കാമ്പസ് ഇന്റര്‍വ്യൂ, പങ്കെടുത്ത 200ല്‍ അധികം പേര്‍ക്ക് ജോലി, 25 ലക്ഷം രൂപ വരെ ശമ്പളം, കോളടിച്ച് വിദ്യാര്‍ത്ഥികള്‍

IIT Campus
IIT Campus

700-ലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആദ്യഘട്ട അഭിമുഖത്തിനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ 200ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ഓഫറുകള്‍ ലഭിച്ചു.

പട്ന: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്നും ആഗോള കമ്പനികള്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വന്‍ പ്രതിഫലം നല്‍കി വിളിക്കുകയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പട്നയിലെ (ഐഐടി-പി) 2025ല്‍ ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് പ്ലേസ്മെന്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പ്രമുഖ ആഗോള കമ്പനികളില്‍ നിന്ന് ഓഫറുകളെത്തി.

700-ലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആദ്യഘട്ട അഭിമുഖത്തിനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ 200ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ഓഫറുകള്‍ ലഭിച്ചു. ഇന്റേണ്‍ഷിപ്പ് സമയത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ മുന്‍നിര കമ്പനികളില്‍ നിന്നുള്ള 58 പ്രീ-പ്ലേസ്മെന്റ് ഓഫറുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

ഐഐടി-പി വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ പ്രമുഖ കമ്പനികളില്‍ നിന്ന് മാത്രം 12 ഓഫറുകള്‍ ലഭിച്ചു. ഇത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള സാന്നിധ്യം സൂചിപ്പിക്കുന്നു. പ്രീ-പ്ലേസ്മെന്റ് ഓഫറുകളുടെ പട്ടികയില്‍ Microsoft, Media.Net, Goldman Sachs, Atlassian, Google, Sprinklr, Dell, American Express, Warner Brothers, Johnson & Johnson, TVS എന്നിവയും ഉള്‍പ്പെടുന്നു.

ഈ പ്രമുഖ ഓര്‍ഗനൈസേഷനുകള്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് മുതല്‍ ഫിനാന്‍സ്, കണ്‍സള്‍ട്ടിംഗ് വരെ വിവിധ മേഖലകളിലുടനീളം തൊഴില്‍ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. ശരാശരി 25 ലക്ഷം രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക ശമ്പള പാക്കേജ്.

ഗൂഗിള്‍ (13), മൈക്രോസോഫ്റ്റ് (9), ഫ്‌ലിപ്കാര്‍ട്ട് (7), ആക്സെഞ്ചര്‍ ജപ്പാന്‍, സാംസങ് (6 വീതം) എന്നിങ്ങനെയാണ് വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫറുകള്‍. സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, ഡാറ്റാ സയന്‍സ്, ബിസിനസ് അനലിറ്റിക്സ്, കണ്‍സള്‍ട്ടിംഗ്, ഫിനാന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍ ആന്‍ഡ് ഡി എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലി ചെയ്യാം. പ്ലേസ്‌മെന്റുകള്‍ പൂര്‍ത്തിയാകുന്നതോടെ കാമ്പസിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിക്കുമെന്നാണ് സ്ഥാപന അധികൃതരുടെ പ്രതീക്ഷ.

Tags