സര്‍ക്കാര്‍ സബ്‌സിഡിയോടെ സോളാര്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം, രജിസ്റ്റര്‍ ചെയ്യേണ്ടതിങ്ങനെ

rooftop solar
rooftop solar

കൊച്ചി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച റൂഫ്ടോപ്പ് സോളാര്‍ സ്‌കീം പ്രോത്സാഹിപ്പിക്കുന്നതിന് പോസ്റ്റ് ഓഫീസുമായി കൈകോര്‍ക്കുന്നു. പദ്ധതിയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്നും സബ്സിഡി നേടാമെന്നും അറിയാന്‍ ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസിനെ സമീപിക്കാമെന്ന് ഇന്ത്യ പോസ്റ്റ് അറിയിച്ചു.

പുതിയ സോളാര്‍ റൂഫ്ടോപ്പ് സ്‌കീമിന് കീഴില്‍, ഉപഭോക്താക്കള്‍ക്ക് മൂന്ന് കിലോവാട്ട് വരെ കിലോവാട്ടിന് 30,000 രൂപ സബ്സിഡിയും 3 കിലോവാട്ടിന് മുകളിലുള്ള കണക്ഷനുകള്‍ക്ക് കിലോവാട്ടിന് 18,000 രൂപയും സബ്സിഡി ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഉപഭോക്താക്കള്‍ക്ക് നിയുക്ത വെബ് പോര്‍ട്ടല്‍ വഴിയും അപേക്ഷിക്കാം. നിലവിലുള്ള ഓപ്ഷനുകള്‍ക്ക് പുറമെയാണ് ഇന്ത്യാ പോസ്റ്റ് ഇപ്പോള്‍ ഉപഭോക്താക്കളെ സഹായിക്കാനും സ്‌കീമിന് അപേക്ഷിക്കാനും ഇതിലൂടെ സബ്സിഡി നേടാനും സഹായമൊരുക്കുന്നത്. ഈ വര്‍ഷം 1 കോടി ഗാര്‍ഹിക റൂഫ്ടോപ്പ് സോളാര്‍ കണക്ഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സബ്സിഡി അംഗീകാരത്തിന് ശേഷം വായ്പകളിലൂടെയോ സ്വന്തം ഫണ്ടുകള്‍ വഴിയോ കപ്പാസിറ്റി ഇന്‍സ്റ്റാള്‍ ചെയ്യാം. റൂഫ്ടോപ്പ് സോളാര്‍ വീടുകള്‍ക്ക് ഇടതടവില്ലാതെ വൈദ്യുതി നല്‍കും. 1 കിലോവാട്ട് സോളാര്‍ പാനലുകള്‍ക്ക് ലൈറ്റുകള്‍, ഫാനുകള്‍, ടിവികള്‍ തുടങ്ങിയ പ്രധാന ഗൃഹോപകരണങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ കഴിയും. സ്റ്റോറേജ് സിസ്റ്റങ്ങള്‍ ഉപയോഗിച്ച് ഓണ്‍-സൈറ്റ് ജനറേഷന്‍ സ്‌കെയില്‍ ചെയ്യുന്നതിലൂടെ, കുടുംബങ്ങള്‍ക്ക് ഊര്‍ജ്ജ സ്വയംഭരണവും സാമ്പത്തിക ലാഭവുമുണ്ടാകും.

താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് ഐഡി പ്രൂഫ്, വൈദ്യുതി ബില്‍, മേല്‍ക്കൂരയുടെ ഫോട്ടോകള്‍ തുടങ്ങിയ രജിസ്‌ട്രേഷന്‍ രേഖകള്‍ തപാല്‍ വകുപ്പിന്റെ സഹായത്തോടെ പോര്‍ട്ടലില്‍ സമര്‍പ്പിക്കാം. ഇത് ഉപഭോക്തൃ ആശങ്കകള്‍ പരിഹരിക്കാനും വേഗത്തിലുള്ള അംഗീകാരവും ഇന്‍സ്റ്റാളേഷനും സാധ്യമാക്കുന്നു.

 

Tags