എഡി ജി പി ശ്രീജിത്തിനെ സഹായിച്ച ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ പ്രഹരം, ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളി
എഡിജിപി എസ് ശ്രീജിത്തിനെതിരെയും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹക്കെതിരെയും ആഞ്ഞടിച്ച് ഹൈക്കോടതി രംഗത്ത്. എഡിജിപി ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് മുൻ ആഭ്യന്തര സെക്രട്ടറിയും നിലവിൽ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹക്കെതിരെ രൂക്ഷവിമർശനം ഹൈക്കോടതി നടത്തിയിരിക്കുന്നത്.പരാതിക്കാരനെയും എഡിജിപി ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് വിളിച്ച അന്നത്തെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നടപടിയെയാണ് കോടതി ഗൗരവമായി കണ്ട് വിമർശിച്ചിരിക്കുന്നത്.
"ഒരു പരാതിക്കാരൻ മറ്റൊരാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇരുവരെയും ഒരുമിച്ച് സംയുക്ത ഹിയറിംഗിന് (Joint Hearing) വിധേയരാക്കുന്നത് ന്യായമായ നടപടിക്രമമായി അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.കാരണം, പരാതിക്കാരന് അധികാരിയുടെ മുമ്പാകെ സമർപ്പിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ടായിരിക്കാം. അവ മറുവിഭാഗത്തിനെതിരെ കുറ്റാരോപണപരമോ അവരെ പ്രതിക്കൂട്ടിലാക്കുന്നതോ ആയിരിക്കാം. അത്തരം സാഹചര്യത്തിൽ, മറുവിഭാഗത്തിന് അവയെ ഉടൻ തന്നെ നിഷ്പ്രഭമാക്കാനോ സ്വാധീനിക്കാനോ കഴിയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രത്യേകിച്ച്, മറുവിഭാഗം മുതിർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണെങ്കിൽ, അത്തരം സാഹചര്യം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് കോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ കാര്യങ്ങൾ പരിഗണിച്ച് ആഭ്യന്തര സെക്രട്ടറി ശ്രീജിത്തിനെ കുറ്റവിമുക്തനാക്കി സമർപ്പിച്ച റിപ്പോർട്ട് നിലനിൽക്കാത്തത് ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ “തെറ്റായതും ഉപദ്രവപരവുമാണ് (false and vexatious)” എന്ന നിഗമനത്തിൽ എത്തി ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ തീയതി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വീഴ്ചയും റിപ്പോർട്ടിന്റെ വിശ്വാസ്യതയെ സംശയത്തിലാക്കുന്നതും, അതിന്റെ അപാകതയെ സൂചിപ്പിക്കുന്നതുമാണെന്നും കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചിട്ടുണ്ട്.
മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ, പ്രത്യേകിച്ച് ശ്രീ. എഡിജിപി എസ്. ശ്രീജിത്തിന്റെ സാനിധ്യമില്ലാതെ ഹർജിക്കാരന് സ്വതന്ത്രമായി തന്റെ വാദം അവതരിപ്പിക്കാനുള്ള ന്യായമായ അവസരം നൽകണമെന്നും പുതിയ ആഭ്യന്തര- വിജിലൻസ് വകുപ്പിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ദിപിൻ ഇടവന നൽകിയ മൊഴികളും തെളിവുകളും മുൻ നിർത്തി വിജിലൻസ് ഡയറക്ടർ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ ഫയലിലും ഉടൻ തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ പോലെ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നിഷ്പക്ഷവും നീതിയുക്തവുമായ നടപടിക്രമവുമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും എന്നാൽ, ഈ കേസിൽ സ്വീകരിച്ച നടപടികൾ ആ നിലവാരം പുലർത്തുന്നതല്ലെന്ന ഗൗരവമായ പരാമർശമാണ് കോടതി നടത്തിയിരിക്കുന്നത്.എഡിജിപി എസ് ശ്രീജിത്തിൻ്റെ വിദേശ യാത്ര സംബന്ധിച്ചും, ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ നടത്തിയ അഴിമതി സംബന്ധിച്ചും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് ദിപിൻ ഇടവന ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എസ് ശ്രീജിത്തിനെ ഡിജിപി ആയി സർക്കാർ സ്ഥാനകയറ്റം നൽകുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ശ്രീജിത്തിനും ചീഫ് സെക്രട്ടറിക്കും തിരിച്ചടിയായ വിധി ഹൈക്കോടതിയിൽ നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

.jpg)

