വീട്ടില്‍ പ്രസവിച്ചാല്‍ എന്താ കുഴപ്പം, അതെല്ലാം അവരവരുടെ സൗകര്യമെന്ന് സമുദായ നേതാവ്, ഈ മുസ്ലീം പണ്ഡിതര്‍ പെണ്ണുങ്ങളെ കൊല്ലാനുള്ള ക്വട്ടേഷന്‍ എടുത്തിരിക്കുകയാണോയെന്ന് ഡോ. ഷിംന അസീസ്


ആശുപത്രിയില്‍ വെച്ച് പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ആശുപത്രി പ്രസവങ്ങളില്‍ എത്രയോ അപകടം നടക്കുന്നില്ലേയെന്നും ചൂണ്ടിക്കാട്ടി. കോഴിക്കോട് പെരുമണ്ണയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
കോഴിക്കോട്: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം സംസ്ഥാനമാകെ ചര്‍ച്ചയാകവെ വീട്ടില്‍ പ്രസവിക്കുന്നതിനെ ന്യായീകരിച്ച് മുസ്ലീം പണ്ഡിതന്‍. വീട്ടില്‍ പ്രസവിച്ചാല്‍ എന്താണ് കുഴപ്പമെന്നാണ് സമസ്ത എ പി വിഭാഗം നേതാവ് സ്വാലിഹ് തുറാബ് തങ്ങള്‍ ചോദിക്കുന്നത്.
ആശുപത്രിയില്‍ വെച്ച് പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ആശുപത്രി പ്രസവങ്ങളില്‍ എത്രയോ അപകടം നടക്കുന്നില്ലേയെന്നും ചൂണ്ടിക്കാട്ടി. കോഴിക്കോട് പെരുമണ്ണയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
എവിടെ പ്രസവിക്കണമെന്നത് അവരവരുടെ സൗകര്യമാണ്. ആരെങ്കിലും ആരെയെങ്കിലും അക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. വീട്ടില്‍നിന്ന് പ്രസവിക്കുന്നവരേയും പ്രസവമെടുക്കുന്നവരേയും കുറ്റപ്പെടുത്തുകയാണ്. ആശുപത്രിയില്‍ എന്തൊക്കെ അക്രമങ്ങള്‍ നടക്കുന്നുണ്ട്. അത് കൊല്ലാനുള്ള ലൈസന്‍സ് എന്നാണ് ചിലര്‍ പറയുന്നത്. അവിടെ തെറ്റ് ചെയ്താല്‍ ഒരു ചോദ്യവുമില്ല, എന്തും ആവാം എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ചതിനെത്തുടര്‍ന്ന് വൈദ്യസഹായത്തിന്റെ അഭാവം മൂലം പെരുമ്പാവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മത പണ്ഡിതന്റെ പരാമര്‍ശത്തിന് പിന്നാലെ ഇതിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസ് രംഗത്തെത്തി. കേരളത്തിലെ ചില മുസ്ലിം മതപണ്ഡിതന്മാര്‍ പെണ്ണുങ്ങളെ കൊല്ലാനുള്ള കൊട്ടേഷന്‍ എടുത്ത് ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു എന്നാണ് ഷിംനയുടെ പ്രതികരണം.
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഇന്നലെ നടന്ന തൊപ്പിയും തലേക്കെട്ടും പ്രധാന ആകര്‍ഷണമായിട്ടുള്ള പത്രസമ്മേളനത്തില്‍ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ എന്ന പണ്ഡിതവേഷധാരി ചോദിക്കുന്നത് 'എന്തായിപ്പോ വീട്ടില്‍ പ്രസവിച്ചാല്‍?...അങ്ങനെ പാടില്ല എന്ന് നിയമമുണ്ടോ? ' എന്നാണ്. കുറച്ച് ദിവസം മുന്‍പ് വേറൊരാളുടെ വകയായി 'മനുഷ്യഗര്‍ഭം നാല് കൊല്ലം വരെ നീണ്ടു നില്‍ക്കാം' എന്ന വിചിത്ര വാദവും കേട്ടിരുന്നു. ഇതിന്റെയൊക്കെ മറുപടി എഴുതിയും പറഞ്ഞും തഴമ്പിച്ചതാണ്. പറയാനുള്ളത് വേറെ ചിലതാണ്.
ആവശ്യത്തിനും അതിലേറെയും ഖുര്‍ആനും ഹദീസും കിതാബുകളും വര്‍ഷങ്ങളോളം പഠിച്ച ഇവരോട് ഇവയില്‍ ഏതെങ്കിലും ഒന്നിലെ ഒരു ഭാഗത്തെക്കുറിച്ച് ഞാന്‍ വളരെ ആധികാരികമായി തള്ളിയാല്‍ 'ഇതൊക്കെ പറയാന്‍ ഇവള്‍ ഏതെടാ? ഇവള്‍ക്ക് ഇസ്ലാമിനെ കുറിച്ച് എന്ത് പുല്ല് അറിയാം' എന്ന് നിങ്ങള്‍ ചിന്തിക്കുകയും വളരെ നിശിതമായി എന്നെ വിമര്‍ശിക്കുകയും ചെയ്യില്ലേ? എനിക്കതിനുള്ള അര്‍ഹത ഇല്ലെന്ന് നിങ്ങള്‍ക്കറിയാം. എക്‌സാക്റ്റ്‌ലി ഇതാണ് ഇപ്പോള്‍ എന്റെയും മനസ്സിലുള്ളത്. മനുഷ്യശരീരത്തെക്കുറിച്ച് നിങ്ങള്‍ എന്തറിഞ്ഞിട്ടാണ്? യൂറിനറി ബ്ലാഡര്‍ ഏതാ ഗാള്‍ ബ്ലാഡര്‍ ഏതാന്ന് അറിയാത്തവരാണ് ഇവിടെ പ്രസവത്തെക്കുറിച്ച് ആധികാരികമായി തള്ളുന്നത് !
ഇനി ഇതിന്റെ ഉത്തരമായി ആ മറ്റേ ഐറ്റം എടുക്കണ്ട - ഇസ്ലാമിന്റെ ലോകാവസാനം വരെയുള്ള നിലനില്‍പും അതിന്റെ മഹനീയതയും. ആരെങ്കിലും നിങ്ങളുടെ 'മഹദ് വചനം' എതിര്‍ത്താല്‍ 'ഇസ്ലാമിനെ തൂക്കി കൊന്നേ' എന്ന് ഇരവാദം മുഴക്കി നിലവിളിച്ചോണ്ട് വരികയും വേണ്ട. നിങ്ങള്‍ പറയുന്ന വിശദീകരണവും വായില്‍ തോന്നിയത് കോതക്ക് പാട്ടുമല്ല മതം. ആണെന്ന് വിശ്വസിക്കുന്ന ചില പൊട്ടക്കിണറ്റിലെ തവളകളായ അണികള്‍ തലച്ചോറ് പണയത്തില്‍ ആയത് കൊണ്ട് അങ്ങനെ വിശ്വസിച്ചേക്കാം.. ആത്മീയനേതാക്കള്‍ തുപ്പിയാലും പായസമാണെന്ന് പറഞ്ഞ് കോരി കുടിക്കുന്നതൊക്കെ വല്ലാത്ത ശോചനീയാവസ്ഥ തന്നെയാണ്.
പിന്നെ, ഈ നാലും മൂന്നും ഏഴ് പണ്ഡിതവേഷധാരികള്‍ പുലമ്പുന്ന ആളെകൊല്ലി തത്വങ്ങള്‍ ആയിരുന്നു ഇസ്ലാമെങ്കില്‍ ഇന്ന് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ നിന്ന് പ്രസവിക്കാന്‍ നിര്‍ബന്ധിതരായി മയ്യത്തായേനെ...
ഉയരം കുറവായതിന്റെയും ഇടുപ്പ് വിസ്താരം കുറഞ്ഞതിന്റെയും പേരില്‍ പതിനൊന്ന് മണിക്കൂര്‍ ലേബര്‍ റൂമില്‍ പ്രസവവേദന തിന്ന്, ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ്, പ്രസവം പുരോഗമിക്കുന്നില്ലെന്ന് കണ്ട് അവസാനനിമിഷം സിസേറിയനിലൂടെ എന്റെ മോനെ പുറത്തെടുത്തത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നവളാണ് ഞാന്‍, എന്റെ മകനും. ആരും ഞങ്ങളെ വേദന തുടങ്ങിയ പാടെ കീറീട്ടില്ല, ഉപദ്രവിച്ചിട്ടില്ല. ഈ പറയുന്ന 'സിസേറിയനോടെ രോഗിയാകലും, നട്ടെല്ലിന് കുത്തി വെച്ചത് കൊണ്ടുള്ള വിട്ട് മാറാത്ത നടുവേദനയയും' ഒന്നും ഉണ്ടായിട്ടില്ല. ആ തീരുമാനം കൊണ്ട് എന്റെ കുട്ടികള്‍ക്ക് ഇന്ന് തള്ളയുണ്ട്, അത് ചെറിയൊരു കാര്യമല്ല.
പെണ്ണുങ്ങള്‍ എവിടെ പ്രസവിക്കുമെന്ന് ബീജദാതാവ് തന്റെ വിവരക്കേട് ആധാരമാക്കി തീരുമാനിക്കുമ്പോ മിണ്ടാതെ അനുസരിച്ച് ഇരുട്ടുമുറിയിലേക്ക് കേറിക്കിടന്നു രണ്ട് ജീവന്‍ പണയം വെച്ച് പ്രസവിക്കാന്‍ ശ്രമിക്കുന്ന ആ സ്ത്രീകളുടെ 'തീരുമാനം, സ്വാതന്ത്ര്യം' എന്നൊന്നും ഗീര്‍വാണമടിക്കരുത് ഉസ്താദേ... ഉച്ചക്ക് മുരിങ്ങയില താളിക്കണോ ഉണക്കമീന്‍ പൊരിക്കണോ എന്ന തീരുമാനം വരെ കുട്ടികളുടെ ബാപ്പയുടെ ഇഷ്ടം പോലെ തീരുമാനിക്കുന്ന അടുക്കളകള്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്... സ്വന്തം ഇഷ്ടം എന്നൊരു സംഗതി ഉണ്ടെന്നു പോലും മറന്നു പോയ പാവം പെണ്ണുങ്ങള്‍! എന്നിട്ടാണ്...
ആണുങ്ങള്‍ 'അനുവദിച്ചു തരുന്ന' തീരുമാനങ്ങളും പരിമിതസ്വാതന്ത്ര്യങ്ങളും ജനനം മുതല്‍ സഹിക്കുന്നവള്‍ പുരക്കകത്ത് പെറണം എന്ന് പറഞ്ഞാല്‍ കേള്‍ക്കേണ്ടി വരും. ആശുപത്രിയില്‍ പോയി പ്രസവിച്ചതിന്റെ പേരില്‍ ഒരു മുസ്ലിയാര്‍ മൊഴി ചൊല്ലിയ പെണ്ണിനെയും അറിയാം. നിങ്ങളെ പോലെ വായുവില്‍ നിന്നെടുത്ത് തള്ളുന്നതല്ല, നേരിട്ടറിയാവുന്ന കേസാണ്.
അപ്പൊ പറഞ്ഞ് വന്നത് ഇത്രേ ഉള്ളൂ.. മതപ്രഭാഷണത്തില്‍ പറയാന്‍ തന്നെ തീര്‍ത്താല്‍ തീരാത്തത്ര വിഷയങ്ങള്‍ ഉണ്ടല്ലോ... അതൊക്കെ പറഞ്ഞ് പൈസ ഉണ്ടാക്കുന്നുമുണ്ടല്ലോ... മനുഷ്യരുടെ ജീവനും ആരോഗ്യവും ജീവിതവും സംരക്ഷിക്കാന്‍ തക്ക വിദ്യാഭ്യാസയോഗ്യതയും കഴിവും ഉള്ളവര്‍ നമ്മുടെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉണ്ട്...അവരത് വൃത്തിക്ക് ചെയ്യുന്നുമുണ്ട്. നിങ്ങളായിട്ട് സുയിപ്പാക്കാഞ്ഞാല്‍ മതി.
വറ്റിച്ചു വെച്ച ചോറും ഇറച്ചിയും ദിവസവും തിന്നിട്ട് എല്ലിന്റെ ഉള്ളില്‍ കുത്തുമ്പോ നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവനായങ്ങോട്ട് സംരക്ഷിക്കാന്‍ ഇറങ്ങേണ്ട. ഈ പറഞ്ഞ ജാതി ജാഹിലിയ്യ കാലത്തെ ഹലാക്കിലെ സംരക്ഷണവും ഞങ്ങള്‍ക്ക് വേണ്ട. ഈ വിഷയത്തില്‍ നിങ്ങള്‍ ഒന്ന് മിണ്ടാതിരുന്നാല്‍ തന്നെ പടച്ചോന്റെ അതുല്യമായ പ്രതിഫലം ഉണ്ടാകും.
അമ്മാതിരി സാമൂഹ്യദ്രോഹമാണ് ഇപ്പോള്‍ നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്...