ഉത്തരേന്ത്യൻ ശൈലിയിലെ ഹരിവരാസനം കേട്ടിട്ടുണ്ടോ?

Have you heard of the North Indian style of Harivarasana?

ആയിരക്കണക്കിനു ഭക്തർക്ക് ആത്മീയ അനുഭൂതി പകരുന്ന അയ്യപ്പ സ്വാമിയുടെ ഉറക്കു പാട്ടാണ് ഹരിവരാസനം. അത് ഗാന​ഗന്ധർവ്വൻ യേശുദാസിന്റെ മധുരസ്വരത്തിൽ കൂടിയാകുമ്പോൾ അതിൽ അലിയാത്ത ഭക്തരില്ലെന്നു തന്നെ പറയാം. രാജസ്ഥാൻ മരുഭൂമിയിലെ നാടോടി ഗായകൻ ഉത്തരേന്ത്യൻ ആലാപനശൈലിൽ പാടിയ ഹരിവരാസനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ജോധ്പൂർ മെഹ്റാൻഗഢ് കോട്ടയുടെ അകത്തളത്തിൽ ഹരിവരാസനം ആലപിച്ച ഗായകനെത്തിരയുകയാണ് സംഗീതാസ്വാദകർ.

tRootC1469263">

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സന്ദർശനത്തിരക്കുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഉപജീവത്തിനായി പാട്ടുപാടി ജീവിയ്ക്കുന്ന നിരവധി പ്രതിഭാധനരായ നാടോടിഗായകരെ നാം കാണാറുണ്ട്. സംഗീതം ശാസ്ത്രീയമായി പഠിച്ചവരല്ലെങ്കിലും മനോഹരമായാണ് അവർ പാടാറുള്ളത്. അത്തരമൊരു കാഴ്ചയായിരുന്നു ചേർത്തല കളവങ്കോടത്തു നിന്നും രാജസ്ഥാനിലെ കോട്ട കാണാനെത്തിയ കുടുംബത്തിന് കാണാനായത്.

യേശുദാസിന്റെ സ്വരത്തിൽ ഹരിവരാസനം കേട്ടാസ്വദിച്ച ഇവർക്ക് വേറിട്ടൊരനുഭവമായിരുന്നു ഉത്തരേന്ത്യൻ ശൈലിയിലെ നാടോടി ഗായകന്റെ ഹരിവരാസനം. ഡിസംബർ 30 മുതൽ ജനുവരി 05 വരെ വടക്കേയിന്ത്യയിലേയ്ക്കു നടത്തിയ ഉല്ലാസയാത്രയ്ക്കിടെയാണ് കളവങ്കോടം ആഞ്ഞിലിക്കാട്ട് സ്വദേശി വി.ടി. ശ്യാമും ഭാര്യ അനുജയും മകൻ ആൽഫിനും  രാജസ്ഥാനിലുമെത്തിയത്.

പഴമയുടെ പ്രൗഢി വിളിച്ചോതി നിൽക്കുന്ന അംബരചുംബികളായ കൊട്ടാരക്കെട്ടുകളിലൂടെ രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിച്ചു നടക്കവെ വളരെ ആകസ്മികമായി പകർത്തിയതായിരുന്നു രാജസ്ഥാനിയുടെ ഹരിവരാസനം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ വൈറലാകുമെന്ന പ്രതീക്ഷ ശ്യാമിനും കുടുംബത്തിനുമുണ്ടായിരുന്നില്ല. യാദൃശ്ചികമായി അവർ ഒരു കൗതുകം തോന്നി വീഡിയോ പകർത്തിയെങ്കിലും ആ ഗായകനെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തിലാണവർ.

ജോധ്പൂരിലെ മെഹ്റാൻഗഢ് കോട്ടയുടെ അകത്തളത്തിൽ, ഉത്തരേന്ത്യൻ കുർത്തയും പൈജാമയും  തലയിലൊരു ടർബനും അണിഞ്ഞ്  മലയാളനാടിന്റെ സ്വന്തം അയ്യപ്പസ്വാമിയുടെ ഹരിവരാസനം ഉറക്കുപാട്ട് പാടുകയായിരുന്ന ഒരു ചെറുപ്പക്കാരനായ ഉത്തരേന്ത്യൻ നാടോടി ഗായകൻ. കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികളോടുകൂടിയ കോട്ടയ്ക്കുള്ളിലെ പ്രധാന കൊട്ടാരക്കെട്ടുകൾ കണ്ട് പുറത്തേക്കിറങ്ങുമ്പോഴാണ് ഇടനാഴിയിലിരുന്നു പാട്ടുപാടി ഉപജീവനം തേടുന്ന ആ ഗായകനെ കാണുന്നത്. സന്ദർശകർ മലയാളികൾ ആണെന്നു തിരിച്ചറിഞ്ഞയുടൻ അദ്ദേഹം പാടിത്തുടങ്ങി.  ഉത്തരേന്ത്യൻ നാടോടി ഗോത്ര സംഗീതത്തിന്റെ ഈണമാണ് അദ്ദേഹം പാടിയ ഹരിവരാസനത്തിൽ മുഴങ്ങികേട്ടത്.  കൊട്ടാരക്കെട്ടിനകത്തെ മുഴക്കത്തിൽ  ഭക്തിയുടെ വേറിട്ടൊരനുഭവമായാണ് അനുഭവപ്പെട്ടതെന്ന് ശ്യാമിന്റെ ഭാര്യ അനുജ പറഞ്ഞു. 

ഹരിവരാസനഗീതം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാണ് ഈ ഗായകനെന്ന ചോദ്യമുയരുകയാണ്. എന്നാൽ ഇതിന് വ്യക്തമായ ഒരുത്തരം നൽകാൻ  ശ്യാമിനും കുടുംബത്തിനും കഴിയുന്നില്ല. കൂടുതൽ അടുത്ത് പരിചയപ്പെടാൻ കഴിയാതെപോയതിൽ ഏറെ ദുഃഖിതനാണെന്ന് ശ്യാം പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്ഷേത്രാചാരച്ചടങ്ങുകളിൽ ഉപയോഗിച്ചുവരുന്ന വലുതും ചെറുതുമായ 'നഗാര' എന്ന പെരുമ്പറ കൊട്ടിക്കൊണ്ടായിരുന്നു ആ 'അജ്ഞാതഗായകന്റെ' ഹരിവരാസനാലാപനം. ശബരിമല ശ്രീധർമ്മശാസ്താവിന്റെ ഉറക്കുപാട്ടായി ലോകമെങ്ങും അറിയപ്പെടുന്ന യഥാർത്ഥ ഹരിഹരാത്മജ അഷ്ടകത്തിന്റെ രചനനിർവ്വഹിച്ചത്  1950-കളിൽ രാമനാഥപുരം കമ്പക്കുടി കുളത്തൂർ ശ്രീനിവാസ അയ്യരാണെന്നും അതല്ല, 1923-ൽ മലയാളിയായ കോന്നകത്ത്  ജാനകിയമ്മയാണ് ഇതെഴുതിയതെന്നും രണ്ടു വാദഗതികൾ നിലവിലുണ്ട്. ദേവസ്വം ബോർഡിന്റെ കൈവശം വ്യക്തമായ രേഖകളൊന്നും ലഭ്യമല്ല. അതിനാൽ ഔദ്യോഗികമായി രചയ്താവ് അജ്ഞാതനായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത്. 

ആൽഫാ ഫ്ലൂട്ട്സ് എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയുമാണ് ശ്യാം വീഡിയോ പങ്കുവച്ചത്.   ഉത്തരേന്ത്യയിൽ നിന്നും ഓടക്കുഴൽ നിർമ്മാണം പഠിച്ച് ആസ്സാമിൽ നിന്നെത്തിക്കുന്ന പ്രത്യേകതരം മുളന്തണ്ടുകളെ പാകപ്പെടുത്തി ഓടക്കുഴലായി മാറ്റിക്കൊണ്ടാണ് ഓടക്കുഴൽ കലാകാരനും തബലിസ്റ്റുമായ ശ്യാമിന്റെ സംഗീതജീവനം. 

കർണാടക സംഗീതത്തിന് ഉപയോഗിക്കുന്ന ഓടക്കുഴലുകളുടെയും  അറേബ്യൻ സംഗീതത്തിനും ഹിന്ദുസ്ഥാനിയ്ക്കുമുള്ള ബാൻസുരികളുടെയും  നിർമ്മാണത്തിലുള്ള ഇദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം കേട്ടറിഞ്ഞ് വരുന്ന ചേർത്തലയിലേക്കെത്തുന്ന കലാകാരന്മാർ നിരവധിയാണ്.  ലോകത്തിലെ ഒട്ടുമിക്ക വിദേശരാജ്യങ്ങളിലേയ്ക്കും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട് ശ്യാമിന്റെ ഓടക്കുഴൽ.

Tags