മെറ്റയുടെ 9.5 കോടി ശമ്പള ഓഫര്‍ നിരസിച്ച് സ്വന്തം എഐ സ്റ്റാര്‍ട്ടപ്പ് തുടങ്ങി, യുവാക്കള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രചോദനമായി ഒരു ടെക്കി

Rishabh Agarwal

റിഷഭ് തന്നെ വ്യക്തമാക്കിയത്, മെറ്റയുടെ ഓഫര്‍ 1 മില്യണ്‍ ഡോളര്‍ എന്നതിനെക്കാള്‍ ഒരു ഓര്‍ഡര്‍ ഓഫ് മാഗ്‌നിറ്റിയൂഡ് കൂടുതല്‍ ആയിരുന്നു എന്നാണ്.

മുംബൈ: ഐഐടി ബോംബെയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയ യുവ ഗവേഷകനും എഐ വിദഗ്ധനുമായ റിഷഭ് അഗര്‍വാള്‍ ടെക് ഭീമനായ മെറ്റയുടെ വന്‍ ശമ്പള ഓഫര്‍ നിരസിച്ച് സ്വന്തം എഐ സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ച കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജെഇഇ അഡ്വാന്‍സ്ഡില്‍ എയര്‍ 33-ാം റാങ്ക് നേടിയ റിഷഭ്, ഐഐടി ബോംബെയില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം ഗൂഗിള്‍ ബ്രെയിന്‍, ഡീപ്മൈന്‍ഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് മെറ്റയിലെ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിലേക്ക് ചേര്‍ന്ന അദ്ദേഹം അവിടെ വെറും അഞ്ച് മാസം മാത്രം പ്രവര്‍ത്തിച്ച ശേഷം രാജിവെച്ചു.

വൈറലായ ഒരു പോസ്റ്റ് പ്രകാരം, മെറ്റയില്‍ നിന്ന് ഏകദേശം 9.5 കോടി രൂപയുടെ വാര്‍ഷിക ശമ്പള ഓഫര്‍ ലഭിച്ചിട്ടും അത് നിരസിച്ച് Periodic Labs എന്ന എഐ സ്റ്റാര്‍ട്ടപ്പിന്റെ കോ-ഫൗണ്ടറായി മാറുകയായിരുന്നു. ജെഫ് ബെസോസിന്റെയും എന്‍വിഡിയയുടെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് അടുത്ത തലമുറ എഐ സയന്റിസ്റ്റിനെ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ മെറ്റീരിയലുകള്‍, മരുന്നുകള്‍, ഫിസിക്‌സ് തുടങ്ങിയവ കണ്ടുപിടിക്കാന്‍ ഹൈപ്പോതെസിസ് ജനറേറ്റ് ചെയ്യാനും പരീക്ഷണങ്ങള്‍ നടത്താനും കഴിവുള്ള എഐയാണ് ലക്ഷ്യം.

റിഷഭ് തന്നെ വ്യക്തമാക്കിയത്, മെറ്റയുടെ ഓഫര്‍ 1 മില്യണ്‍ ഡോളര്‍ (ഏകദേശം 9.5 കോടി) എന്നതിനെക്കാള്‍ ഒരു ഓര്‍ഡര്‍ ഓഫ് മാഗ്‌നിറ്റിയൂഡ് കൂടുതല്‍ ആയിരുന്നു എന്നാണ്. വലിയ കോര്‍പ്പറേറ്റുകളില്‍ ചെറിയ മത്സ്യമാകുന്നതിനെക്കാള്‍, ചെറിയ കമ്പനിയില്‍ വലിയ സംഭാവന നല്‍കാനുള്ള തീരുമാനമെടുത്തതായി അദ്ദേഹം സൂചിപ്പിച്ചു.

മിലാ (Mila - Quebec AI Institute)യില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കിയ റിഷഭ്, മക്കില്‍ സര്‍വകലാശാലയില്‍ അഡ്ജങ്റ്റ് പ്രൊഫസറുമാണ്. റീന്‍ഫോഴ്സ്മെന്റ് ലേണിങ്, റീസണിങ് തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

റിഷഭിന്റെ കഥ ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രചോദനമാവുകയാണ്. ഉയര്‍ന്ന ശമ്പളത്തിനപ്പുറം സ്വപ്നങ്ങളും സമൂഹത്തിന് ഗുണകരമായ സംഭാവനകളും തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നു.

Tags