ എന്ന നിലയിൽ താങ്കളുടെ നേതൃത്വത്തിൽ നല്ലൊരു ഭരണം ഉണ്ടാകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും മുരളീധരൻ വ്യക്തമാക്കി.
മുൻപ് പത്തു വർഷം ജനപ്രതിനിധിയും അഞ്ചു വർഷം വൈസ് ചെയർമാനുമായിരുന്ന കാലത്ത്, ഭൂരിപക്ഷം ഉണ്ടായിരുന്നിട്ട് പോലും പരസ്പര ധാരണയോടെയാണ് മുന്നോട്ട് പോയിരുന്നതെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നിലവിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വന്തം നിലയിൽ ചാനലുകാരെയും കൂട്ടി പരിശോധനയ്ക്ക് ഇറങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ നിലപാടുകളോട് മുസ്‌ലിം ലീഗിലെ പലർക്കും അനുകൂല അഭിപ്രായമാണുള്ളതെന്നും ഇത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എമ്മിലെ മുതിർന്ന നേതാവും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കോമത്ത് മുരളീധരൻ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നത് തളിപ്പറമ്പിൽ, പ്രത്യേകിച്ച് കീഴാറ്റൂർ മേഖലയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. സി.പി.എം-സി.പി.ഐ പ്രവർത്തകർ തമ്മിൽ പ്രദേശത്ത് നിലനിൽക്കുന്ന രാഷ്ട്രീയ തർക്കങ്ങളുടെയും കേസുകളുടെയും പശ്ചാത്തലത്തിൽ, നഗരസഭയുടെ ഭരണകാര്യങ്ങളിൽ മുരളീധരൻ നടത്തിയ ഈ ഇടപെടൽ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിടും. അതേ സമയം ചെയർപേഴ്സണ് അയച്ച രീതിയിലുള്ള വാട്സ് ആപ്പ് ശബ്ദ സന്ദേശം പുറത്ത് വന്നത് എങ്ങിനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.
Also Read; നാട്ടുകാരുടെ കഞ്ഞി കുടി മുട്ടിച്ച് തളിപ്പറമ്പ് തൃച്ചംബരത്തെ 'കഞ്ഞി ഹട്ട് '
.jpg)


