അതിവേഗ റെയിൽ തളിപ്പറമ്പിലേക്ക് നീട്ടണം : 'കേരള ഓൺലൈൻ ന്യൂസ്' വാർത്ത ഏറ്റെടുത്ത് വടക്കൻ മലബാർ ; നിവേദന പ്രളയം, കൗൺസിലിൽ പ്രമേയം
വിഷയം ജനശ്രദ്ധയാകർഷിച്ചതോടെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും നിരവധി സാമൂഹിക സംഘടനകളും വ്യക്തികളും രാഷ്ട്രീയ നേതാക്കളും ഈ ആവശ്യവുമായി സജീവമായി രംഗത്തുവരികയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. വികസനത്തിൽ എപ്പോഴും പിന്നാക്കം പോകുന്ന വടക്കൻ മലബാറിനോടുള്ള അവഗണന ഒഴിവാക്കാൻ ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്ന് നിവേദനങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു.
കണ്ണൂർ: സംസ്ഥാനത്ത് പുതിയ സർക്കാരിന്റെ പരിഗണനയിലുള്ള അതിവേഗ തീവണ്ടി പാതയുടെ ഒന്നാം ഘട്ടം കണ്ണൂർ മുണ്ടയാട് വരെ നിർമ്മിക്കാനായിരുന്നു പ്രാരംഭ ശുപാർശ. എന്നാൽ, ഈ പാത വടക്കൻ മേഖലയായ തളിപ്പറമ്പ് വരെ നീട്ടണമെന്ന ആവശ്യവുമായി 'കേരള ഓൺലൈൻ ന്യൂസ്' ആദ്യമായി വാർത്ത നൽകിയതോടെ വടക്കൻ മലബാറിൽ വലിയൊരു ജനകീയ മുന്നേറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്റർ ആയി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിൽ, മുണ്ടയാട് നിന്നും ഏകദേശം 21 കിലോമീറ്റർ മാത്രം ദൂരമുള്ള തളിപ്പറമ്പിലേക്ക് പാത നീട്ടുന്നത് സാങ്കേതികമായി ഏറെ എളുപ്പമാണ്. ഈ യാഥാർത്ഥ്യം മുൻനിർത്തി തളിപ്പറമ്പിലെയും മലയോര മേഖലയിലെയും പൊതുസമൂഹം ഈ ആവശ്യം പൂർണ്ണമായും ഏറ്റെടുത്തു കഴിഞ്ഞു.
വിഷയം ജനശ്രദ്ധയാകർഷിച്ചതോടെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും നിരവധി സാമൂഹിക സംഘടനകളും വ്യക്തികളും രാഷ്ട്രീയ നേതാക്കളും ഈ ആവശ്യവുമായി സജീവമായി രംഗത്തുവരികയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. വികസനത്തിൽ എപ്പോഴും പിന്നാക്കം പോകുന്ന വടക്കൻ മലബാറിനോടുള്ള അവഗണന ഒഴിവാക്കാൻ ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്ന് നിവേദനങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു. ജനവികാരം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം അതിവേഗ പാതയ്ക്ക് തളിപ്പറമ്പിൽ സ്റ്റേഷൻ വേണമെന്ന പ്രമേയം പാസാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ തളിപ്പറമ്പ് നഗരസഭയും പ്രത്യേക കൗൺസിൽ യോഗം ചേർന്ന് ഇതേ ആവശ്യം ഉന്നയിച്ച് സർക്കാരിലേക്ക് പ്രമേയം അയക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പ്രശസ്തമായ തളിപ്പറമ്പ് ശ്രീ രാജരാജേശ്വരം ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രതിദിനം എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും പുതിയ പാത യാഥാർത്ഥ്യമാകുന്നതോടെ ദക്ഷിണ കേരളത്തിൽ നിന്നും മറ്റും എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇത് മേഖലയിലെ ടൂറിസം-സാമ്പത്തിക രംഗങ്ങൾക്ക് വൻ കുതിപ്പേകും. നിലവിൽ ട്രെയിൻ യാത്രയ്ക്കായി മണിക്കൂറുകളോളം റോഡ് മാർഗ്ഗം സഞ്ചരിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ആലക്കോട്, ചെറുപുഴ തുടങ്ങിയ മലയോര മേഖലയിലുള്ളവർക്ക് തളിപ്പറമ്പിൽ സ്റ്റേഷൻ വരുന്നത് വലിയ ആശ്വാസമാകും. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസമയം പകുതിയായി കുറയുന്നത് ഐ.ടി, ബിസിനസ്സ് മേഖലകളിലെ പ്രൊഫഷണലുകൾക്കും ഏറെ സഹായകരമാകും. ഒരു മാധ്യമം ഉയർത്തിക്കൊണ്ടുവന്ന വികസന സ്വപ്നം ജനങ്ങളും ജനപ്രതിനിധികളും ഒരേപോലെ ഏറ്റെടുത്ത സാഹചര്യത്തിൽ, പുതിയ സർക്കാരിന്റെ പ്രാരംഭ പദ്ധതി രൂപരേഖയിൽ തളിപ്പറമ്പ് ഇടംപിടിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് വടക്കൻ മലബാറിലെ ജനങ്ങൾ.
.jpg)

