ഇതോ മതേതര ഇന്ത്യ?, ഹോളി ആഘോഷിക്കാനായി ഉത്തര്‍പ്രദേശിലെ പള്ളികള്‍ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മൂടി


അറുപത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹോളിയും റംസാനിലെ ജുമുഅ നമസ്‌കാരവും ഒരുമിച്ച് വരുന്നത്. ഹോളി ആഘോഷിക്കുമ്പോള്‍ തന്നെ പള്ളിയില്‍ പോകാന്‍ മുസ്ലീങ്ങള്‍ പുറത്തിറങ്ങിയാല്‍ സംഘര്‍ഷമുണ്ടായേക്കും.
ലക്‌നൗ: ഹോളി ആഘോഷിക്കുന്ന മാര്‍ച്ച് 14ന് മുസ്ലീങ്ങള്‍ പള്ളിയില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പരാമര്‍ശിച്ചതിന് പിന്നാലെ പള്ളികള്‍ ടാര്‍പോളില്‍ ഷീറ്റുകൊണ്ട് മൂടി അധികൃതര്‍. സംഭാലിലുള്ള ജുമാ മസ്ജിദുകളാണ് ബുധനാഴ്ച ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മൂടിയത്.
ഹോളി ഘോഷയാത്ര നടത്തുന്ന പാതയിലെ പള്ളികളാണിവ. ഘോഷയാത്ര കടന്നുപോകുമ്പോള്‍ മതവികാരം വ്രണപ്പെടാതിരിക്കാനാണ് മൂടുന്നതെന്നാണ് സംഭാല്‍ എഎസ്പി ശ്രീഷ് ചന്ദ്ര പറയുന്നത്. ഒരു വികാരത്തിനും വ്രണമുണ്ടാകാതിരിക്കാന്‍ ഹോളി ഘോഷയാത്ര നടത്തുന്ന പരമ്പരാഗത പാതയില്‍ വരുന്ന 10 മത സ്ഥാപനങ്ങളും മൂടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹോളിയോട് അനുബന്ധിച്ച് ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമില്ലാതിരിക്കാനാണ് നീക്കമെന്ന് പോലീസ് വിശദീകരിക്കുന്നു. ഹോളി ആഘോഷിക്കുന്ന വേളയില്‍ മുസ്ലീങ്ങള്‍ പള്ളിയില്‍ പോകാനിറങ്ങിയാല്‍ നിറങ്ങള്‍ തളിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തുറന്നുവെച്ച പള്ളികളിലേക്ക് നിറമൊഴിക്കുമെന്നും പോലീസ് സംശയിക്കുന്നു.

അറുപത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹോളിയും റംസാനിലെ ജുമുഅ നമസ്‌കാരവും ഒരുമിച്ച് വരുന്നത്. ഹോളി ആഘോഷിക്കുമ്പോള്‍ തന്നെ പള്ളിയില്‍ പോകാന്‍ മുസ്ലീങ്ങള്‍ പുറത്തിറങ്ങിയാല്‍ സംഘര്‍ഷമുണ്ടായേക്കും. ആയതിനാല്‍ മിക്ക സ്ഥലങ്ങളിലും പള്ളികളിലെ പ്രാര്‍ത്ഥനാ സമയവും മാറ്റിയിട്ടുണ്ട്.
ഉത്സവ ദിവസം കര്‍ശന ജാഗ്രത പാലിക്കാനും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും യുപി പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സാംഭാലില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടുന്ന പത്ത് പള്ളികളില്‍ ഷാഹി ജുമാ മസ്ജിദ്, ലഡാനിയ വാലി മസ്ജിദ്, താനെ വാലി മസ്ജിദ്, ഏക് റാത്ത് മസ്ജിദ്, ഗുരുദ്വാര റോഡ് മസ്ജിദ്, ഗോള്‍ മസ്ജിദ്, ഖജൂര്‍ വാലി മസ്ജിദ്, അനാര്‍ വാലി മസ്ജിദ്, ഗോള്‍ ദുകാന്‍ വാലി മസ്ജിദ് എന്നിവ ഉള്‍പ്പെടുന്നു.