ലേലത്തില്‍ നിരാശപ്പെടുത്തി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്, വരും സീസണില്‍ മികവ് ആവര്‍ത്തിക്കില്ലെന്ന് ആരാധകര്‍

Rajasthan Royals
Rajasthan Royals

കഴിഞ്ഞ മൂന്ന് സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ റോയല്‍സിന്റെ ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെ നിലനിര്‍ത്തിയിരുന്നില്ല.

ന്യൂഡല്‍ഹി:  സൗദി അറേബ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിന്റെ ആദ്യ ദിവസം നിരാശപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. ആറു കളിക്കാരെ നിലനിര്‍ത്തിയാണ് റോയല്‍സ് ലേലത്തിനിറങ്ങിയത്. എന്നാല്‍, കഴിഞ്ഞ മെഗാ ലേലത്തില്‍ നടത്തിയ ഇടപെടല്‍ ഇക്കുറി ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ആദ്യദിനം ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മാത്രമാണ് റോയല്‍സിലെത്തിയ പ്രധാന താരം.

കഴിഞ്ഞ മൂന്ന് സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ റോയല്‍സിന്റെ ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെ നിലനിര്‍ത്തിയിരുന്നില്ല. അശ്വിനും ചാഹലിനും പകരം ശ്രീലങ്കന്‍ ശ്രീലങ്കന്‍ സ്പിന്‍ ജോഡികളായ വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ എന്നിവര്‍ ടീമിലെത്തി. രണ്ട് കളിക്കാരും ഫോമില്‍ കളിക്കുന്നവരല്ലെങ്കിലും ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

ജോഫ്ര ആര്‍ച്ചറെ 12.5 കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചത്. പരിക്കുമൂലം അന്താരാഷ്ട്ര മത്സരങ്ങളും ഐപിഎല്ലുമെല്ലാം നഷ്ടമായ ആര്‍ച്ചര്‍ക്ക് മുന്‍കാല ഫോമിലേക്ക് തിരിച്ചെത്തുക എളുപ്പമല്ല. അണ്‍ക്യാപ്പ്ഡ് പേസര്‍ ആകാശ് മധ്വാളാണ് റോയല്‍സിലെത്തിയ മറ്റൊരു താരം. ആര്‍ഷ്ദീപ് സിങ്ങിനായി 9 കോടിക്ക് മുകളില്‍ വിളിച്ചെങ്കിലും പിന്നീട് കൈവിട്ടു. കുമാര്‍ കാര്‍ത്തികേയ ആണ് ആദ്യദിനം ലേലത്തില്‍ ലഭിച്ച മറ്റൊരു കളിക്കാരന്‍. രണ്ടാംദിനത്തിലെ ലേലത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കുവേണ്ടി പണമിറക്കിയേക്കും.

റോയല്‍സിലെത്തിയ കളിക്കാര്‍,

1. ജോഫ്ര ആര്‍ച്ചര്‍ - 12.5 കോടി

2. മഹേഷ് തീക്ഷണ - 4.4 കോടി

3. വനിന്ദു ഹസരംഗ - 5.25 കോടി

4. ആകാശ് മധ്വാള്‍ - 1.2 കോടി രൂപ

5. കുമാര്‍ കാര്‍ത്തികേയ - 30 ലക്ഷം

സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍ എന്നിവരാണ് റോയല്‍സ് നിലനിര്‍ത്തിയ കളിക്കാര്‍. ഇന്ത്യന്‍, വിദേശ പേസര്‍മാരേയും മധ്യനിര ബാറ്റര്‍മാരേയും ലക്ഷ്യമാക്കിയാകും റോയല്‍സ് രണ്ടാംദിനം ലേലത്തിനിറങ്ങുക.

റോയല്‍സ് റിലീസ് ചെയ്ത കളിക്കാരുടെ പട്ടിക: ജോസ് ബട്ട്ലര്‍, കുനാല്‍ റാത്തോഡ്, ഡോണോവന്‍ ഫെരേര, റോവ്മാന്‍ പവല്‍, ശുഭം ദുബെ, ടോം കോഹ്ലര്‍-കാഡ്മോര്‍, രവിചന്ദ്രന്‍ അശ്വിന്‍, തനുഷ് കോട്ടിയന്‍, ആബിദ് മുഷ്താഖ്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, നവദീപ് സൈനി, കേശവ് മഹാരാജ്, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, നാന്ദ്രെ ബര്‍ഗര്‍.

Tags