യുവ കോണ്‍ഗ്രസ് നേതാവ് ഹിമാനി നര്‍വാളിന്റെ കൊലപാതകം, കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയത് സ്വന്തം പാര്‍ട്ടിക്കാരെന്ന് വെളിപ്പെടുത്തല്‍, മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍

himani narwal
himani narwal

പാര്‍ട്ടിക്കകത്തുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നും നേതാവായുള്ള വളര്‍ച്ചയാണ് ഇതിന് കാരണമായതെന്നും യുവതിയുടെ മാതാവ് സവിത വെളിപ്പെടുത്തി.

ന്യൂഡല്‍ഹി: യുവ കോണ്‍ഗ്രസ് നേതാവ് ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം. പാര്‍ട്ടിക്കകത്തുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നും നേതാവായുള്ള വളര്‍ച്ചയാണ് ഇതിന് കാരണമായതെന്നും യുവതിയുടെ മാതാവ് സവിത വെളിപ്പെടുത്തി.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ അവരുടെ രാഷ്ട്രീയ ഉയര്‍ച്ചയില്‍ അസൂയപ്പെട്ടുവെന്നും സവിത ആരോപിച്ചു. തെരഞ്ഞെടുപ്പും പാര്‍ട്ടിയുമാണ് മകളുടെ മരണത്തില്‍ ഉത്തരവാദികള്‍. പാര്‍ട്ടിയില്‍ ഹിമാനിയുടെ വളര്‍ച്ച ശത്രുക്കളെ സൃഷ്ടിച്ചു. ഫെബ്രുവരി 28 ന് മകള്‍ വീട്ടിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയും ഹൂഡ കുടുംബവും ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി ഹിമാനിയുടെ അടുത്ത ബന്ധം ചില വ്യക്തികള്‍ക്കിടയില്‍ അസൂയ ജനിപ്പിച്ചിട്ടുണ്ടെന്നും സവിത വിശ്വസിക്കുന്നു.

റോഹ്തക്കിലെ വിജയ് നഗറിലാണ് ഹിമാനി നര്‍വാള്‍ താമസിച്ചിരുന്നത്. ശനിയാഴ്ച ഒരു സ്യൂട്ട്‌കേസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത നേതാവാണ് ഹിമാനി. അര്‍പ്പണബോധവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകയാണെന്നാണ് ഹരിയാന കോണ്‍ഗ്രസ് നേതാക്കള്‍ അവരെ വിശേഷിപ്പിച്ചത്.

അതിനിടെ, ഹിമാനിയുടെ കൊലപാതകത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സംഘം ഡല്‍ഹിയില്‍ നിന്നാണ് സച്ചിന്‍ എന്ന പ്രതിയെ പിടികൂടിയത്. ബഹാദുര്‍ഗഡിലെ താമസക്കാരനാണ് സച്ചിന്‍, ക്രൂരമായ കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

Tags