ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ യാത്രക്കാരെ കൊള്ളയടിച്ച് റെയില്‍വേ, ഇക്കാര്യം സൂക്ഷിച്ചില്ലെങ്കില്‍ പണി ഉറപ്പ്


കൊച്ചി: രാജ്യത്തെ ഏറ്റവും മോശം സേവനം തരുന്ന സര്‍ക്കാര്‍ സ്ഥാപനം ഏതെന്നു ചോദിച്ചാല്‍ റെയില്‍വെ എന്ന് നിസ്സംശയം പറയാം. ലോകത്തെങ്ങും ഈ രീതിയില്‍ ട്രെയിന്‍ യാത്രക്കാരോട് പെരുമാറുന്ന റെയില്‍വെ വകുപ്പ് ഉണ്ടാകില്ല. രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് അവകാശപ്പെടുമ്പോഴും റെയില്‍വേയുടെ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ ഐആര്‍സിടിസി പുരാതനകാലത്താണ്.
ടിക്കറ്റ് ബുക്കിങ്ങിന്റെ പേരില്‍ സാധാരണക്കാരായ യാത്രക്കാരെ എങ്ങിനെയെല്ലാം ബുദ്ധിമുട്ടിക്കാമെന്ന പരീക്ഷണത്തിലാണ് റെയില്‍വെ. പ്രത്യേകിച്ചും തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍. ഓണ്‍ലൈനില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാണ് പദ്ധതിയെങ്കില്‍ അത് മാറ്റിവെക്കുകയാണ് നല്ലതെന്ന് യാത്രക്കാര്‍ പറയുന്നു. നേരത്തെ അതിവേഗവും അനായാസവുമായി തത്കാല്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ടിക്കറ്റ് എടുക്കുക എന്നത് യുദ്ധത്തിനിറങ്ങുന്നതിന് സമാനമാണ്.
തത്കാല്‍ ടിക്കറ്റിന്റെ എണ്ണം കുറച്ചും സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചും റദ്ദാക്കലിന് പിഴയിട്ടുമെല്ലാം ഭീകര കൊള്ളയാണ് റെയില്‍വേ നടത്തുന്നത്. അതിനെല്ലാം പുറമേയാണ് തത്കാല്‍ ടിക്കറ്റ് എടുക്കുന്നവരെ കബളിപ്പിക്കുന്ന പുതിയ തട്ടിപ്പും. ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭ്യത കാണിക്കുമെങ്കിലും ടിക്കറ്റ് ലഭിക്കുമ്പോള്‍ 40ന് മുകളിലുള്ള വെയിറ്റിങ് ലിസ്റ്റിലാക്കിയാണ് തട്ടിപ്പ്.

മുന്‍കാലങ്ങളില്‍ ടിക്കറ്റ് റദ്ദാകുമ്പോള്‍ നിരക്ക് ഇടാക്കിയിരുന്നില്ല. എന്നാലിപ്പോള്‍ ബുക്കിങ് കണ്‍ഫേം ആയില്ലെങ്കില്‍ റദ്ദാക്കല്‍ തുക പിടിക്കുന്നു. ഒരു ടിക്കറ്റിന് 60 രൂപയും സര്‍വീസ് ചാര്‍ജും ഈടാക്കും. നാലോ അഞ്ചോ പേര്‍ക്കുവേണ്ടിയാണ് ടിക്കറ്റെടുത്തതെങ്കില്‍ ആളുവീതമാണ് റദ്ദാക്കല്‍ തുക ഈടാക്കുക. അതായത്, 4 പേര്‍ക്കുള്ള ഒരു ടിക്കറ്റ് റദ്ദായാല്‍ 240 രൂപ പോയിക്കിട്ടും.
റദ്ദാക്കുമ്പോഴുള്ള പിഴ ലഭിക്കാനായാണ് ഇപ്പോള്‍ ടിക്കറ്റ് എടുക്കുന്നതിന് മുന്‍പ് വെയിറ്റിങ് ലിസ്റ്റായാലും ലഭ്യതയുണ്ടെന്നുകാട്ടി റെയില്‍വെ യാത്രക്കാരെ പറ്റിക്കുന്നത്. ലഭ്യത കാണിക്കുന്ന റൂട്ടില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ടിക്കറ്റെടുത്താലും വെയിറ്റിങ് ലിസ്റ്റ് ആയിരിക്കും ഫലം. ടിക്കറ്റ് റദ്ദാക്കലിലൂടെ ഓരോ ദിവസവും 7 കോടിയിലധികം രൂപയാണ് റെയില്‍വേക്ക് ലഭിക്കുന്നതെന്നാണ് കണക്ക്. 2019 മതുല്‍ 2022 വരെയുള്ള കാലയളവില്‍ 6,297 കോടി രൂപ റെയില്‍വെ ഈ ഇനത്തില്‍ മാത്രം പോക്കറ്റിലാക്കി.
ഐആര്‍സിടിയുടെ വെബ്‌സൈറ്റ് വഴി തത്കാല്‍ ടിക്കറ്റെടുക്കണമെങ്കില്‍ ടിക്കറ്റ് കൊടുത്തുകഴിഞ്ഞ് 10 മിനിറ്റെങ്കിലും കഴിയണം. അപ്പോഴേക്കും ഭൂരിഭാഗം റൂട്ടിലും ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റില്‍ ആയിട്ടുണ്ടാകും. എന്നാല്‍, അപ്പോഴും ടിക്കറ്റ് ലഭ്യത കാട്ടുന്നുണ്ടെങ്കില്‍ അത് പറ്റിക്കാനാണെന്ന് ഏറെക്കുറെ ഉറപ്പാണ്. അതായത് ടിക്കറ്റ് എടുത്താലും നിങ്ങള്‍ക്ക് ലഭിക്കുക വെയിറ്റിങ് ലിസ്റ്റായിരിക്കും. ടിക്കറ്റ് റദ്ദാക്കലിലൂടെ ലഭിക്കുന്ന കോടികള്‍ മുന്നില്‍ക്കണ്ടാണ് ഇത്തരൊമൊരു നീക്കമെന്ന് ആക്ഷേപമുണ്ട്.
വെബ്‌സൈറ്റ് വഴി ടിക്കറ്റെടുക്കല്‍ തടസ്സപ്പെടുത്താന്‍ തുടങ്ങിയതും അടുത്തകാലത്താണ്. റെയില്‍വേ സ്റ്റേഷനിലോ മറ്റു ടിക്കറ്റ് കൗണ്ടറുകളിലോ ചെന്നാല്‍ മാത്രമേ തത്കാല്‍ ടിക്കറ്റ് ലഭിക്കൂ എന്ന അവസ്ഥയാണിപ്പോള്‍. കോടിക്കണക്കിന് സാധാരണക്കാരെ ദുരിതത്തിലാക്കുന്ന റെയില്‍വേയുടെ നടപടിക്കെതിരെ പ്രതിപക്ഷത്തുനിന്നോ പാര്‍ലമെന്റിലോ പ്രതിഷേധമൊന്നും ഉയരാറുമില്ല.