ഐപിഎല്‍ ബോറടിപ്പിക്കുന്നു, ഒരു ത്രില്ലില്ല, പുതിയ സീസണില്‍ ആരാധകര്‍ക്ക് മടുപ്പ്, കളികാണുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞേക്കും

IPL
IPL

വിരലിലെണ്ണാവുന്ന മത്സരങ്ങളൊഴിച്ചാല്‍ ബാക്കിയെല്ലാം ഏകപക്ഷീയ വിജയമാണ് ഉണ്ടാകുന്നത്. ഒറ്റ മത്സരം പോലും സൂപ്പര്‍ ഓവറുകളിലേക്കോ ട്വിസ്റ്റുകളിലേക്കോ പോയില്ല.

മുംബൈ: ഐപിഎല്‍ 2025 സീസണ്‍ മാര്‍ച്ച് 22-ന് ആരംഭിച്ചപ്പോള്‍ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍, ഐപിഎല്‍ ആരംഭിച്ച് 20 ദിവസം ആകുമ്പോഴേക്കും ആരാധകര്‍ക്ക് കളി മടുത്ത അവസ്ഥയിലാണ്.

ഐപിഎല്ലിനെ എക്കാലവും ശ്രദ്ധേയമാക്കിയിരുന്നത് ത്രില്ലര്‍ മത്സരങ്ങളിലൂടേയാണ്. മറ്റൊരു ടൂര്‍ണമെന്റിലും കാണാത്ത രീതിയിലുള്ള ആവശേകരമായ ട്വിസ്റ്റുകള്‍കൊണ്ട് സമ്പന്നമാകാറുള്ള ഐപിഎല്‍ ഇക്കുറി മടുപ്പിക്കുകയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

വിരലിലെണ്ണാവുന്ന മത്സരങ്ങളൊഴിച്ചാല്‍ ബാക്കിയെല്ലാം ഏകപക്ഷീയ വിജയമാണ് ഉണ്ടാകുന്നത്. ഒറ്റ മത്സരം പോലും സൂപ്പര്‍ ഓവറുകളിലേക്കോ ട്വിസ്റ്റുകളിലേക്കോ പോയില്ല. വിരസമാകുന്ന വിജയങ്ങള്‍ ആരാധകരെ നിരാശരാക്കുന്നു. ചില കളികളില്‍ വലിയ സ്‌കോറുകള്‍ പിറന്നെങ്കിലും എതിര്‍ ടീം തുടക്കത്തില്‍ തന്നെ തോല്‍വി സമ്മതിക്കുന്നു.

ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സുമെല്ലാം അവസാന സ്ഥാനങ്ങളിലാണ്. വിജയത്തുടക്കമിട്ട ആര്‍സിബിയും തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്നു. ടീമുകള്‍ തമ്മിലുള്ള ബാലന്‍സ് ഇല്ലാത്തതാണ് ഇക്കുറി ത്രില്ലറുകളില്ലാത്തതിന് കാരണമെന്ന് പറയുന്നവരുണ്ട്. മുന്‍നിര കളിക്കാരുടെ ഫോമില്ലായ്മയും ടൂര്‍ണമെന്റിനെ ബാധിച്ചു.

ആദ്യ 19 മത്സരങ്ങളില്‍ ഏകദേശം 15 എണ്ണവും ഏകപക്ഷീയമായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നേടിയ വിജയമായിരുന്നു ഒരേയൊരു ത്രില്ലര്‍ എന്നു പറയാം. ആര്‍ആറിനെതിരെ സിഎസ്‌കെ തോറ്റ മത്സരവും ആവേശമുയര്‍ത്തി.

എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ കഴിഞ്ഞ ദശകത്തിലെ മികച്ച റെക്കോര്‍ഡുകളിലൂടെ ശ്രദ്ധ ആകര്‍ഷിച്ചവരാണ്. ഈ സീസണില്‍, എംഎസ് ധോണി, രോഹിത്, ഋഷഭ് പന്ത് എന്നിവര്‍ക്ക് അവരുടെ നിലവാരത്തിനനുസരിച്ച് പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. അഭിഷേക് ശര്‍മ, ശിവം ദുബെ, നിതീഷ് റെഡ്ഡി, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും സ്‌കോര്‍ നേടാന്‍ ബുദ്ധിമുട്ടുന്നു.

ശേഷിക്കുന്ന മത്സരങ്ങളും ത്രില്ലറുകളില്ലാതെ അവസാനിക്കുകയാണെങ്കില്‍ ഐപിഎല്‍ നിരാശപ്പെടുത്തും. കളിക്കാരെല്ലാം ഫോമിലേക്ക് ഉയരുമെന്നും സൂപ്പര്‍ ഓവറുകളിലേക്കും ത്രില്ലര്‍ ക്ലൈമാക്‌സുകളിലേക്കുമെല്ലാം മത്സരം നീളുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Tags