കറിയില്‍ എരിവ് കൂടുതലായോ, ഒട്ടും പേടിക്കേണ്ടതില്ല, ഇവ ചേര്‍ത്താല്‍ എരിവ് കുറയും രുചി കൂടും

google news
chilli in curry

ദിവസവും പാചകം ചെയ്യുന്നവരാണെങ്കിലും ഭക്ഷണത്തില്‍ നാമറയാതെ തന്നെ ചേരുവകള്‍ ചേരുംപടിയാകാറില്ല. ചിലപ്പോള്‍ ഉപ്പോ, എരിവോ, മസാലയോ, മധുരമോ എല്ലാം അധികമോ കുറവോ ആയിത്തീരാം. കുറവാണെങ്കില്‍ അല്‍പം കൂടുതലിട്ട് പാകപ്പെടുത്താം. എന്നാല്‍ കൂടുതലാണെങ്കില്‍ പെട്ടതുതന്നെ. ഭക്ഷണത്തില്‍ എരിവ് അധികമായാല്‍ തീന്‍മേശയില്‍ എത്തും മുന്‍പുതന്നെ കുറയ്ക്കാന്‍ ചില വഴികളുണ്ട്.

മസാലകള്‍ അധികമായ ഭക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് പാല്‍ ഉല്‍പന്നങ്ങള്‍ പലരും പരീക്ഷിക്കാറുണ്ട്. കാപ്സൈസിന്‍ എന്ന രാസവസ്തുവില്‍ നിന്നാണ് മസാലയുടെ തീവ്രമായ എരിവ് അനുഭവപ്പെടുന്നത്. ചില്ലികളിലും കുരുമുളകിലും സാധാരണയായി കാണപ്പെടുന്ന, ക്യാപ്സൈസിന്‍ കൂടുതലായാല്‍ അത് എരിവ് കൂട്ടും. പാലിലും പാലുല്‍പ്പന്നങ്ങളിലും കസീന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അത് ക്യാപ്സൈസിനുമായി ചേര്‍ക്കുകയാണെങ്കില്‍ എരിവ് കുറയും. എത്രമാത്രം എരിവുണ്ട് എന്നതിനനുസരിച്ച് ക്രീം, തൈര്, വെണ്ണ എന്നിവ ചേര്‍ക്കാം.

കാപ്സൈസിന്‍ ഒരു ആല്‍ക്കലൈന്‍ തന്മാത്രയാണ്, അതിനാല്‍ സിട്രസ് ജ്യൂസ് അല്ലെങ്കില്‍ വിനാഗിരി പോലെയുള്ള അസിഡിറ്റിയുമായി ഇത് ജോടിയാക്കുന്നതും എരിവ് കുറയ്ക്കാന്‍ സഹായിക്കും. അടുത്ത തവണ നിങ്ങളുടെ വിഭവം വളരെ എരിവുള്ളതായി തോന്നുമ്പോള്‍, നാരങ്ങ അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ് അതുമല്ലെങ്കില്‍ അനുയോജ്യമായ ഏതെങ്കിലും വിനാഗിരി ചേര്‍ക്കാം.

അണ്ടിപ്പരിപ്പ്, നട്ട് ബട്ടര്‍ എന്നിവ പോലുള്ള ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ക്യാപ്സൈസിനിലെ എണ്ണകളെ ലയിപ്പിക്കാന്‍ സഹായിക്കും. ഒരു സ്‌കൂപ്പ് നട്ട് ബട്ടര്‍ ചേര്‍ക്കുന്നത് അമിതമായ മസാലകള്‍ നിര്‍വീര്യമാക്കാന്‍ മാത്രമല്ല, നിങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, പോഷകങ്ങള്‍ എന്നിവ വര്‍ധിപ്പിക്കാനും സഹായിക്കും.

ഒരു വിഭവത്തിലെ മസാലയുടെ സാന്ദ്രത കുറയ്ക്കുന്നതിനുള്ള മറ്റൊരു മികച്ച മാര്‍ഗം കാര്‍ബോഹൈഡ്രേറ്റുമായി ജോടിയാക്കുക എന്നതാണ്. കറിക്കൊപ്പം ചോറോ ബ്രഡ്ഡോ ആണെങ്കില്‍ എരിവിന്റെ അളവും കുറയും.

എരിവുള്ളതിനെ മയപ്പെടുത്താനുള്ള മറ്റൊരു ലളിതമായ മാര്‍ഗ്ഗം അത് നേര്‍പ്പിക്കുക എന്നതാണ്. അല്‍പം വെള്ളം ചേര്‍ത്താല്‍ എരിവ് കുറയും. എന്നാല്‍, ഭക്ഷണത്തിന്റെ രുചി വ്യത്യാസമില്ലാത്ത രീതിയില്‍ മാത്രമേ വെള്ളം ചേര്‍ക്കാന്‍ പാടുള്ളൂ.

Tags