ഒടുവില്‍ ലോകകപ്പ് സെമി ഫൈനലിന്റെ കാര്യത്തില്‍ തീരുമാനമായി, ഇന്ത്യയ്ക്ക് പണികിട്ടിയേക്കും, ചരിത്രം ആര്‍ക്കൊപ്പം?

world cup 2023
world cup 2023

ന്യൂഡല്‍ഹി: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലന്‍ഡ് ശ്രീലങ്കയ്ക്കെതിരേ തകര്‍പ്പന്‍ വിജയം നേടിയതോടെ സെമി ഫൈനല്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. ഇനി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സെമിയിലേക്ക് എത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. സെമിയില്‍ ഇന്ത്യയാണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍.

tRootC1469263">

റണ്‍നിരക്കില്‍ ന്യൂസിലന്‍ഡ് ഏറെ മുന്നില്‍ നില്‍ക്കുന്നതിനാല്‍ അസാധ്യമായ സാധ്യത മാത്രമാണ് പാകിസ്ഥാന്റെ മുന്നിലുള്ളത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വെറും 23.2 ഓവറില്‍ 172 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് അവരുടെ നെറ്റ് റണ്‍ റേറ്റ് +0.743 ആയി ഉയര്‍ത്തിയിരുന്നു.

പാകിസ്ഥാന്‍ സെമിയിലെത്തണമെങ്കില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 287 റണ്‍സിന്റെ വിജയമെങ്കിലും നേടണം. അതായത് പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 300 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിനെ 13 റണ്‍സില്‍ ഒതുക്കണം. പാകിസ്ഥാന്‍ ആദ്യം പന്തെറിയുകയാണെങ്കില്‍ അവരുടെ സാധ്യതകള്‍ ഇല്ലാതാകും. ഇംഗ്ലണ്ടിനെ 100 റണ്‍സിന് പുറത്താക്കിയാലും, 2.5 ഓവറില്‍ അവര്‍ ടോട്ടല്‍ പിന്തുടരേണ്ടതുണ്ട്. അതായത് 283 പന്തുകള്‍ ശേഷിക്കെ എതിരാളികള്‍ക്കെതിരെ വിജയം നേടണം. ഓസ്ട്രേലിയയ്ക്കെതിരായ തോല്‍വിയോടെ അഫ്ഗാനിസ്ഥാനും സെമിയിലെത്തുക പാകിസ്ഥാനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമായി.

ഇന്ത്യയും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നേരത്തെ തന്നെ ലോകകപ്പ് സെമിഫൈനലില്‍ ഇടംനേടിയിരുന്നു. സെമിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമെന്ന് ഉറപ്പിക്കവെ ലോകകപ്പിലെ ചരിത്രം ഇന്ത്യയ്ക്ക് അനുകൂലമല്ല. ഇന്ത്യ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. 2003ന് ശേഷം ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ജയം നേടുന്നത്. നിലവിലെ ഫോമില്‍ ഇന്ത്യയാണ് കരുത്തര്‍. എന്നാല്‍, കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പുറത്താക്കിയ ന്യൂസിലന്‍ഡ് മികച്ച ഓള്‍റൗണ്ടര്‍മാരുമായാണ് ഇത്തവണയും കളിക്കുന്നത്.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ 117 ഏകദിനങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ 59 മത്സരങ്ങള്‍ ജയിക്കുകയും 50 കളികള്‍ തോല്‍ക്കുകയും ചെയ്തു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ 7 മത്സരങ്ങള്‍ ഫലം കണ്ടില്ല. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ 9 ലോകകപ്പ് മത്സരങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഇന്ത്യ വെറും നാല് തവണ വിജയിക്കുകയും അഞ്ച് തവണ തോല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിലെത്തിയ ടീമാണ് ന്യൂസിലന്‍ഡ്. 2015ല്‍ ഓസ്ട്രേലിയയോടും നാലു വര്‍ഷം മുമ്പ് ഇംഗ്ലണ്ടിനോടും തോറ്റു. അതുകൊണ്ടുതന്നെ ഹാട്രിക് ഫൈനല്‍ ലക്ഷ്യമിടുന്ന ന്യൂസിലന്‍ഡ് ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക.

 

Tags