ആദ്യ ഐപിഎല്‍ മത്സരത്തിന് മുന്‍പ് മുന്നറിയിപ്പുമായി സഞ്ജു സാംസണ്‍, റോയല്‍സിന് ഇത്തവണ തല്ലിപ്പൊളി ടീമോ?


പരിക്കിനെ തുടര്‍ന്ന് ആദ്യ ചില കളികളില്‍ സഞ്ജു ക്യാപ്റ്റനായി എത്തില്ല. സഞ്ജു ബാറ്റര്‍ മാത്രമായി ഇംപാക്ട് കളിക്കാരനാകുമ്പോള്‍ റിയാന്‍ പരാഗാണ് താത്കാലിക ക്യാപ്റ്റന്‍.
ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മത്സരത്തിനായി ഇറങ്ങുകയാണ് സഞ്ജും സാംസണും സംഘവും. രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ എതിരാളി സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. കഴിഞ്ഞ സീസണില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയ ഹൈദരാബാദ് റോയല്‍സിന് വലിയ വെല്ലുവിളിയാകും.
പരിക്കിനെ തുടര്‍ന്ന് ആദ്യ ചില കളികളില്‍ സഞ്ജു ക്യാപ്റ്റനായി എത്തില്ല. സഞ്ജു ബാറ്റര്‍ മാത്രമായി ഇംപാക്ട് കളിക്കാരനാകുമ്പോള്‍ റിയാന്‍ പരാഗാണ് താത്കാലിക ക്യാപ്റ്റന്‍. മെഗാ ലേലത്തില്‍ മികവുകാട്ടാന്‍ കഴിയാത്ത റോയല്‍സ് ദുര്‍ബല ടീമായാണ് ഇക്കുറി കണക്കാക്കുന്നത്. എന്നാല്‍, തങ്ങളെ എഴുതിത്തള്ളേണ്ടെന്നാണ് മത്സരത്തിന് മുന്‍പ് സഞ്ജുവിന് പറയാനുള്ളത്.

തന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സിനെ മോശം ടീമായി കണക്കാക്കുന്ന വിമര്‍ശകര്‍ വാക്കുമാറ്റേണ്ടിവരുമെന്ന് സഞ്ജു മുന്നറിയിപ്പ് നല്‍കി. 2008-ല്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യമായി ഐപിഎല്‍ കിരീടം നേടിയത് മറക്കരുത്. ഞങ്ങള്‍ യഥാര്‍ത്ഥ ചാമ്പ്യന്മാരാണെന്നും സഞ്ജു പറഞ്ഞു. 2008ലെ കിരീടനേട്ടവും 2022ലെ റണ്ണറപ്പുമാണ് റോയല്‍സിന്റെ ഐപിഎല്ലിലെ മികച്ച പ്രകടനം.
ആദ്യ കളിക്കിറങ്ങുന്ന സിഎസ്‌കെ ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദും ടീം മികച്ച പ്രകടനം നടത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സാണ് സിഎസ്‌കെയുടെ എതിരാളി. കഴിഞ്ഞ വര്‍ഷം പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ല.