ഷമിയുടെ ഏഴുവിക്കറ്റ് പ്രകടനം, തരംഗമായി ഹസിന്‍ ജഹാന്റെ വീഡിയോ

google news
mohammed shami

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഗംഭീര പ്രകടനത്തോടെ മുഹമ്മദ് ഷമി ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ്. ആദ്യ നാലു കളികളില്‍ പുറത്തിരുത്തിരിക്കേണ്ടിവന്ന താരം പിന്നീടുള്ള 6 കളികളില്‍ നിന്നും 23 വിക്കറ്റുകളാണ് വീഴ്ത്തിയത്. സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 7 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.

ഷമിയുടെ വമ്പന്‍ പ്രകടനത്തിന് പിന്നാലെ ഭാര്യ ഹസിന്‍ ജഹാന്‍ പങ്കുവെച്ച വീഡിയോ വൈറലായിമാറി. ഇന്‍സ്റ്റഗ്രാമില്‍ ഗാനങ്ങളുമായി സജീവമായ മുന്‍ മോഡല്‍ കൂടിയായ ഹസിന്‍ തന്റെ സ്‌നേഹം അറിയിക്കുന്ന പാട്ടാണ് പങ്കുവെച്ചത്. ഷമിയും ഹസിനും തമ്മില്‍ ദീര്‍ഘകാലമായി അകല്‍ച്ചയിലാണ്. ഷമിക്കെതിരെ ഹസിന്‍ പരസ്യമായി പരസ്ത്രീബന്ധം ആരോപിച്ചതോടെ ഇരുവരും കടുത്ത ശത്രുതയിലുമാണ്. ഗാര്‍ഹിക പീഡനത്തില്‍ ഷമിക്കെതിരെ ഹസിന്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ഹസിന്‍ ഷമിക്കുവേണ്ടി സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. നിന്റെ നാമത്തിലൂടെ ലോകം എന്നെ അറിയും; നിങ്ങളുടെ മുഖം കണ്ടാല്‍ ആളുകള്‍ എന്നെ തിരിച്ചറിയും എന്ന ഗാനത്തിന്റെ വരികളാണ് ചുണ്ടനക്കങ്ങളോടെ ഹസിന്‍ പങ്കുവെച്ചത്.

മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും കുറച്ചുകാലമായി വേര്‍പിരിഞ്ഞെങ്കിലും അവരുടെ വിവാഹമോചനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നീണ്ടുനിന്ന തര്‍ക്കം നിയമപോരാട്ടങ്ങളിലേക്കും മാധ്യമ ചര്‍ച്ചകളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടു. വീഡിയോ പുറത്തുവന്നതോടെ ഹസിന്‍ ഷമിയുമായി വീണ്ടും അടുക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യാഖ്യാനിക്കുന്ന ആരാധകരുണ്ട്. ചിലര്‍ ഹസിനെതിരെ രംഗത്തെത്തിയപ്പോള്‍ ചിലര്‍ ഇരുവരും അടുക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു.

Tags