ജെയ് ഷാ കഴിവുകെട്ട സംഘാടകനോ? ടോര്‍ച്ച് ലൈറ്റില്‍ പത്രസമ്മേളനം, രൂക്ഷ വിമര്‍ശനവുമായി ജോസ് ബട്ട്‌ലറും


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ സംഘാടനപ്പിഴവിന്റെ പെരുമഴ. ടൂര്‍ണമെന്റിന്റെ തുടക്കംമുതല്‍ എല്ലാ കാര്യത്തിലും പാളിച്ചകള്‍ പറ്റിയ ബിസിസിഐയ്ക്ക് ഒരാഴ്ച പിന്നിടുമ്പോഴും കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടത്താനാകുന്നില്ല.
ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ കിരീടമായി കരുതുന്ന ലോകകപ്പിലാണ് ബിസിസിഐയുടെ ആവര്‍ത്തിച്ചുള്ള പിഴവുകളെന്നത് നാണക്കേടുണ്ടാക്കുന്നതാണ്. ബിസിസിഐയുടെ എല്ലാമെന്ന് മേനിനടിക്കുന്ന സെക്രട്ടറി ജെയ് ഷായുടെ പിടിപ്പുകേടാണ് ലോകമാമാങ്കത്തിന് ഈ രീതിയിലൊരു നിലവാരത്തകര്‍ച്ചയുണ്ടായതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
tRootC1469263">ഐപിഎല്ലിന്റെ വരവോടെ വര്‍ഷാവര്‍ഷം സഹസ്രകോടികള്‍ ലാഭമുണ്ടാക്കുന്ന ബിസിസിഐയ്ക്ക് ലോകകപ്പിനായി സ്റ്റേഡിയങ്ങള്‍ വേണ്ടവിധം ഒരുക്കാന്‍ പോലും സാധിച്ചില്ല. പക്ഷിക്കാഷ്ടം നിറഞ്ഞ സ്റ്റേഡിയത്തിലെ സീറ്റുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞദിവസങ്ങള്‍ പുറത്തുവന്നിരുന്നു. കളികാണാന്‍ ആരാധകരെത്തുന്നില്ലെന്ന വിമര്‍ശനത്തിനടെ ഇത്തരം ചിത്രങ്ങള്‍ കൂടി പുറത്തുവന്നത് സംഘാടകര്‍ക്ക് നാണക്കേടായി.

ഏകദിന ലോകകപ്പിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമായപ്പോള്‍ കളികണാന്‍ ആളുകളെത്താത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഉദ്ഘാടനത്തിന് ഇന്ത്യയുടെ മത്സരം വെക്കാതിരുന്നതും ടിക്കറ്റുകളെല്ലാം ഓണ്‍ലൈനില്‍ വിറ്റഴിച്ചതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ആദ്യദിനം തന്നെ കോടികളുടെ നഷ്ടമാണ് ബിസിസിഐക്കും ഐസിസിക്കും ഇതിലൂടെ സംഭവിച്ചത്.
ഇന്നേവരെ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളിലെ കാണികളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഏറ്റവും മോശം തുടക്കമാണ് ഇത്തവണ ലഭിച്ചതെന്ന് വിദേശ കളി വിദഗ്ധര്‍ പോലും ചൂണ്ടിക്കാട്ടുന്നു. ഏതു മത്സരമായാലും ഇന്ത്യയിലെ സ്‌റ്റേഡിയം നിറയ്ക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ബിസിസിഐയുടെ അമിത ആത്മവിശ്വാസത്തിനും തിരിച്ചടിയേറ്റു.
ലോകകപ്പിന്റെ സമയക്രമം പോലും ബിസിസിഐ പ്രഖ്യാപിച്ചത് ഏറെ വൈകിയാണ്. ടിക്കറ്റുകള്‍ നേരിട്ട് ലഭിക്കാതിരുന്നത് വലിയൊരു വിഭാഗം ആരാധകരേയും സ്റ്റേഡിയത്തില്‍നിന്നും അകറ്റി. ഇന്ത്യയുടെ മത്സരത്തിനല്ലാതെ മറ്റൊരു കളിക്കും സ്റ്റേഡിയത്തിലേക്ക് ആളെയെത്തിക്കാന്‍ ബിസിസിഐയ്ക്ക് സാധിക്കുന്നല്ല.
ഏറ്റവുമൊടുവിലത്തെ സംഭവത്തില്‍ ധര്‍മശാലയില്‍ നടന്ന മത്സരത്തിന് മുന്‍പ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ മൈതാനത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് വിമര്‍ശനവുമായെത്തി. ഔട്ട്ഫീല്‍ഡ് അപകടം നിറഞ്ഞതാണെന്നും ഫീല്‍ഡര്‍മാര്‍ക്ക് പരിക്ക് പറ്റുന്നതുമാണെന്നും ബട്‌ലര്‍ പറഞ്ഞു. ഒരു ലോകകപ്പിന് ഈ രീതിയിലൊരു മൈതാനമൊരുക്കിയതില്‍ ബട്‌ലര്‍ അമ്പരക്കുകയും ചെയ്തു. പരിക്കേല്‍ക്കാതിരിക്കാന്‍ ഡൈവ് ചെയ്യരുതെന്ന് ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ക്ക് ബട്‌ലര്‍ മുന്നറിയിപ്പും നല്‍കി.
ലോകകപ്പ് ഒരുക്കത്തിന് വര്‍ഷങ്ങള്‍ ലഭിച്ചെങ്കിലും യാതൊരു താത്പര്യവും ഇക്കാര്യത്തില്‍ ബിസിസിഐ കാട്ടിയിട്ടില്ലെന്ന് വ്യക്തമാണ്. ബിസിസിഐയുടെ സെക്രട്ടറിയായി ദീര്‍ഘകാലമായി തുടരുന്ന ജയ് ഷായ്ക്ക് സംഘാടനത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ പോലും അറിയില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.
ഒരു ലോകോത്തര ടൂര്‍ണമെന്റ് അനുഭവം നല്‍കുന്നതിന് ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നാണ് ടൂര്‍ണമെന്റിന് മുന്‍പ് ജെയ് ഷാ പറഞ്ഞത്. എന്നാല്‍, കഴിഞ്ഞദിവസം ഒരു മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനം ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് നടന്നത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് ശേഷം ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ് ടോര്‍ച്ചുവെളിച്ചത്തില്‍ പത്രസമ്മേളനം നടത്തുന്നത് വൈറലാവുകയും ചെയ്തു. പവര്‍കട്ടിന് ബദല്‍മാര്‍ഗമൊരുക്കാന്‍ പോലും ബിസിസിഐയ്ക്ക് സാധിച്ചില്ല.