മുടി പൊട്ടുകയും കൊഴിയുകയും ചെയ്യുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം, തിളങ്ങുന്ന സുന്ദരമായ മുടിക്ക് ഇതാ ചില പൊടിക്കൈകള്‍, മുട്ടയും ഉള്ളിയും വെളുത്തുള്ളിയും
സ്ത്രീകളേയും പുരുഷന്മാരേയുമെല്ലാം മാനസികമായി അലട്ടുന്ന കാര്യമാണ് മുടി പൊട്ടിപ്പോകുന്നതും കൊഴിഞ്ഞുപോകുന്നതുമെല്ലാം. പ്രതിദിനം ശരാശരി 50 മുതല്‍ 100 വരെ ഒരു വ്യക്തിയുടെ മുടി കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാല്‍, അമിതമായ മുടി പൊട്ടലും കൊഴിയലും അനുഭവപ്പെടുകയാണെങ്കില്‍ അത് പ്രശ്നകരമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത് ഉണ്ടാകാം. എന്തു കാരണംകൊണ്ടാണ് മുടി പൊട്ടുന്നതെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണ്.
പോഷകങ്ങളുടെ കുറവോ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയോ കാരണം മുടി പൊട്ടലും കൊഴിയലും ഉണ്ടാകാം. ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നിങ്ങളുടെ മുടിക്ക് അഴകും ആരോഗ്യവും നല്‍കും. ഇവ വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്നതാണ്.
മുടിയുടെ വളര്‍ച്ചാ ചക്രത്തിന്റെ സ്വാഭാവിക ഭാഗമാണ് കൊഴിച്ചില്‍. നമ്മുടെ തലയോട്ടിയില്‍ ലക്ഷക്കണക്കിന് രോമകൂപങ്ങളുണ്ട്, അവയില്‍ നിന്ന് വളരുന്ന മുടിയിഴകള്‍, എല്ലാം അവയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കൊഴിഞ്ഞുപോകും. ഇതല്ലാതെ മറ്റു ചില കാരണങ്ങള്‍ കൊണ്ടും മുടികൊഴിച്ചുലുണ്ടായേക്കാം.
മോശം ഭക്ഷണക്രമം, മോശം മുടി പരിപാലനം, ഹീറ്റ് സ്‌റ്റൈലിംഗ്, കെമിക്കല്‍ സ്‌റ്റൈലിംഗ്, ഇറുകിയ ഹെയര്‍സ്‌റ്റൈലുകള്‍, കഴുകിയ ശേഷം ശരിയായി പരിചരിക്കാതിരിക്കല്‍ എന്നിവയെല്ലാം മുടി കൊഴിച്ചിലിന് ഇടയാക്കും.
അറ്റം പൊട്ടുകയോ പിളരുകയോ ചെയ്യുന്നത് പഴയപടിയാക്കുക അസാധ്യമാണ്. എന്നിരുന്നാലും, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്, മുടിയുടെ സവിശേഷമായ ആവശ്യങ്ങള്‍ക്കനുസരിച്ച് അവയെ ശക്തിപ്പെടുത്തുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്ത് ഭാവിയില്‍ സംഭവിക്കുന്ന പൊട്ടല്‍ തടയുകയും, മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.
തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം ഉത്തേജിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചൂടുള്ള കാസ്റ്റര്‍ ഓയില്‍, വെളിച്ചെണ്ണ, അല്ലെങ്കില്‍ ജോജോബ ഓയില്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക, അതില്‍ ആന്റിഫംഗല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു, കൂടാതെ മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും വരണ്ട തലയോട്ടി ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു.
മുട്ടയില്‍ വിറ്റാമിന്‍ എ, ഇ, ബയോട്ടിന്‍, ഫോളേറ്റ്, മറ്റ് പ്രോട്ടീനുകള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കട്ടിയുള്ളതും ശക്തവുമായ മുടിയിഴകള്‍ക്ക് മികച്ചതാണ്. ഒരു മുട്ട മാസ്‌ക് ഉണ്ടാക്കാന്‍, 2 മുട്ട, 1 കപ്പ് പാല്‍, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമായിട്ടുള്ളത്. എല്ലാം കലര്‍ത്തി തലയോട്ടിയില്‍ വേരു മുതല്‍ അറ്റം വരെ മുടിയില്‍ പുരട്ടുക. മിശ്രിതം അരമണിക്കൂറോളം വയ്ക്കുക, ശേഷം നന്നായി കഴുകുക.
കറ്റാര്‍വാഴയില്‍ വിറ്റാമിന്‍ എ, സി, ഇ, ബി 12, ഫാറ്റി ആസിഡുകള്‍, അമിനോ ആസിഡുകള്‍ തുടങ്ങിയ 75 ലധികം ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കും. ഒരു പുതിയ കറ്റാര്‍ ഇലയില്‍ നിന്ന് ജെല്‍ ശേഖരിച്ച് തലയോട്ടിയില്‍ നേരിട്ട് പുരട്ടാം. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന വെളുത്തുള്ളിയും മുടിയെ സംരക്ഷിക്കും. ആന്റി ഫംഗല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഇവയിലുണ്ട്. ഇവ തലയോട്ടിയിലെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. വെളുത്തുള്ളിയില്‍ സള്‍ഫറും കൂടുതലാണ്. 8 അല്ലി വെളുത്തുള്ളി ചതച്ച് 2 ടേബിള്‍സ്പൂണ്‍ ജോജോബ, അര്‍ഗാന്‍, വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ പോലുള്ള നിങ്ങളുടെ പ്രിയപ്പെട്ട കാരിയര്‍ ഓയിലുമായി കലര്‍ത്തുക. തലയോട്ടിയില്‍ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക.
ഗ്രീന്‍ ടീ സ്വാഭാവിക മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഇവയിലെ ആന്റിഓക്സിഡന്റുകളായ കാറ്റെച്ചിനുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും അറ്റം പിളരുന്നത് തടയാനും സഹായിക്കും. വിറ്റാമിന്‍ ബിയും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. 2 ടേബിള്‍സ്പൂണ്‍ പൊടിച്ച ഗ്രീന്‍ ടീയില്‍ 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും 1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും കലര്‍ത്തുക. 10 മിനിറ്റിന് ശേഷം കഴുകിക്കളയുക.
ഉള്ളിയില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലും മുടി പൊട്ടലും തടയാന്‍ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ ശിരോചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ദുര്‍ബലമായ മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 1 ടേബിള്‍ സ്പൂണ്‍ ഉള്ളി നീര്, 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ അവോക്കാഡോ ഓയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക. 30 മിനിറ്റിനു ശേഷം കഴുകുക.