സെമിയില്‍ ഇന്ത്യയുടെ എതിരാളി പാകിസ്ഥാനോ? ന്യൂസിലന്‍ഡ് പുറത്തേക്കോ?


ന്യൂഡല്‍ഹി: മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചതോടെ ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ ഒരു ടീമിന് മാത്രമാണ് ഇനി സ്ഥാനം ശേഷിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയെപ്പോള്‍ നാലാമതെത്താന്‍ മൂന്ന് ടീമുകള്‍ക്ക് അവസരമുണ്ട്.
tRootC1469263">എട്ട് പോയിന്റുകള്‍ വീതമുള്ള ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്ക് അവസാന മത്സരം നിര്‍ണായകമാകും. അഫ്ഗാനിസ്ഥാന്‍ അവരുടെ അവസാന ലീഗ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് നേരിടുക. ന്യൂസിലന്‍ഡിന് ശ്രീലങ്കയാണ് എതിരാളി. പാകിസ്ഥാന്‍ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും. മൂന്നു ടീമുകളും ജയിക്കുകയാണെങ്കില്‍ മികച്ച റണ്‍ ശരാശരിയുള്ള ടീം സെമിയിലെത്തും.

ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിലെ മികച്ച ടീമുകളിലൊന്നായതിനാല്‍ അവരെ മറികടക്കുക അഫ്ഗാന് എളുപ്പമാകില്ല. എന്നാല്‍, ഓസീസിനെതിരായ പ്രകടനം ആവര്‍ത്തിച്ചാല്‍ അട്ടിമറി ജയം അസാധ്യവുമല്ല. സെമി ഫൈനലിന് ഒരുങ്ങേണ്ടതിനാല്‍ മുന്‍നിര കളിക്കാര്‍ക്ക് ദക്ഷിണാഫ്രിക്ക വിശ്രമം അനുവദിക്കുമെന്നതിനാല്‍ അത് നേട്ടമാക്കാന്‍ അഫ്ഗാന് കഴിയും.
ന്യൂസിലന്‍ഡിന് ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍, നാല് തുടര്‍തോല്‍വികള്‍ ടീമിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. മികച്ച ജയത്തോടെ റണ്‍ശരാശരി ഉയര്‍ത്തി സെമിയിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത ന്യൂസിലന്‍ഡിനാണ്.
ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന പാകിസ്ഥാനും സെമി പ്രതീക്ഷയിലാണ്. ന്യൂസിലന്‍ഡിനെതിരായ പ്രകടനം ആവര്‍ത്തിച്ചാല്‍ വലിയ മാര്‍ജിനില്‍ നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി സെമിയിലെത്താന്‍ കഴിയുമെന്ന് പാകിസ്ഥാന്‍ കണക്കുകൂട്ടുന്നു. സെമിയില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. ന്യൂസിലന്‍ഡ് ശ്രീലങ്കയോട് തോല്‍ക്കുകയും പാകിസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ സെമിയില്‍ ചിരവൈരകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.